ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് കൂടിയായ ആനി രാജയുമായിരിക്കും മത്സരിക്കുക.
സംസ്ഥാന കൗണ്‍സിലിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ നാലു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളില്‍ സിപിഎമ്മും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.
തൃശ്ശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലായായി വരുന്ന മാവേലിക്കര മണ്ഡലത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരുള്‍പ്പടെ പരിഗണിച്ചെങ്കിലും പുതുമുഖമായ എ.ഐ.വൈ.എഫ് നേതാവ് അരുണ്‍ കുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സിപിഐ മൂന്നാം സ്ഥാനത്തായിപ്പോയ തിരുവനന്തപുരം അഭിമാനപോരാട്ടമായി പാർട്ടി കാണുന്നതിന്റെ സൂചനയായി പന്ന്യന്റെ സ്ഥാനാർഥിത്വം. പി.കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് പന്ന്യൻ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി ലോക്സഭയിലെത്തിയത്. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ 2005-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂർ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എല്‍.എയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശനോട് പരാജയപ്പെട്ടു.
സുരേഷ് ഗോപിയുടെ വരവോടെ ബിജെപി വോട്ട് ഗണ്യമായി കൂടിയ തൃശൂരില്‍ പാർട്ടിയിലെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാളും മുൻ മന്ത്രിയുമായ സുനില്‍കുമാറിനെ സിപിഐ രംഗത്തിറക്കുന്നതോടെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമായി തൃശൂർ മാറുകയാണ്. ലോക്സഭയിലേക്ക് സുനില്‍കുമാറിന്റെ കന്നിയങ്കമാണിത്. ജില്ലയിലെ ചേർപ്പില്‍ നിന്ന് ഒരു തവണയും കൈപ്പമംഗലത്ത് നിന്ന് രണ്ട് തവണയും തൃശൂരില്‍ നിന്ന് ഒരു തവണയും എംഎല്‍എയായിട്ടുള്ള സുനില്‍കുമാറിന്റെ അഞ്ചാമങ്കമാണിത്. തേറമ്ബില്‍ രാമകൃഷ്ണനിലൂടെ ഉറച്ച കോണ്‍ഗ്രസ് സീറ്റായി മാറിയ തൃശൂർ തിരിച്ചുപിടിച്ചാണ് സുനില്‍കുമാർ കഴിഞ്ഞ തവണ ജയിച്ചതും മന്ത്രിയായതും.
രാഹുല്‍ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച വയനാട്ടില്‍ ഇത്തവണ മുതിർന്ന നേതാവ് ആനി രാജയെ നിർത്തി മത്സരം കടുപ്പിക്കുകയാണ് സിപിഐ. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട രണ്ട് പാർട്ടികളിലെ അതും ദേശീയ നേതാക്കള്‍ തന്നെ നേരിട്ട് ഏറ്റുമുട്ടുന്ന സാധ്യതയാണ് വയനാട്ടില്‍ ഒരുങ്ങുന്നത്. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും വയനാട്ടില്‍ രാഹുല്‍ തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. സിപിഐയുടെ വനിതാ സംഘടനയായ നാഷണല്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ ജനറല്‍ സെക്രട്ടറിയായ ആനി രാജയുടെ കന്നിയങ്കമാണിത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് ഭർത്താവ്.
എ.ഐ.വൈ.എഫ് നേതാവായ അഡ്വ.സി.എ അരുണ്‍കുമാറിലൂടെ കൈവിട്ടുപോയ മാവേലിക്കര സീറ്റ് തിരിച്ചുപിടിക്കാൻ സിപിഐ ലക്ഷ്യമിടുന്നത്. ചെങ്ങറ സുരേന്ദ്രൻ രണ്ട് തവണ ജയിച്ച സീറ്റ് കഴിഞ്ഞ മൂന്നു തവണയായി വീണ്ടും കൊടിക്കുന്നില്‍ സുരേഷാണ് ജയിക്കുന്നത്. പുതുമുഖമായ അരുണ്‍കുമാർ മന്ത്രി പി.പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകെയാണ് പാർട്ടി ഈ ദൗത്യം ഏല്‍പിക്കുന്നത്. കായംകുളം സ്വദേശിയാണ് അരുണ്‍കുമാർ