കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കി. എന്നാല്‍ 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.
ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് കിട്ടിയ പന്തുമായി നോവ സദോയി ഇടതുവിങ്ങിലൂടെ മുന്നേറിയാണ് അവസരം സൃഷ്ടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരങ്ങളെ കടന്ന് നല്‍കിയ ക്രോസ് മുഹമ്മദ് യാസിർ അനാസായം വലയിലേക്ക് കയറ്റി. ഇതോടെ വുകുമാനോവിച്ചും സംഘവും പ്രതിരോധത്തിലായി. തിരിച്ചടിക്കാൻ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിനെത്തിക്കാൻ സാധിച്ചില്ല. ആദ്യ പകുതി രണ്ട് ഗോളിന് ഗോവ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ഉഗ്രൻ ഫ്രീകിക്കിലൂടെ ജപ്പാൻ താരം ഡെയ്സുക് സകായിയാണ് ലക്ഷ്യം കണ്ടത്. സകായിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു. ഒരു ഗോളടിച്ചതിന് ശേഷം സമനില പിടിക്കാൻ മുന്നേറ്റം ശക്തമാക്കി.
എന്നാല്‍ ഗോവൻ പ്രതിരോധം ഉറച്ചുനിന്നത് വെല്ലുവിളിയായി.
മുന്നേറ്റങ്ങള്‍ക്ക് മൂർച്ചകൂട്ടിയ ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അവസാനം സമനില ഗോള്‍ നേടി. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റക്കോസ് വലയിലെത്തിച്ചതോടെ സ്കോർ 2-2 ആയി. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അവസാനിച്ചില്ല. അവസാനമിനിറ്റുകളില്‍ എന്തുവിലകൊടുത്തും ജയം നേടാൻ ഗോവൻ ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കയറിയിറങ്ങി. ഒടുക്കം 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസ് ഗോവൻ ഗോളി അർഷ്ദീപ് സിങ്ങിന് കൈയ്യിലൊതുക്കാനായില്ല. കൈയ്യില്‍ നിന്ന് വഴുതിയ പന്ത് ഡയമെന്റക്കോസ് വലയിലേക്ക് അടിച്ചുകയറ്റി. സ്കോർ 3-2.
ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ഉള്‍വലിയാതെ മുന്നേറിക്കൊണ്ടിരുന്നു. ഗോവയ്ക്ക് പന്ത് കിട്ടുമ്ബോള്‍ ഹൈ പ്രസ്സിങ് ഫുട്ബോള്‍ പുറത്തെടുത്തു. കളി വരുതിയിലാക്കിയ ടീം 88-ാം മിനിറ്റില്‍ നാലാം ഗോളും നേടി. ഇത്തവണ തകർപ്പൻ ഷോട്ടിലൂടെ ഫെഡറിക് ചെർനിച്ചാണ് ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. അതോടെ ഗോവൻ പതനം പൂർണമായി.
കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആവേശം അലതല്ലി. ജയത്തോടെ പട്ടികയില്‍ നാലാമതെത്താൻ ബ്ലാസ്റ്റേഴ്സിനായി. 16-മത്സരങ്ങളില്‍ നിന്ന് 29-പോയന്റാണ് ടീമിനുള്ളത്.