പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനില്‍ പെണ്‍കുട്ടി ഹാജരാവുകയായിരുന്നു.
രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. തൃശൂർ സ്വദേശി അഖിലാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവായ തൃശൂർ അന്തിക്കാട് സ്വദേശിയും പിന്നാലെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
തിരുവല്ലയിലെ സ്‌കൂള്‍ വിദ്യാർത്ഥിനിയായ 15കാരിയെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടില്‍ എത്താതിരുന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കുട്ടി രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
രണ്ട് പ്രതികളും ചേർന്ന് പെണ്‍കുട്ടിയെ ബസ് സ്റ്റാൻഡില്‍ നിന്ന് കൊണ്ടുപോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. ബസ് സ്റ്റാൻഡില്‍ വച്ച് പെണ്‍കുട്ടി യൂണിഫോം മാറ്റി പുതിയ വസ്‌ത്രം ധരിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. പിന്നാലെ യുവാക്കളുടെയും പെണ്‍കുട്ടിയുടെയും ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നായിരുന്നു നിർദേശം. ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനി സ്റ്റേഷനിലെത്തി ഹാജരായത്.