മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറുമ്ബോള്‍ പറഞ്ഞ മാറ്റം അന്വര്‍ത്ഥമാക്കണമെങ്കില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് വനിതകളെ ജയിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമ്മ സംഘടന നശിച്ച് പോകരുത് എന്നതിനാലാണ് ഇത് പറയുന്നത് എന്നും എല്ലാവരും തന്റെ നിലപാടിനെ പിന്തുണയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വന്നാല്‍ സാമ്ബത്തിക കാര്യങ്ങളില്‍ അച്ചടക്കമുണ്ടാകും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷിന്റെ പ്രതികരണം ചുവടെ വായിക്കാം.
കഴിഞ്ഞ അഞ്ചാറ് വര്‍ഷമായിട്ട് അമ്മ സംഘടനയില്‍ നിന്ന് മാറി നില്‍ക്കുന്ന ആളാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. വോട്ട് ചെയ്യാന്‍ പോകും എന്നേ ഉള്ളൂ. ജനറല്‍ ബോഡിക്ക് പോകാറുണ്ട്. ഇപ്പോള്‍ നടക്കുന്ന മത്സരം നല്ലതാണ്. ജനാധിപത്യ മത്സരമാണ്. അമ്മയില്‍ ജനാധിപത്യം ഇല്ല എന്ന ആരോപണമുണ്ടായിരുന്നു. അതിപ്പോള്‍ മാറി. എല്ലാവര്‍ക്കും നോമിനേഷന്‍ കൊടുക്കാം.
പ്രമാണിമാര്‍ മാത്രമെ മത്സരിക്കൂ എന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. പ്രധാന നടീനടന്‍മാര്‍ ആരും തന്നെ ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം മത്സരിക്കുന്നു. ആര്‍ക്കും തടസമില്ല. ഇതൊരു കോക്കസിന്റെ കൈയിലാണ്, ഒരു പാനല്‍ കൊണ്ടുവരും അവര്‍ ജയിക്കും എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നുമില്ല. അമ്മയിലെ അംഗമെന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പായതിനാല്‍ തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്യണം എന്ന അഭിപ്രായം എനിക്കുണ്ട്.
അമ്മ ഇത്രയും വര്‍ഷം ഉണ്ടാക്കിയതും കൊടുക്കുന്നതുമായ കൈനീട്ടം നിലച്ച് പോകാന്‍ സാധ്യതയുണ്ട്. ധൂര്‍ത്തടിക്കുന്ന കൈകളിലേക്ക് ഇത് ചെന്ന് പെടരുത്. ഏഴര കോടിയോളം രൂപ എന്റെ അറിവ് ശരിയാണെങ്കില്‍ അമ്മയുടെ അക്കൗണ്ടില്‍ കിടക്കുന്നുണ്ട്. എല്ലാ മാസവും 5000 രൂപ വെച്ച് 130 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. ഒരുപാട് നന്മകള്‍ ചെയ്യുന്നുണ്ട്.ഇന്‍ഷുറന്‍സ് അടയ്ക്കുന്നുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ അംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു സ്ഥാപനമാണ്. ആ സ്ഥാപനം നശിച്ച് പോകരുത് എന്ന് ആഗ്രഹമുണ്ട്. അമ്മയുടെ സ്ഥാപക നേതാവാണ് ഞാന്‍.


