രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വിലയേറി വരികയാണ്. ഇന്ത്യയില്‍ പെട്രോള്‍ വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ പെട്രോള്‍ 1 ലിറ്ററിന് 107.48 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈ വിലയ്ക്ക് ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകാം.
എന്നാല്‍ നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടില്‍ ലിറ്ററിന് 100.90 രൂപയാണ് വില. അതായത് ഏതാണ്ട് 7 രൂപ കേരളത്തെക്കാൾ കുറവ്. പെട്രോളും, ഡീസലും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതു കൊണ്ട് തന്നെ കേന്ദ്രസർക്കാരും, വിവിധ സംസ്ഥാന സർക്കാരുകളും പല തരം നികുതികളാണ് ചുമത്തുന്നത്.
കേന്ദ്രസർക്കാർ ചുമത്തുന്ന ഇന്ധന നികുതി എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്. അതുകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളിൽ ചുമത്തുന്ന വ്യത്യസ്തമായ നികുതി നിരക്കുകളാണ് പെട്രോൾ ഡീസൽ വിലയിൽ സംസ്ഥാന അടിസ്ഥാനത്തിൽ വലിയ അന്തരം ഉണ്ടാകുവാൻ കാരണം. പെട്രോളിനും, ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ചുമത്തുമ്ബോള്‍, സംസ്ഥാനങ്ങളില്‍ മൂല്യവർധിത നികുതി അഥവാ വാല്യൂ ആഡഡ് ടാക്സ് ചുമത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില, ഡീലർ കമ്മീഷൻ അടക്കമുള്ള ചാർജുകള്‍ കൂടി ചേർത്താണ് ഈ വില അന്തിമമാക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില 40 രൂപയാണ്. പെട്രോളിന്റെ ഡീലർ പ്രൈസ് 55.66 രൂപയാണ്. ഇതിന് പുറമേ ഒരു ലിറ്റർ പെട്രോളിന് 13 രൂപയും ഒരു ലിറ്റർ ഡീസലിന് 10 രൂപയും ആണ് കേന്ദ്രസർക്കാർ നികുതിയായി ചുമത്തുന്നത്.
കേരളത്തിലെ നികുതി:
- പെട്രോൾ: 30.08% സെയിൽസ് ടാക്സ് + ലിറ്ററിന് 1 രൂപ അഡീഷണൽ സെയിൽസ് ടാക്സ് + 1% സെസ് + ലിറ്ററിന് രണ്ടു രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ സെസ്
- ഡീസൽ: 22.76% സെയിൽസ് ടാക്സ് + ലിറ്ററിന് 1 രൂപ അഡീഷണൽ സെയിൽസ് ടാക്സ് + 1% സെസ് + ലിറ്ററിന് രണ്ടു രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ സെസ്
കേരളത്തിൽ 2023 വർഷത്തെ സംസ്ഥാന ബജറ്റിലാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി ഇന്ധന സെസ് പ്രഖ്യാപിച്ചത്. 2023-24 സാമ്പത്തികവ വർഷത്തിൽ ഇതു വഴി 954.32 കോടി രൂപയും, 2024-25 സാമ്പത്തിക വർഷത്തിൽ ജനുവരി 31 വരെ 797.19 കോടി രൂപയും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.


