സ്വർണ്ണവും വെള്ളിയും പണയം വച്ച് കാർഷിക, ചെറുകിട വ്യവസായ ( എം എസ് എം ഇ) വായ്പകള്‍ക്ക് പണയം അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണവും വെള്ളിയും സ്വയംസാക്ഷ്യപ്പെടുത്തി ഈ വിഭാഗങ്ങളില്‍ വായ്പ എടുക്കാമെന്നാണ് പുതിയ മാർഗ്ഗ നിർദേശത്തിലൂടെ ആർ ബി ഐ വ്യക്തമാക്കുന്നത്.
“ഇനി വായ്പക്കാർ സ്വമേധയാ സ്വർണ്ണം അല്ലെങ്കില്‍ വെള്ളി പണയംവച്ച് ബാങ്കില്‍ നിന്നും വാങ്ങുന്ന വായ്പകള്‍, അതിന്‍റെ പരിധി നിലവിലെ നിയമങ്ങള്‍ക്കുള്ളില്‍ ആണെങ്കില്‍, അത് “ഈട് ചോദിക്കാൻ പാടില്ല” എന്ന മാർഗനിർദേശത്തെ ലംഘിക്കുന്നു എന്നായി കണക്കാക്കില്ല.” ആർ ബി ഐ വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറില്‍ വ്യക്തമാക്കി. കൃഷി, എം എസ് എം ഇ ആവശ്യങ്ങള്‍ക്കായി ഈടില്ലാതെ 2 ലക്ഷം രൂപവരെ വായ്പ നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു.1.6 ലക്ഷം രൂപ എന്ന പരിധി രണ്ട് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.
എന്നാല്‍ ആർ ബി ഐ നിർദേശത്തിന് ശേഷവും ചില ബാങ്കുകള്‍ ഇതേപരിധിയിലുള്ള വായ്പകള്‍ക്ക് സ്വർണവും വെള്ളിയും ഈടായി സ്വീകരിച്ചു. ലോണ്‍ എടുക്കാന്‍ വരുന്നവർ സ്വയംസാക്ഷ്യപ്പെടുത്തി നല്‍കിയ സ്വർണവും വെള്ളിയുമാണ് ഇത്തരത്തില്‍ സ്വീകരിച്ചത്. ഇത് ചട്ട വിരുദ്ധമാണോ അല്ലയോ എന്ന ആശയക്കുഴപ്പം തുടക്കം മുതല്‍ തന്നെ ശക്തമായി. ചില ബാങ്കുകള്‍ ചട്ടവിരുദ്ധമാകുമെന്ന് സൂചിപ്പിച്ച് ഈടു സ്വീകരിക്കാനും മടിച്ചു.
രാജ്യവ്യാപകമായി ഈ ആശയക്കുഴപ്പം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ആർ ബി ഐ പുതിയ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ സ്വയംസാക്ഷ്യപ്പെടുത്തിയ ഈടു സ്വീകരിക്കുന്നത് ചട്ടവിരുദ്ധമല്ല. പക്ഷെ മുൻഗണനാ ശ്രേണിയിലെ ഈടുരഹിത-വായ്പാച്ചട്ടം പാലിക്കാൻ ബാങ്കുകള്‍ ശ്രദ്ധ പുലർത്തണമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.


