HomeIndiaരാജ്യത്തെ എഫ്എംസിജി വമ്പൻ നയിക്കാൻ പാലക്കാടൻ പെൺകരുത്ത്; ഹിന്ദുസ്ഥാൻ യൂണിയവർ സി ഇ ഓ...

രാജ്യത്തെ എഫ്എംസിജി വമ്പൻ നയിക്കാൻ പാലക്കാടൻ പെൺകരുത്ത്; ഹിന്ദുസ്ഥാൻ യൂണിയവർ സി ഇ ഓ ആയി നിയമിതയായ പ്രിയ നായരെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്‌എംസിജി കമ്ബനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിനെ (എച്ച്‌യുഎല്‍) ഇനി മലയാളി നയിക്കും. കമ്ബനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെ നിയമിച്ചതായി എച്ച്‌യുഎല്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് 52 കാരിയായ പ്രിയ നായര്‍.

ഓഗസ്റ്റ് 1 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. എച്ച്‌യുഎലിന്റെ സിഇഒയും എംഡിയുമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച രോഹിത് ജാവയുടെ പിന്‍ഗാമിയായാണ് പ്രിയ നായര്‍ എത്തുന്നത്. ബിസിനസ് വൃത്തങ്ങളില്‍ ഏറെക്കുറെ അപ്രതീക്ഷിത നിയമനമാണിത്. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ യാത്രയുടെ അടുത്ത അധ്യായം പിന്തുടരുന്നതിനായി രോഹിത് ജാവ ജൂലൈ 31 ന് സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിയുമെന്ന് കമ്ബനി പ്രസ്താവനയില്‍ പറയുന്നു.

പാലക്കാട് സ്വദേശിനിയായ പ്രിയ നായര്‍ പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബിഎ നേടിയ ശേഷം 1995 ലാണ് എച്ച്‌യുഎലില്‍ ചേര്‍ന്നത്. ഹോം കെയര്‍, ബ്യൂട്ടി & വെല്‍ബിയിംഗ്, പേഴ്‌സണല്‍ കെയര്‍ ബിസിനസുകള്‍ എന്നിവയിലുടനീളം നിരവധി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് റോളുകള്‍ കൈകാര്യം ചെയ്തു. 2014നും 2020നും ഇടയില്‍ എച്ച്‌യുഎലിലെ ഹോം കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2020 മുതല്‍ 2022 വരെ ബ്യൂട്ടി & പേഴ്‌സണല്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2023 മുതല്‍ യൂണിലിവറിന്റെ അതിവേഗം വളരുന്ന ബിസിനസുകളിലൊന്നായ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗിന്റെ പ്രസിഡന്റാണ് പ്രിയ.

2025 സാമ്ബത്തിക വര്‍ഷത്തില്‍ 60,680 കോടി രൂപയുടെ വിറ്റുവരവാണ് എച്ച്‌യുഎല്‍ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വിറ്റുവരവില്‍ 2% വര്‍ധനവുണ്ടായി. നികുതികള്‍ കിഴിച്ചുള്ള ലാഭം 5 ശതമാനം വര്‍ധിച്ച്‌ 10,644 കോടി രൂപയായി. എഫ്‌എംസിജി മേഖലയില്‍ വര്‍ധിച്ചു വരുന്ന മല്‍സരത്തിനിടെ കമ്ബനിയെ ശക്തമായി മുന്നോട്ടു നയിക്കുകയെന്ന ഉത്തരവാദിത്തമാണ് പ്രിയ നായര്‍ക്കുള്ളത്.

Latest Posts