“യഥാർഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്”-സാമ്ബത്തിക തകർച്ചയില്‍ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തമെന്ന് വിശേഷിപ്പിച്ച് മുംബൈയിലെ ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാർ ലിങ്ക്ഡ്‌ഇനില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി.ശമ്ബള വർധനവില്ലാത്തതോ നയപരമായ കാഴ്ചപ്പാടിലെ വീഴ്ചയോ അല്ല, സുഖസൗകര്യങ്ങള്‍ക്കും സോഷ്യല്‍ സ്റ്റാറ്റസിനും വേണ്ടിയുള്ള പരക്കം പാച്ചിലും അതേ തുടർന്നുണ്ടാകുന്ന കടബാധ്യതയുമൊക്കെയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം കുറിച്ചു.
15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു സുഹൃത്തിനെ അദ്ദേഹം ഓർക്കുന്നു. മാസംതോറും 45,000 രൂപ ഇ.എം.ഐ അടയ്ക്കുന്നു. വരുമാനത്തിന് അനുസരിച്ച് പഴയ ഒരു കാർ വാങ്ങുന്നതിന് പകരം പുതിയ കാറ് സ്വന്തമാക്കി. മൂന്നു ലക്ഷം രൂപയുടെ യൂസ്ഡ് കാറിന് പകരം 10 ലക്ഷം രൂപയുടെ പുതിയ കാറാണ് അദ്ദേഹം വാങ്ങിയത്. ‘ഞാൻ ഇതിന് അർഹനാണ്’ എന്നുപറഞ്ഞ് അതിനെ ന്യായീകരിക്കുന്നു. അങ്ങനെയാണ് ഈ സംവിധാനം മധ്യവർഗക്കാർക്കിടയില്‍ വിജയക്കൊടി പാറിക്കുന്നത്.
വൈകിയെത്തുന്ന സമ്ബത്തിനേക്കാള്‍ ഉടനടിയുള്ള സംതൃപ്തി നമ്മള്‍ തിരഞ്ഞെടുക്കുന്നു. ആ ഐ ഫോണ്‍ വാങ്ങുന്നതിന് പകരം മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിക്കാമായിരുന്നു. ലക്ഷ്വറി ഹോട്ടലിലെ അത്താഴത്തിന് പകരം നിക്ഷേപം നടത്താമായിരുന്നു. നമ്മുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളായി നമ്മള്‍ തെറ്റിദ്ധരിച്ചു. ഓഫീസില്‍ പോകാൻ ഈ കാർ ആവശ്യമാണോ? അല്ല, നിങ്ങള്‍ക്ക് വേണ്ടിയിരുന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആയിരുന്നു. എ.സി, തുകല്‍ സീറ്റുകള്‍, ബ്രാൻഡ് ലോഗോ എന്നിവയൊക്കെ ആവശ്യങ്ങളായിരുന്നില്ല, ആഗ്രഹങ്ങള്‍ മാത്രമായിരുന്നു.
വർധിച്ചുവരുന്ന ചെലവുകളുടെ ഇരകളാണ് ഇന്ത്യയിലെ ശമ്ബള വരുമാനക്കാർ എന്ന ചിന്താഗതിയെ ഗോസർ ചോദ്യം ചെയ്യുന്നു. എടുത്തുചാടിയുള്ള തീരുമാനങ്ങള്‍, ജീവിതശൈലി, ബാഹ്യമോടിയിലുള്ള അമിതമായ താത്പര്യം എന്നിവയെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ‘നമ്മുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളായി നമ്മള്‍ തെറ്റിദ്ധരിച്ചു’ -അദ്ദേഹം കുറിച്ചു.
സാമ്ബത്തിക മുൻഗണനകള്‍ നിർണയിക്കാൻ സോഷ്യല്‍ മീഡിയയെ അനുവദിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന പത്ത് ശതമാനത്തില്‍ ഉള്‍പ്പെട്ടവരായിരുന്നിട്ടുപോലും ഇൻസ്റ്റഗ്രാം ഞങ്ങളെ ദരിദ്രരായി തോന്നിപ്പിച്ചു. ഞങ്ങള്‍ക്ക് നേരിട്ട് അറിയാത്തവരോടുപോലും ഞങ്ങള്‍ മത്സരിക്കാൻ തുടങ്ങി.
36 ശതമാനം ക്രെഡിറ്റ് കാർഡ് പലിശ vs 12 ശതമാനം മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍. മാർക്കറ്റില്‍നിന്ന് നേട്ടമുണ്ടാക്കുന്നതിന് പകരം ബാങ്കുകള്‍ക്ക് പണംനല്‍കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. കണക്കുകള്‍ അവഗണിച്ചുകൊണ്ട് വൈകാരികമായ തീരുമാനങ്ങള്‍ നമ്മള്‍ എടുത്തു. ഇ.എം.ഐ വെറും 18,000 രൂപ മാത്രമാണ്. എന്നാല്‍ അഞ്ച് വർഷംകൊണ്ട് മൂന്ന് ലക്ഷം രൂപയെന്ന പലിശ ഞങ്ങള്‍ ഒരിക്കലും കണക്കാക്കിയില്ല. വെറും നാല് വർഷത്തിനുള്ളില്‍ ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് കടം 2.92 ലക്ഷം കോടിയായി. വ്യക്തിഗത വായ്പകള്‍ 75 ശതമാനം ഉയർന്നു. ആരെയും ഒന്നും നിർബന്ധിച്ചിട്ടല്ല ചെയ്തത്.
വ്യവസ്ഥിതി ഞങ്ങളെ കുടുക്കിയില്ല, ഞങ്ങള്‍ സ്വയം കുടുങ്ങുകയായിരുന്നു. ബാങ്കുകള്‍ നമ്മെ കെണിയില്‍ വീഴ്ത്തിയില്ല. അവർ കയറ് വാഗ്ദാനം ചെയ്തു. കെട്ടുകളുണ്ടാക്കിയത് നമ്മളാണ്-അദ്ദേഹം കുറിച്ചു.
ഓരോ തവണ സൈ്വപ്പ് ചെയ്തപ്പോഴും ഓരോ തവണ ഇഎംഐയുടെ വഴി സ്വീകരിച്ചപ്പോഴും ലോണിന് അപേക്ഷിച്ചപ്പോഴുമൊക്കെ അത് ഞങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു. ഈ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുന്ന നിമിഷം മുതല്‍, വ്യത്യസ്തമായ തിരഞ്ഞെടുപ്പുകള്‍ നടത്താൻ ഞങ്ങള്‍ക്ക് കഴിയും-കുറിപ്പ് ഇപ്രകാരമാണ് അവസാനിക്കുന്നത്.
ഇന്ത്യയിലെ മധ്യവർഗത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. രാജ്യത്തെ മധ്യവർഗത്തില്‍ 5-10 ശതമാനം പേർ ഇപ്പോള്‍ കടക്കെണിയിലാണ്. വ്യവസ്ഥാപിതമായ പ്രശ്നങ്ങള്‍ ഗോസർ നിഷേധിക്കുന്നില്ല. എന്നാല്‍ യഥാർഥ മാറ്റം വ്യക്തികളുടെ ഉത്തരവാദിത്വത്തില്‍നിന്നുണ്ടാകേണ്ടതാണെന്നും അദ്ദേഹം കരുതുന്നു.


