HomeIndiaറിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ്...

റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ – വിശദമായി അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ എഫ്.ഡിയേക്കാള്‍ മികച്ച പദ്ധതികള്‍ കുറവാണ്. മുതിർന്ന പൗരൻമാർ പോലും അവരുടെ റിട്ടയർമെന്റ് ഫണ്ടില്‍ നിന്നും നിശ്ചിത തുക സ്ഥിര നിക്ഷേപത്തിലാണ് ഇൻവെസ്റ്റ് ചെയ്യുന്നത്.

എഫ്.ഡി പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു മികച്ച നിക്ഷേപ ഓപ്ഷനായി മാറുന്നു. സ്ഥിര നിക്ഷേപങ്ങള്‍ പോലെ സുരക്ഷിതമല്ലെങ്കിലും മികച്ച വരുമാനം ഉറപ്പാക്കുകയും വിപണിയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച്‌ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ സുരക്ഷിതവുമാണ്.

എന്തുകൊണ്ടാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ചതാവുന്നത്?

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നാല്‍ സർക്കാർ ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയ സ്ഥിര വരുമാന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഒരു നിക്ഷേപ മാർഗമാണ്. ഈ ഫണ്ടുകള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ സ്ഥിരതയുള്ളതാണ്. കൂടാതെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ്.

പലിശ നിരക്കുകള്‍ കുറയുമ്ബോള്‍ ബോണ്ട് വിലകള്‍ ഉയരുകയും, അത് ഡെറ്റ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകർക്ക് മൂലധന നേട്ടം നല്‍കുന്നു. ഈ ഫണ്ടുകള്‍ ലിക്വിഡിറ്റി, നികുതി ആനുകൂല്യങ്ങള്‍ തുടങ്ങിയ നേട്ടങ്ങളും നല്‍കുന്നു. അതിനാല്‍ മറ്റു നിക്ഷേപങ്ങളേക്കാള്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്കിടയില്‍ ജനപ്രിയമാവുന്നു.

ഇന്ത്യയില്‍ പത്ത് വിഭാഗത്തിലുള്ള ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത കാലാവധിയാണ്. കാലാവവധി അടിസ്ഥാനമാക്കി ഓരോന്നും പരിശോധിക്കാം;

1. ഓവർനൈറ്റ് ഫണ്ടുകള്‍: ഒരു ദിവസത്തെ കാലാവധിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക. മിച്ച ഫണ്ടുകള്‍ താല്‍ക്കാലികമായി നിലനിർത്താൻ ഇത് അനുയോജ്യമാണ്.

2. ലിക്വിഡ് ഫണ്ടുകള്‍: 91 ദിവസം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണിത്. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് ഇത് നേട്ടം നല്‍കുന്നു.

3. അള്‍ട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകള്‍: ഈ സ്കീമുകളുടെ കാലാവധി 3 മുതല്‍ 6 മാസം വരെയാണ്. ഈ കാലയളവില്‍ നിക്ഷേപിക്കാൻ പ്ലാനുള്ളവർക്ക് അനുയോജ്യമായ ഓപ്ഷനാണിത്.

4. കുറഞ്ഞ കാലാവധിയുള്ള ഫണ്ടുകള്‍: 6 മുതല്‍ 12 മാസം വരെ നിക്ഷേപിക്കാൻ അനുവദിക്കുന്നു.

5. മണി മാർക്കറ്റ് ഫണ്ടുകള്‍: ഒരു വർഷം വരെ കാലാവധിയില്‍ നിക്ഷേപിക്കാവുന്ന ഓപ്ഷൻ.

6. ഹ്രസ്വകാല ഫണ്ടുകള്‍: 1 മുതല്‍ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ താത്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം.

7. മീഡിയം ഡ്യൂറേഷൻ ഫണ്ടുകള്‍: 3 മുതല്‍ 4 വർഷം വരെയുള്ള നിക്ഷേപിക്കാവുന്ന പദ്ധതികള്‍.

8. മീഡിയം കാലയളവ് മുതല്‍ ദീർഘകാല ഫണ്ടുകള്‍: 4 മുതല്‍ 7 വർഷം വരെ കാലാവധിയുള്ളവ.

9. ദീർഘ കാല ഫണ്ടുകള്‍: 7 വർഷത്തില്‍ കൂടുതല്‍ കാലാവധിയില്‍ നിക്ഷേപിക്കാം.

10. ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍: ഒരു നിശ്ചിത കാലയളവ് പരിധിയില്ലാതെ പലിശ അടിസ്ഥാനമാക്കി നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്.

വിവിധ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഏതെല്ലാം?

1. ഗില്‍റ്റ് ഫണ്ടുകള്‍: 80% സർക്കാർ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇത്. അതിനാല്‍ തന്നെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു. പക്ഷേ വരുമാനത്തില്‍ ചാഞ്ചാട്ടം സംഭവിച്ചേക്കാം.

2. കോർപ്പറേറ്റ് ബോണ്ട് ഫണ്ടുകള്‍: ഏകദേശം 80 ശതമാനമെങ്കിലും കോർപ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കണം. ഇവ ഉയർന്ന റേറ്റിംഗുള്ളവയാണ്.

3. ക്രെഡിറ്റ് റിസ്ക് ഫണ്ടുകള്‍: കുറഞ്ഞ റേറ്റിംഗുള്ള കോർപ്പറേറ്റ് ബോണ്ടുകളില്‍ കുറഞ്ഞത് 65 ശതമാനമെങ്കിലും നിക്ഷേപിക്കുക. ഉയർന്ന റിട്ടേണുകള്‍ ലഭിക്കുമെങ്കിലും ക്രെഡിറ്റ് റിസ്കും കൂടുതലാണ്.

4. ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകള്‍: ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന കടപത്രങ്ങളിലാണ് ഇവിടെ 80 ശതമാനവും നിക്ഷേപിക്കുന്നത്.

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ അപകടസാധ്യതകള്‍

1.ക്രെഡിറ്റ് റിസ്ക്: ഇത് പലപ്പോഴും അപകട സാധ്യത ഉയർത്തുന്നു. ഉയർന്ന റേറ്റിംഗുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഈ പ്രശ്നം ഇല്ലാതാക്കാനുള്ള മാർഗം.

2. പലിശ നിരക്കിലെ അപകടസാധ്യത: ബോണ്ട് വിലകള്‍ പലിശ നിരക്കിന് വിപരീതമായിരിക്കും. പലിശ നിരക്കുകളിലെ വർദ്ധനവ് ഫണ്ടിൻ്റെ മൂല്യത്തകർച്ചയ്ക്ക് കാരണമാവും. അതിനാല്‍ പലിശ നിരക്കുകള്‍ തിരിച്ചറിഞ്ഞ ശേഷം നിങ്ങള്‍ക്ക് ഉചിതമായ ഫണ്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നികുതി ആനുകൂല്യങ്ങള്‍

പരമ്ബരാഗത സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച്‌ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത നികുതി ആനുകൂല്യങ്ങളാണ്. ബാങ്ക് എഫ്ഡികളിലൂടെ പലിശയ്ക്ക് എല്ലാ വർഷവും ടിഡിഎസ് നല്‍കേണ്ടി വരും. ഇത് കാലക്രമേണ കൂട്ടുപലിശയില്‍ നിന്നുള്ള നേട്ടത്തിന് കോട്ടം വരുത്തും. എന്നാല്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാ വർഷവും ടിഡിഎസ് നല്‍കുന്നില്ല.

മൊത്തം മൂലധന നേട്ടത്തെ അടിസ്ഥാനമാക്കിയാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും നികുതി ഈടാക്കുന്നത്. നിങ്ങള്‍ 7 വർഷത്തേക്ക് നിക്ഷേപിക്കുകയും അതിനു ശേഷം നിക്ഷേപം പിൻവലിക്കുകയും ചെയ്താല്‍ മൊത്തത്തിലുള്ള നിക്ഷേപ നേട്ടത്തിന് മാത്രമേ നികുതി ചുമത്തുകയുള്ളൂ. ഇത് നിങ്ങളുടെ ബാധകമായ ആദായ നികുതി സ്ലാബ് പരിശോധിച്ചായിരിക്കും തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ ദീർഘകാല നിക്ഷേപകർക്ക് ഇത് ആകർഷകമായ ആനുകൂല്യമാവുന്നു.

Latest Posts