HomeIndiaലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി...

ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി.

സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു.

തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കാര്യക്ഷമത വര്‍ധിപ്പിക്കാനും ഭാവി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉതകുന്ന പല നൂതന ആശയങ്ങള്‍ക്കും തുടക്കമിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച്‌ 5,18,483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,52,534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ദ്ധനവോടെ 2,83,647.47 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,09,403.34 കോടി രൂപയില്‍ നിന്ന് 2,34,836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയില്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച്‌ 77,212.16 കോടി രൂപയായി.

വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച്‌ 27,199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച്‌ 79,773.79 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 11.44 ശതമാനം വര്‍ദ്ധിച്ച്‌ 19,064.36 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 20.93 ശതമാനം വളര്‍ച്ചയോടെ 30,505 കോടി രൂപയായി വര്‍ധിച്ചു.

മൊത്തവരുമാനം 13.70 ശതമാനം വര്‍ധനയോടെ 7,654.31 കോടി രൂപയിലെത്തി. 4,375.54 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1,040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33,121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1,589 ശാഖകളും 2080 എടിഎം / സിഡിഎമ്മുകളുമുണ്ട്. 2 രൂപ മുഖവിലയുള്ള ഓരോ ഓഹരിയ്ക്കും 60 ശതമാനം വീതം ലാഭവിഹിതം നല്‍കാന്‍ ശിപാര്‍ശ ചെയ്യാനും ഇന്ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

Latest Posts