അമേരിക്കയും ചൈനയും തമ്മില്‍ നേർക്കുനേർ. ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികള്‍ തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ അത് അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് കാരണമാവും.ഇന്നലെ ഏപ്രില്‍ 9 മുതല്‍ ചൈന ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക 104% താരിഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ ചൈന അമേരിക്കക്കു നേരെ 84% തീരുവ ചുമത്തി. ഇതിന് തിരിച്ചടിയായി യുഎസ് 125% തീരുവ ചൈനക്കുമേല്‍ ഉയർത്തി. നിലവില്‍ ചൈന ഒഴികേ മറ്റെല്ലാ രാജ്യങ്ങള്‍ക്കും 90 ദിവസത്തേക്ക് തീരുവകള്‍ ചുമത്തുന്നത് നിർത്തിവെക്കുന്നുവെന്നാണ് യുഎസ് ഭരണകൂടം വ്യക്തമാക്കിയത്.
ആഗോള വിപണിയിലെ തകർച്ചയും നിക്ഷേപകർക്കിടയിലെ ആശങ്കകളും വലിയ പ്രതിസന്ധികളിലേക്ക് നയിച്ചു. തിങ്കളാഴ്ച ലോകത്തെ എല്ലാ പ്രധാന ഓഹരി വിപണികളും തകർന്നിരുന്നു. മാത്രമല്ല താരിഫ് ശക്തമായതോടെ അമേരിക്കയുടെ സാമ്ബത്തിക രംഗം താളം തെറ്റി. ഒപ്പം പണപ്പെരുപ്പ ഭീഷണികളും ഉയർന്നു. ഇതെല്ലാമാണ് 90 ദിവസത്തേക്ക് താരിഫ് നിർത്തി വെക്കാൻ തീരുമാനിച്ചതും. എന്നാല്‍ ചൈനയുമായുള്ള പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
2018 മുതല്‍ അമേരിക്കയും ചൈനയും തമ്മില്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ 2020ല്‍ ഈ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. വീണ്ടും യുദ്ധം ആരംഭിക്കുന്നുവെന്നാണ് ട്രംപിൻ്റെയും പ്രഖ്യാപനം. എന്താണ് താരിഫ്? അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം എങ്ങനെയെല്ലാം ഉയർന്നു? വിശദമായി നോക്കാം…
എന്താണ് താരിഫ്?
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സർക്കാർ ചുമത്തുന്ന നികുതിയെയാണ് താരിഫ് എന്ന് വിളിക്കുന്നത്. ആഭ്യന്തര ഉല്‍പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും താരിഫ് ചുമത്തുന്നത്. പക്ഷേ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനും താരിഫ് ചുമത്താറുണ്ട്.
താരിഫ് യുദ്ധത്തിലേക്കുള്ള പ്രധാന 10 കാര്യങ്ങള്‍ പരിശോധിക്കാം..;
1. ട്രംപിൻ്റെ ആദ്യ ദിവസം- യുഎസ് പ്രസിഡൻ്റായി ജനവരി 20ന് അധികാരത്തിലെത്തിയ ദിവസമാണ് താരിഫ് ചുമത്തുമെന്ന് വ്യക്തമാക്കിയത്. ഇതോടെ ഫെബ്രുവരി 1 മുതല്‍ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഒപ്പം ചൈനക്ക് 10 ശതമാനവും ചുമത്തി..
2. ചൈനയുമായുള്ള പ്രശ്നങ്ങള്‍- ചൈനക്കെതിരെ താരിഫ് ചുമത്തിയതോടെ പ്രതികാര നടപടിയായി അമേരിക്കക്ക് എതിരെ ചൈന 15 തീരുവ ചുമത്തി. ഇത് തുടർന്നു കൊണ്ടിരുന്നു. തുടർന്ന് ആഗോള വിപണിയില്‍ വിവിധ മേഖലകളിലെ ഉല്‍പ്പന്ന ഇറക്കുമതിക്ക് ട്രംപ് താരിഫ് ഏർപ്പെടുത്തി.
3. യൂറോപ്യൻ യൂണിയൻ്റെ പ്രതികാരം- മാർച്ച് 12ന് യുഎസ് വ്യാവസായിക, കാർഷിക ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. ഈ കാരണങ്ങള്‍ നിക്ഷേപകർക്കിടയില്‍ ആശങ്കകളും ഉയർത്തി.
4. സ്വർണ വിലക്ക് ശക്തിയാർജ്ജിച്ചു – ട്രംപിൻ്റെ താരിഫ് യുദ്ധം ആരംഭിച്ചതോടെ സ്വർണത്തിന് വില കുതിച്ചു. രാജ്യാന്തര വില 3,000 ഡോളർ കുതിച്ചുയർന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോർഡ് സൃഷ്ടിക്കാനും തുടങ്ങി. എന്നാല്‍ എണ്ണവില 7 ശതമാനം ഇടിഞ്ഞു. ഏപ്രില്‍ 5 ന് വീണ്ടും 2 ശതമാനം ഇടിവുണ്ടായി.
5. വിദേശ വാഹന ഇറക്കു മതിക്ക് താരിഫ്- മാർച്ച് 26നാണ് ഇത്തരത്തില്‍ 25% ഓട്ടോ താരിഫ് പ്രഖ്യാപിച്ചത്. ഇത് ഓഹരി വിപണിയില്‍ ഓട്ടോ മേഖലയെ തകർത്തു. മാത്രമല്ല ആഗോള വിപണിയെ ആശ്രയിക്കുന്ന വാഹന നിർമ്മാതാക്കള്‍ക്ക് ഇതൊരു തിരിച്ചടിയായി.
6. പകരച്ചുങ്കവുമായി ട്രംപ് – ഏപ്രില്‍ 2ന് പകരച്ചുങ്കം പ്രഖ്യാപിച്ചു. ഇതില്‍ ഇന്ത്യ, ചൈന, യൂറോപ്പ്, ജപ്പാൻ, തായ്വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ താരിഫ് ചുമത്തിയത്.
7. ചൈനക്ക് വീണ്ടും താരിഫ്- ഏപ്രില്‍ 4ന് ചൈനക്കു മേല്‍ 34% അധിക താരിഫ് പ്രഖ്യാപിച്ചു. ഇത് പ്രതികാരച്ചുങ്കമായി കണക്കാക്കാം. ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉറപ്പിച്ചു. എന്നാല്‍ ചൈന യുഎസിനെതിരെയും താരിഫ് ചുമത്തി. ഇതാണ് പരസ്പരം യുദ്ധം ആരംഭിക്കാൻ കാരണമായതും.
8. ഓഹരി വിപണിയുടെ തകർച്ച- ഏപ്രില്‍ 7 തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും മോശം വ്യാപാര ദിനങ്ങളിലൊന്നായിരുന്നു ഇത്. ട്രംപിൻ്റെ പ്രതികാര താരിഫില്‍ ആഗോള വിപണി വെന്തുരുകിയ ദിവസമാണിത്. യു.എസ് വിപണി ഉള്‍പ്പെടെ ചോരക്കളമായി.
9. ഏപ്രില്‍ 10ന് തിരിച്ചടി– ചൈനക്കെതിരെ 104% താരിഫ് ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ ഇതോടെ ചൈന 84% താരിഫ് യുഎസിനെതിരെ ചുമത്തുമെന്നും പ്രഖ്യാപിച്ചു.
10. 90 ദിവസത്തേക്ക് നിർത്തിവെച്ചു- താരിഫുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ എതിർപ്പുകള്‍ ഉയരുന്നു. അതിനാല്‍ താത്കാലികമായി 90 ദിവസത്തേക്ക് താരിഫ് ചുമത്തുന്നത് നിർത്തി വെക്കുന്നു. പക്ഷേ ചൈനക്കു മേല്‍ താരിഫ് ചുമത്തുന്നതിന് ഇളവില്ല എന്നും യുഎസ് ഭരണകൂടം ഉറപ്പിച്ചു പറഞ്ഞു.
താരിഫ് ചുമത്തുന്നതിലൂടെ സംഭവിച്ച പ്രധാന സംഭവ വികാസങ്ങള്‍ എന്തെല്ലാം..?
വ്യാപാര സംഘർഷങ്ങള്‍ രൂക്ഷമാകുന്നു : യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായി. ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി.
ആഗോള സാമ്ബത്തിക പ്രശ്നങ്ങള്‍: താരിഫ് യുദ്ധം ആഗോള സാമ്ബത്തിക വളർച്ചയെ ബാധിച്ചു, ഇത് മാന്ദ്യത്തിലേക്ക് നയിക്കുന്നു.
വിപണിയിലെ ചാഞ്ചാട്ടം : വ്യാപാര യുദ്ധം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായി.
താരിഫ് വർദ്ധനവ് : ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ വർദ്ധിപ്പിച്ചു. മാത്രമല്ല യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും താരിഫ് ചുമത്തി തിരിച്ചടിച്ചു.
വ്യാപാര ചർച്ചകള്‍ : യുഎസും ചൈനയും വ്യാപാര ചർച്ചകളില്‍ ഏർപ്പെട്ടെങ്കിലും പുരോഗതിയുണ്ടായില്ല.
വ്യവസായങ്ങളിലെ പ്രതിസന്ധി: സാങ്കേതികവിദ്യ, കൃഷി, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളെ താരിഫ് ബാധിച്ചു.
വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍: വ്യാപാര യുദ്ധം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി. ഇത് ബിസിനസുകളെയും മറ്റും പ്രതികൂലമായി ബാധിച്ചു.
സാമ്ബത്തിക തകർച്ചകള്‍: തൊഴില്‍ നഷ്ടം, സാമ്ബത്തിക മാന്ദ്യം തുടങ്ങിയ നിരവധി പ്രത്യാഘാതങ്ങളായിരുന്നു താരിഫ് യുദ്ധത്തിൻ്റെ ഭാഗമായി സാമ്ബത്തിക മേഖലയില്‍ സംഭവിക്കുന്നത്.
ഭാവി പ്രതീക്ഷ എന്താണ്: താരിഫ് മൂലമുള്ള വ്യാപാര സംഘർഷങ്ങള്‍ തുടരുന്നതിനാല്‍ ആഗോള സമ്ബദ്‌വ്യവസ്ഥയുടെ ഭാവി പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലാണ്.
താരിഫുകളുടെ ഏറ്റവും വലിയ ദുഖകരമായ കാര്യമെന്തെന്നാല്‍ ഇവ ഉപഭോക്താക്കളുടെ ചിലവ് വർദ്ധിപ്പിക്കുന്നു എന്നതാണ്. അതായത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് താരിഫ് ചുമത്തുമ്ബോള്‍, ആ സാധനങ്ങളുടെ വില ഉയരുകയും ഉപഭോക്താക്കള്‍ അത്രയും വിലയില്‍ ഇവ വാങ്ങേണ്ടിയും വരുന്നു. ഈ പണപ്പെരുപ്പ സമ്മർദ്ദം ഭക്ഷണം, വസ്ത്രം തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈല്‍സ് പോലുള്ള വിവിധ ഉല്‍പ്പന്നങ്ങളെ ബാധിക്കും.
കുറഞ്ഞ വരുമാനമുള്ളവർക്ക് ഇതൊരു വലിയ പ്രതിസന്ധി സൃഷ്ടിക്കും. അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം അവശ്യവസ്തുക്കള്‍ക്കായി ചെലവഴിക്കേണ്ടി വരും. അതിനാല്‍ പല അവശ്യ ചെലവുകളും ഇത്തരം ആളുകള്‍ക്ക് വെട്ടിക്കുറക്കേണ്ടി വരും. അടിസ്ഥാനപരമായി, താരിഫുകള്‍ ചുമത്തുന്നതോടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കാര്യമായനേട്ടങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല.