HomeIndiaഇന്ത്യയിലെ ഏറ്റവും ധനികനായ കൊമേഡിയൻ; തെലുങ്ക് താരം ബ്രഹ്മാനന്ദം ആസ്ഥിയിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ...

ഇന്ത്യയിലെ ഏറ്റവും ധനികനായ കൊമേഡിയൻ; തെലുങ്ക് താരം ബ്രഹ്മാനന്ദം ആസ്ഥിയിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും പ്രഭാസിനേയുംകാൾ മുന്നിൽ: വിശദാംശങ്ങൾ വായിക്കാം

സമകാലിക കലാരംഗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹാസ്യ താരം കപില്‍ ശര്‍മ്മയാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.അദ്ദേഹത്തിന്റെ ഷോകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, സിനിമകള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക് തന്നെ ലക്ഷങ്ങള്‍ ആണ് കപില്‍ ശര്‍മ്മ ഈടാക്കുന്നത് എന്നാണ് വിവരം. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആസ്തിയും വലുതായിരിക്കും.

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ ഹാസ്യതാരം എന്ന പേര് കപില്‍ ശര്‍മ്മയ്ക്ക് അവകാശപ്പെട്ടതല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയിലെ ഏറ്റവും ധനികനായ ഹാസ്യനടന്‍ ടോളിവുഡിലെ ‘കോമഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന മുതിര്‍ന്ന തെലുങ്ക് നടന്‍ ബ്രഹ്‌മാനന്ദം ആണ്. ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബ്രഹ്‌മാനന്ദത്തിന്റെ ആസ്തി 60 മില്യണ്‍ ഡോളറാണെന്ന് ഡിഎന്‍എയും മണികണ്‍ട്രോളും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതായത് 500 കോടി രൂപ! കപില്‍ ശര്‍മ്മയേക്കാള്‍ എന്നല്ല മുന്‍നിര ബോളിവുഡ് താരങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് ഇത്. രണ്‍ബീര്‍ കപൂര്‍ (350 കോടി), പ്രഭാസ് (300 കോടി), രജനീകാന്ത് (400 കോടി) തുടങ്ങിയ മുന്‍നിര സൂപ്പര്‍താരങ്ങള്‍ പോലും ആസ്തിയുടെ കാര്യത്തില്‍ ബ്രഹ്‌മാനന്ദത്തേക്കാള്‍ പിന്നിലാണ്. കപില്‍ ശര്‍മ്മയുടെ ആസ്തി 300 കോടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഒരു കോളേജിലെ ലക്ചററായിരുന്ന ബ്രഹ്‌മാനന്ദം 80-കളില്‍ മിമിക്രിയിലൂടെ കലാരംഗത്തേക്ക് എത്തുന്നത്. ഒരു നാടക കലാകാരനായിട്ടാണ് തന്റെ ഷോബിസ് കരിയര്‍ അദ്ദേഹം ആരംഭിച്ചത്. ഇത് 1985-ല്‍ ടിവിയില്‍ അരങ്ങേറ്റം കുറിക്കുന്നതിനും 1987-ല്‍ സിനിമാ അരങ്ങേറ്റത്തിനും കാരണമായി. 90 കളില്‍ ബ്രഹ്‌മാനന്ദം ഇല്ലാത്ത ഒരു സിനിമ പോലും തെലുങ്കില്‍ ഇറങ്ങില്ല എന്ന സ്ഥിതിയായിരുന്നു.

അക്കാലത്ത് മുന്‍നിര നായകന്മാരേക്കാള്‍ കൂടുതല്‍ പ്രതിഫലവും ബ്രഹ്‌മാനന്ദത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. 2012-ല്‍, ജീവിച്ചിരിക്കുന്ന ഏതൊരു നടനും ലഭിക്കുന്ന ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ ക്രെഡിറ്റുകള്‍ നേടിയതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും അദ്ദേഹം നേടിയിരുന്നു. പ്രായം 60 പിന്നിട്ടെങ്കിലും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് ബ്രഹ്‌മാനന്ദം.

ഇപ്പോഴും പ്രതിഫലക്കാര്യത്തില്‍ മുന്‍നിര താരങ്ങളോട് കിടപിടിക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. ആറ് നന്ദി അവാര്‍ഡുകളും രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ബ്രഹ്‌മാനന്ദത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2009 ല്‍ ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Latest Posts