അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയര്‍ത്തുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി.ഇതിന് ചുവടുപിടിച്ച് സംസ്ഥാനത്ത് പവന് വില 680 രൂപ വര്‍ദ്ധിച്ച് 60,760 രൂപയിലെത്തി.
ഗ്രാമിന്റെ വില 85 രൂപ ഉയര്‍ന്ന് 7,595രൂപയിലെത്തി. ജനുവരി 24ന് രേഖപ്പെടുത്തിയ 60,440 രൂപയെന്ന റെക്കാഡാണ് സ്വര്‍ണം പവന് വില പുതുക്കിയത്. ന്യൂഡല്‍ഹി വില പത്ത് ഗ്രാമിന് 170 രൂപ വര്‍ദ്ധനയോടെ 82,900 രൂപയിലെത്തി റെക്കാഡിട്ടു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില 2,762 ഡോളറിലാണ്.
ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയില്‍ വന്‍കിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് മൂവായിരം ഡോളര്‍ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയില്‍ പവന് വില 65,000 കടന്നേക്കും.
ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ 32 ശതമാനം വര്‍ദ്ധനയാണുണ്ടായത്. ജനുവരി ഒന്നിന് പവന് വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവന് വിലയില്‍ 3,560 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്.
18 കാരറ്റ് സ്വര്‍ണ്ണത്തിന് 50,000 രൂപ കടന്നു
18 കാരറ്റ് സ്വര്‍ണത്തിനും ഇന്നലെ വില കൂടി. 6275 രൂപ ഗ്രാമിനും 50200 രൂപ പവനും വിലയായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു വില. 11960 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5780 രൂപയില്‍ നിന്ന് 7595 രൂപയായി വര്‍ദ്ധിച്ചു. പവന് 46240 രൂപയില്‍ നിന്ന് 60760 രൂപയായി. 14520 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. വെള്ളിക്ക് ഒരു വര്‍ഷത്തിനിടെ 78 രൂപയില്‍ നിന്ന് 98 രൂപയായി. 20 രൂപയുടെ വ്യത്യാസമാണുണ്ടായത്.
സ്വര്‍ണവില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ 14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിപണിയിലേക്ക് എത്തുന്നുണ്ട്. ഹാള്‍മാര്‍ക്കിംഗ് എച്ച്. യു. ഐ. ഡി, 14 കാരറ്റ് സ്വര്‍ണത്തിനും രേഖപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അഡ്വ. എസ്. അബ്ദുല്‍ നാസര്‍, സംസ്ഥാന ട്രഷറര്‍, ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്, എ.കെ.ജി.എസ്.എം.എ