HomeIndiaഎം എ യൂസഫലിക്ക് ഉള്ളത് 2750 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ; ഒരു...

എം എ യൂസഫലിക്ക് ഉള്ളത് 2750 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ; ഒരു വർഷം കൊണ്ട് മൂല്യത്തിൽ ഇരട്ടിയിലേറെ വർദ്ധനവ്: സിയാൽ ഓഹരികൾ നിങ്ങൾക്കും വേണമെങ്കിൽ വാങ്ങാം.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് തന്നെ ആരംഭിച്ച ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. പ്രവാസികള്‍ ഉള്‍പ്പെടേയുള്ള നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്‌ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം വഴി ലക്ഷക്കണക്കിന് ആളുകളാണ് സഞ്ചാരം നടത്തുന്നത്.മുഖ്യമന്ത്രി ചെയർമാനായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) കമ്ബനിയില്‍ സംസ്ഥാന സർക്കാറിന് 33.8 ശതമാനം ഓഹരിയുണ്ട്. ഇതിന് ഏതാണ്ട് 7600 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട് .

സ്വകാര്യ മേഖലയിലെ നിക്ഷേപകരിലെ പ്രമുഖന്‍ ലുലു ഗ്രൂപ്പാണ്. ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫലിക്ക് 2750 കോടി രൂപ വിലമതിക്കുന്ന 12.11 ശതമാനം ഓഹരിയാണ് സിയാലിലുള്ളത്. വ്യവസായി എന്‍വി ജോർജിന് സിയാലില്‍ 5.94 ശതമാനം ഓഹരികളുണ്ട്. ഏകദേശം 1350 കോടി വിലമതിക്കുന്നതാണ് ഈ ഓഹരികള്‍. ശേഷിക്കുന്ന 48.57 ശതമാനം ഓഹരികളുള്ളത് 250000 ത്തോളം നിക്ഷേപകരിലായാണ്.

സിയാലിന്റെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ റെക്കോർഡ് വളർച്ചയാണ് ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 ഡിസംബർ മാസത്തില്‍ 230 രൂപയായിരുന്നു സിയാലിന്റെ ഓഹരി വില. ഈ വർഷം ഡിസംബറിലേക്ക് എത്തിയപ്പോള്‍ ഓഹരി വില 475 രൂപയായി ഉയർന്നു. അതായത് 107 ശതമാനത്തോളം വർധനവ്. സിയാലിന് ഏകദേശം 22700 കോടി മൂല്യമുണ്ടെന്നും കണക്കാക്കുന്നു.

കമ്ബനിക്ക് 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 1,234 കോടി രൂപ വരുമാനവും 448 കോടി രൂപയുടെ ലാഭവും നേടാന്‍ സാധിച്ചു. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം തന്നെ പുതിയ ആഡംബര ഹോട്ടലും എയര്‍പോര്‍ട്ട് ലോഞ്ചും ആരംഭിച്ചതും വരുമാനം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിയാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്ബനിയാണെങ്കിലും ഇഷ്യൂ ചെയ്ത ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാന്‍ സാധിക്കും. അണ്‍ലിസ്റ്റഡ് ഓഹരികള്‍ വാങ്ങാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നിശ്ചിത കമ്മിഷന്‍ നല്‍കിയാല്‍ അംഗീകൃത ബ്രോക്കര്‍മാര്‍ വഴിയും സിയാല്‍ ഓഹരി വാങ്ങാം.

അതേസമയം, കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്ന നേട്ടം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തില്‍ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകളില്‍ കൂടുതല്‍ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തില്‍ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുള്‍പ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Latest Posts