ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തയാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം ശാഖയായ ജിയോ.ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഐപിഒ. ജിയോ ഐപിഒ 2025ന്‍റെ രണ്ടാം പകുതിയോടെ പ്രതീക്ഷിക്കാമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ജിയോ ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കന്പനി കൂടിയായ ജിയോയുടെ വിപണിമൂല്യം ഏകദേശം 8.5 ലക്ഷം കോടി രൂപയാണെന്നാണ് വിവിധ ബ്രോക്കറേജ് പ്ലാറ്റഫോമുകള്‍ വിലയിരുത്തുന്നത്. ഐപിഒ യാഥാർഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കന്പനികളിലൊന്നായും ജിയോ മാറും.കന്പനിയുടെ പ്രമോട്ടർമാരില്‍നിന്നും നിലവിലുള്ള ഷെയർഹോള്‍ഡർമാരില്‍നിന്നും പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ഓഫർ ഫോർ സെയിലും (ഒഎഫ്‌എസ്) ഐപിഒയില്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്.
ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് മൂലധനസമാഹരണം നടത്തുന്ന പ്രീ-ഐപിഒ നടപടികള്‍ക്കും റിലയൻസ് തുടക്കമിട്ടെന്നാണ് സൂചനകള്‍. ജിയോ ഐപിഒ യാഥാർഥ്യമായാല്‍ തകരുന്നത് 2024 ഒക്‌ടോബറില്‍ ഹ്യുണ്ടായ് ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒ എന്ന റിക്കാർഡായിരിക്കും. റിലയൻസ് ജിയോയില്‍ നിലവില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 33% ഓഹരി പങ്കാളിത്തം ഉണ്ട്. അബുദാബി ഇൻവെസ്റ്റ്മെന്‍റ് അഥോറിറ്റി, കെകെആർ, മുബദല, സില്‍വർലേക്ക് തുടങ്ങിയവ 2020ല്‍ 1,800 കോടി ഡോളറോളമാണ് ഇന്ത്യൻ ശതകോടീശ്വരന്‍റെ കന്പനിയില്‍ നിക്ഷേപിച്ചത്.
അതേസമയം ജിയോ നിരക്കു വർധന പ്രഖ്യാപിച്ചതിനു ശേഷം തുടർച്ചയായ നാലാം മാസവും വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഒക്‌ടോബറില്‍ 37 ലക്ഷം ഉപയോക്താക്കള്‍ ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റ അനുസരിച്ചാണിത്. അതേസമയം എയർടെല്‍ മൂന്ന് മാസത്തെ കൊഴിഞ്ഞുപോക്കിന് ശേഷം കൂടുതല്‍ വരിക്കാരെ ചേർത്തിട്ടുണ്ട്. 19 ലക്ഷം ഉപയോക്താക്കളാണ് പുതിയതായി നെറ്റ്‌വർക്കിന്‍റെ ഭാഗമായത്.