കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 – 24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചെലവില്‍ ( എം പി സി ഇ ) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു.കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ മുൻപിലാണ്.
കേരളത്തില്‍ ഗ്രാമീണ കുടുംബങ്ങള്‍ പ്രതിമാസം 6,611 രൂപ ചെലവാക്കുമ്ബോള്‍ നഗരങ്ങളിലെ കുടുംബങ്ങള്‍ 7834 രൂപായണ് ചെലവിടുന്നത്. ദേശീയ ശരാശരി 4122 രൂപയും 6996 രൂപയുമാണ്. തമിഴ്നാട്ടില്‍ ഗ്രാമങ്ങളില്‍ 5782 രൂപയും നഗരങ്ങളില്‍ 8325 രൂപയുമാണ്. തെലങ്കാനയി യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്.
ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്തു, ഗ്രാമീണ കുടുംബങ്ങള്‍ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങള്‍ 9,877 രൂപയും ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയില്‍ 5,068 രൂപയും നഗരങ്ങളില്‍ 8,169 രൂപയുമായാണ് കർണാടകയിലെ ചെലവ് കണക്ക്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവ പിന്നിലാണ്. ഗ്രാമിണ നഗര ചെലവുകളുടെ കാര്യത്തില്‍ പശ്ചിമ ബംഗാളിലും ശരാശരിയെക്കാള്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ എം പി സി ഇ രേഖപ്പെടുത്തിയത് സിക്കിമിലാണ്. ഗ്രാമീണ കുടുംബങ്ങള്‍ 9377 രൂപയും നഗരങ്ങളിലെ കുടുംബങ്ങള്‍ 13927 രൂപയുമാണ് ചെലവഴിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഏറ്റവും കുറഞ്ഞ എം പി സി ഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2739 രൂപയും നഗരപ്രദേശങ്ങളില്‍ 4927 രൂപയുമാണ്.
ഒരു വർഷത്തിനിടെ ഗ്രാമമേഖലയില്‍ 687 രൂപയും നഗര മേഖലകളില്‍ 128 രൂപയും വർദ്ധിച്ചതായും കണക്കുകള്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ( എൻ എ എസ് ഒ ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ഒരു വ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന തെലവുകള്‍ക്ക് ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി പറയുന്നത്. ഉയർന്ന എം പി സി ഇ മെച്ചപ്പെട്ട ജീവിത നിലവാരത്തെയും ഉയർന്ന വാങ്ങല്‍ ശേഷിയെയുമാണ് സൂചിപ്പിക്കുന്നത്.