പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിലെ ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.
പുതിയ സ്കീമില്‍ അടിസ്ഥാന നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍തന്നെ നിലനിർത്തുകയാണ് കഴിഞ്ഞ ബജറ്റില്‍ ചെയ്തത്. മൂന്നു മുതല്‍ ആറ് ലക്ഷംവരെയുള്ള സ്ലാബിന്റെ പരിധി ഒരു ലക്ഷം ഉയർത്തി ഏഴ് ലക്ഷമാക്കി നികുതി അഞ്ച് ശതമാനത്തില്‍ നിലനിർത്തുകയും ചെയ്തു. തുടർന്നുള്ള സ്ലാബിലും ഒരു ലക്ഷം ഉയർത്തി ഏഴ് മുതല്‍ പത്ത് ലക്ഷം രൂപവരെയാക്കി 10 ശതമാനം നികുതിതന്നെ ബാധകമാക്കി. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയാകട്ടെ 15 ശതമാനത്തില്‍തന്നെ നിലനിർത്തി. 12 ലക്ഷം മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
നികുതി സ്ലാബുകള്‍ പരിഷ്കരിക്കുമ്ബോള്‍ കാലാകാലങ്ങളില്‍ സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം മാത്രമാണ് പരിഗണിക്കുന്നതെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം മാനദണ്ഡമേ ആകുന്നില്ലെന്നുമുള്ള വിമർശനം നേരത്തേ തന്നെയുണ്ട്.
വിലക്കയറ്റം മധ്യവർഗക്കാരുടെ വാങ്ങല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മധ്യവർഗത്തിന്റെ കൈകളിലെ പണം സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചേക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്‍ ഇളവ് അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.