വിപണിയില്‍ തകർച്ച തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നീക്കവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മ്യൂച്വല്‍ ഫണ്ടുകള്‍ വൻതോതില്‍ നിക്ഷേപം നടത്തിയപ്പോള്‍ ഓഹരി നിക്ഷേപം വൻതോതില്‍ കുറയ്ക്കുകയാണ് എല്‍ഐസി ചെയ്തത്.
സെപ്റ്റംബർ പാദത്തില്‍ 100 ലേറെ കമ്ബനികളുടെ ഓഹരികള്‍ വിറ്റ് എല്‍ഐസി സുരക്ഷിത അകലം പാലിച്ചു. ഇതോടെ എൻഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളില്‍ എല്‍ഐസിയുടെ മൊത്തം നിക്ഷേപ വിഹിതം സെപ്റ്റംബർ അവസാനത്തെ 3.64 ശതമാനത്തില്‍നിന്ന് എക്കാലത്തെയും താഴ്ന്ന നിലവാരമായ 3.59 ശതമാനത്തിലെത്തി.
കൂടുതല്‍ തകർച്ച മുൻകൂട്ടി കണ്ടുകൊണ്ടുള്ള ലാഭമെടുപ്പാണ് എല്‍ഐസി നടത്തിയത്. 103 കമ്ബനികളില്‍ ഓഹരി വിഹിതം കുറച്ചപ്പോള്‍ 78 കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പ്രൊമോട്ടർ ഇതര നിക്ഷേപത്തില്‍ എല്‍ഐസിയുടെ ഓഹരി മൂല്യം രണ്ടാം പാദത്തിലെ 7.51 ശതമാനത്തില്‍നിന്ന് 7.34 ശതമാനമായി കുറഞ്ഞു.
പ്രൊക്ടർ ആൻഡ് ഗാംബിള്‍, വോള്‍ട്ടാസ്, എച്ച്‌ഡിഎഫ്സി എഎംസി, ലുപിൻ, ഹീറോ മോട്ടോർ കോർപ്, എച്ച്‌പിസിഎല്‍, ഫൈസർ, ടാറ്റ കണ്‍സ്യൂമർ പ്രൊഡക്‌ട്സ്, ടാറ്റ പവർ തുടങ്ങിയ കമ്ബനികളിലെ ഓഹരി വിഹിതമാണ് കുറച്ചത്.
എച്ച്‌ഡിഎഫ്സി എഎംസിയുടെ ഓഹരികളാണ് കൂടുതല്‍ വിറ്റൊഴിഞ്ഞത്. 2,076 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റു. ലുപിൻ (2,069 കോടി), എൻപിടിപിസി(1,947 കോടി) ഹീറോ (1,926 കോടി) എന്നിങ്ങനെ ഓഹരികള്‍ വിറ്റതായാണ് കണക്ക്.
സെപ്റ്റംബർ അവസാനത്തെ കണക്ക് പ്രകാരം 283 കമ്ബനികളുടെ ഓഹരികളാണ് എല്‍ഐസിയുടെ കൈവശം ഉണ്ടായിരുന്നത്. 16.76 ലക്ഷം കോടി രൂപയായിരുന്നു അതിന്റെ മൂല്യം.
ഇതൊരു സൂചനയാണോ?
ഒക്ടോബറിലും നവംബർ മാസത്തില്‍ ഇതുവരെയും വിദേശ നിക്ഷേപകർ 1.17 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇതേ തുടർന്നുണ്ടായ തിരുത്തലില്‍ നിഫ്റ്റിക്ക് നഷ്ടമായതാകട്ടെ ഏഴ് ശതമാനവും.
തുടർച്ചയായി നാല് വർഷത്തെ ഇരട്ടയക്ക വളർച്ചക്ക് ശേഷം കമ്ബനികളുടെ പ്രവർത്തനഫലങ്ങള്‍ ദുർബലമായിരിക്കുന്നു. ഉപഭോഗത്തിലെ കുറവും ഉത്പന്ന വിലകളിലെ വർധനവും ബാങ്കിങ് ഉള്‍പ്പടെയുള്ള ധനകാര്യ മേഖലയിലെ പരിഷ്കാരങ്ങളും അതിന് കാരണമായിട്ടുണ്ട്.
ചൈനയിലെ ഉത്തേജന പാക്കേജിന് പിന്നാലെ വിദേശികള്‍ കൂട്ടത്തോടെ കളംവിട്ടതും വിപണിയെ ബാധിച്ചു. എങ്കിലും രാജ്യത്തെ വിപണി ഇപ്പോഴും ഉയർന്ന മൂല്യത്തില്‍തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍ഐസിയുടെ ലാഭമെടുപ്പ് ശ്രദ്ധേയമാകുന്നത്. ജാഗ്രതയോടെ മാത്രം വിപണിയെ സമീപിക്കുക. ദീർഘകാല ലക്ഷ്യത്തെടെ മികച്ച ഓഹരികളില്‍ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക.