റിട്ടയർമെന്റിനെക്കുറിച്ച് എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍, പലരും അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്.
വാർധക്യത്തിലേക്ക് അടുക്കുമ്ബോഴല്ല, യൗവനത്തില്‍ തന്നെ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റാൻ എത്ര തുക വേണ്ടി വരും, അതിനായി എവിടെ നിക്ഷേപം നടത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ നേരത്തെ തീരുമാനിക്കണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു തുക നിങ്ങളുടെ കയ്യില്‍ കിട്ടും.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് നാഷണല്‍ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്. ഈ പദ്ധതിയില്‍ 5 കോടി നിക്ഷേപിച്ച് പ്രതിമാസം 2.5 ലക്ളം പെൻഷനായി നേടാൻ കഴിയുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി അറിയാം.
5 കോടി നിക്ഷേപിക്കാനുള്ള ഫോർമുല എന്താണ്?
ഈ ഫോർമുല എല്ലാവർക്കും പ്രയോഗിക്കാൻ കഴിയില്ലെന്ന സത്യം ആദ്യം നിങ്ങള്‍ മനസിലാക്കണം. വളരെ അടുത്ത് ജോലിയില്‍ പ്രവേശിച്ച യുവതി യുവാക്കള്‍ക്കാണ് ഈ ഫോർമുല പ്രയോഗിക്കാൻ കഴിയുക. 60-ാം വയസില്‍ റിട്ടയർമെന്റ് സമയത്ത് 5 കോടി കിട്ടണമെങ്കില്‍ നിങ്ങള്‍ 25 വയസിനു മുൻപ് ജോലിയില്‍ പ്രവേശിക്കണം. 25-ാം വയസില്‍ നിങ്ങളുടെ ശമ്ബളത്തില്‍നിന്നും പ്രതിദിനം 442 രൂപ സ്വരൂപിച്ച് എൻപിഎസില്‍ നിക്ഷേപിച്ചാല്‍ റിട്ടയർമെന്റ് സമയത്ത് നിങ്ങള്‍ക്ക് 5 കോടി നേടുക ബുദ്ധിമുട്ടുള്ള കാര്യമല്ല.
പ്രതിദിനം 442 രൂപ മാറ്റിവച്ച് 5 കോടി ആക്കുന്നത് എങ്ങനെ?
നിങ്ങള്‍ ദിവസവും 442 രൂപ മാറ്റിവയ്ക്കുന്നുവെങ്കില്‍, അതിനർത്ഥം നിങ്ങള്‍ പ്രതിമാസം 13,260 രൂപ നിക്ഷേപിക്കണം എന്നാണ്. 25 വയസില്‍ നിക്ഷേപം തുടങ്ങിയാല്‍ 60 വയസ് വരെ 35 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ പണം എൻപിഎസില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ശരാശരി 10 ശതമാനം പലിശ ലഭിക്കും. ഈ രീതിയില്‍, കൂട്ടുപലിശ ലഭിക്കുന്നതിലൂടെ, നിങ്ങളുടെ പണം 60-ാം വയസില്‍ 5.12 കോടി രൂപയാകും.
പ്രതിമാസം 2.5 ലക്ഷം എങ്ങനെ കിട്ടും?
എൻപിഎസില്‍ എല്ലാ മാസവും 13,260 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 35 വർഷത്തിനുള്ളില്‍ മൊത്തം 56,70,200 രൂപ നിക്ഷേപിക്കും. 35 വർഷത്തേക്ക് 56.70 ലക്ഷം രൂപ നിക്ഷേപിക്കുമ്ബോള്‍ നിങ്ങള്‍ക്ക് 4.55 കോടി രൂപ പലിശ ലഭിക്കും. റിട്ടയർമെന്റ് സമയത്തെ നിങ്ങളുടെ മൊത്തം നിക്ഷേപം 5.12 കോടി രൂപയാകും. ഈ തുക മുഴുവൻ ഒരു ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുകയാണെങ്കില്‍ എല്ലാ മാസവും നല്ലൊരു തുക പലിശയായി ലഭിക്കും. നിങ്ങള്‍ക്ക് പ്രതിവർഷം 25.60- 30.72 ലക്ഷം രൂപ ലഭിക്കും. അതായത് എല്ലാ മാസവും 2.13-2.56 ലക്ഷം രൂപ കയ്യില്‍ കിട്ടും.