HomeIndiaവിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം

വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം

സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച്‌ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021 മെയ് മുതല്‍ നില നില്‍ക്കുന്ന കൂടിയ വാല്യുവേഷൻ വരും മാസങ്ങളില്‍ കുറയുമെന്നാണ് കരുതുന്നത്. ഇതിനു വിപരീതമായി, കുറഞ്ഞ വാല്യുവേഷനും ഉത്തേജക പദ്ധതികളും കാരണം ആഗോള നിക്ഷേപകർ കൂടിയ തോതില്‍ ചൈനീസ് വിപണിയിലേക്ക് ആകർഷിക്കപ്പെടുകയാണ്. വർധിക്കുന്ന ആഗോള സംഘർഷങ്ങള്‍ക്കിടയില്‍ വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് ഈയിടെയായി വർധിച്ചിരിക്കുന്നു. എണ്ണ വില ബാരലിന് 80-85 ഡോളറിന് മുകളിലെത്തിയത് ആഭ്യന്തര സമ്ബദ്വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 80 ഡോളറിന് താഴെ നില്‍ക്കുന്നതാണ് ഗുണകരം.

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ മറികടന്ന് ഭരണ കക്ഷി നേടിയ വിജയം ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചിരുന്നു. സമാനമായി വിശാല വിപണിയിലും പ്രതിരോധം ദൃശ്യമായിരുന്നു. നിഫ്റ്റി 50 സൂചിക 24,800ല്‍ പിന്തുണ നേടി. അതേസമയം താത്കാലികമായിരുന്നു ഈ നില. പോയ വാരം ഗുണകരമായ ഈ അവസ്ഥ നില നിർത്താൻ കഴിയാതെ 25,000 ത്തിനു താഴെയായാണ് വിപണി ക്ലോസ് ചെയ്തത്. പുറത്തുവന്നുകൊണ്ടിരിക്കുന്ന രണ്ടാം പാദ ഫലങ്ങള്‍ ഇനി പ്രധാനഘടകമാകും.

ആർബിഐ പണനയം ഗുണ ദോഷങ്ങളില്ലാതെ തുടർന്നതിനാല്‍ നിഫ്റ്റി ബാങ്ക് ഓഹരികള്‍ പിടിച്ചു നില്‍ക്കാൻ ബദ്ധപ്പെട്ടു. പലിശ നിരക്കിളവ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ഉദാര നയത്തില്‍ നിന്ന് നിഷ്പക്ഷ നയത്തിലേക്കുള്ള മാറ്റം വിപണിക്ക് ചെറിയ ആശ്വാസം പകർന്നു. ചില്ലറ വ്യാപാര രംഗത്തെ വിലക്കയറ്റം മാറ്റമില്ലാതെ നില നില്‍ക്കുമെന്ന് 2025 സാമ്ബത്തിക വർഷം മൂന്നാം പാദ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. നിക്ഷേപ ചെലവുകളിലുണ്ടായ അസ്ഥിരതയും ലാഭത്തിലെ സമ്മർദവും എഫ്‌എംസിജി ഓഹരികളെ ബാധിച്ചു. ആർബിഐയുടെ നിലപാട് ഗുണകരമെങ്കിലും വിലക്കയറ്റം തുടരുന്നതിനാല്‍ പലിശ നിരക്കിളവ് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ഫെഡ് കൂടുതല്‍ നിരക്കിളവ് പ്രഖ്യാപിച്ചാല്‍ 2024 ഒടുവിലോ 2025 ന്റെ തുടക്കത്തിലോ റിസർവ് ബാങ്കും സമാനവഴിയില്‍ പോയേക്കാം. രാജ്യങ്ങള്‍ തമ്മിലുള്ള പലിശ നിരക്കിലെ വിടവ് വർധിക്കുന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കുകയും ചെയ്യും.

ഒന്നാം പാദത്തേക്കാള്‍ ഭേദമാകുമെങ്കിലും രണ്ടാം പാദഫലങ്ങള്‍ ദുർബലമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നാം പാദത്തിലെ 6-7 ശതമാനത്തെ അപേക്ഷിച്ച്‌ നിഫ്റ്റി 50 സൂചികയുടെ നികുതിക്കു ശേഷമുള്ള ലാഭം മുൻ വർഷത്തെയപേക്ഷിച്ച്‌ 8 മുതല്‍ 10 ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമ്ബദ്വ്യവസ്ഥയിലൊന്നാകെ വീണ്ടെടുപ്പ് ദുർബലമായിരുന്നു. എണ്ണ, വാതകം, എഫ്‌എംസിജി, സിമെന്റ്, ബാങ്ക് എന്നീ മേഖലകളിലെ ഫലം വളരെ മോശമായി. ടെലികോം, ലോഹ, ഊർജ മേഖലകള്‍ മെച്ചപ്പെട്ടു.

ആഗോള ഡിമാന്റില്‍ വർധനില്ലാത്തതും സർക്കാർ, ഗ്രാമീണ തലങ്ങളിലുള്ള ചെലവഴിക്കല്‍ കുറഞ്ഞതു കാരണം ആഭ്യന്തര ഡിമാന്റിലുണ്ടായ കുറവും കൂടിയ തോതിലുള്ള വിലക്കയറ്റവുമാണ് മുൻ പാദത്തെയപേക്ഷിച്ച്‌ ലാഭവർധന കുറയാൻ ഇടയാക്കിയത്. ആഗോള, ഗ്രാമീണ തലങ്ങളില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം വില്‍പനയേയും ലാഭത്തേയും ബാധിക്കുന്നു. കഴിഞ്ഞ 2-3 വർഷങ്ങളായി പ്രവർത്തന ലാഭത്തിലുണ്ടായ നേട്ടം ഇന്ത്യയ്ക്കു ഗുണകരമായിരുന്നു. ഇന്നിത് ഇല്ലാതായെന്നു മാത്രമല്ല, ലാഭം കുറയുന്നതിലേക്കു നീങ്ങുകയും ചെയ്തു.

ആദ്യം പുറത്തുവന്ന രണ്ടാം പാദ ഫലങ്ങള്‍ ഹ്രസ്വകാലയളവില്‍ കോർപറേറ്റ് ലാഭ വളർച്ചയില്‍ പുരോഗതി കാണിച്ചില്ല. ഒന്നും രണ്ടും പാദത്തിലെ ദുർബലമായ ഫലങ്ങള്‍ മൂന്നും നാലും പാദ ഫലങ്ങളില്‍ മെച്ചപ്പെടുമോ എന്ന ആശങ്ക വിപണിയില്‍ ഉയർന്നിട്ടുണ്ട്. ഒന്നാം പാദത്തില്‍ വെളിപ്പെട്ടതുപോലെ ഇടിവിന്റെ സാഹചര്യം വർധിച്ചാല്‍, ഇന്ത്യയുടെ കൂടിയ വാല്യുവേഷൻ കുറയാൻ അതിടയാക്കും. കഴിഞ്ഞ 3-4 വർഷമായി രാജ്യത്തിന്റെ പ്രീമിയം വാല്യുവേഷൻ നില നില്‍ക്കുകയാണ്. എന്നാല്‍ ഹ്രസ്വകാലയളവില്‍ വിപണിയെ ജാഗ്രതപ്പെടുത്തും വിധം വാല്യുവേഷൻ കുറഞ്ഞേക്കും.

ജാഗ്രത പുലർത്തുമ്ബോഴും വിപണിയെക്കുറിച്ചുള്ള നിക്ഷേപകരുടെ പ്രതീക്ഷ ശോഭനമാണ്. ഈയിടെയുണ്ടായ തിരുത്തലിന്റേയും ഇപ്പോള്‍ നടക്കുന്ന ഏകീകരണത്തിന്റേയും ഫലം നേടുന്നതിനായി നിക്ഷേപകർ ഓഹരികളുടെ ഗുണ നിലവാരം നോക്കി തെരഞ്ഞെടുപ്പു നടത്തുന്നു. സമ്ബദ്വ്യവസ്ഥയിലുണ്ടായ വേഗക്കുറവിന്റേയും പണംവരവ് കുറഞ്ഞതിന്റേയും ഫലം ഇക്വിറ്റി ആസ്തികളെ ദോഷകരമായ ബാധിച്ചേക്കുമെന്നതിനാല്‍ നിക്ഷേപകർ പോർട്ഫോളിയോകള്‍ പുനരവലോകനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഉപഭോഗം, എഫ്‌എംസിജി, അടിസ്ഥാന സൗകര്യം, പുതുതലമുറ കമ്ബനികള്‍, ഉപകരണ നിർമ്മാണം, കെമിക്കല്‍ എന്നീ സെക്ടറുകളിലെ ഓഹരികളിലാണ് സാധ്യത. ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഐടി, ഫാർമസ്യൂട്ടിക്കല്‍സ്, വാഹനം എന്നിവ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മെച്ചപ്പെടാൻ സാധ്യയില്ല.

Latest Posts