ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്.ഫെഡ് മേധാവി ജെറോം പവല്‍ നിരക്ക് കുറയ്ക്കലിന്റെ ട്രാക്കിലേക്ക് മാറിക്കഴിഞ്ഞു. ഈ വർഷംതന്നെ അര ശതമാനംകൂടി കുറച്ചേക്കുമെന്നും വിലയിരുത്തലുകള്‍ വരുന്നു.2020ന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ കേന്ദ്ര ബാങ്ക് നിരക്ക് കുറയ്ക്കാൻ തയ്യാറാകുന്നത്. 4.75-5 ശതമാനം എന്ന ഉയർന്ന നിരക്കിന്റെ കാലം 14 മാസമായിരുന്നു. സമാനതകളില്ലാത്ത തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ പവല്‍ നിരക്ക് കുറയ്ക്കലിന്റെ തുടർ നീക്കങ്ങള്‍ക്കായിരിക്കും ഇനി ശ്രദ്ധ കൊടുക്കുക.
എങ്ങനെ നേട്ടമാക്കാം
നിരക്ക് കുറയ്ക്കല്‍ രാജ്യത്തെ വിപണിയിലേയ്ക്ക് വിദേശ നിക്ഷേപം ഒഴുകാനുള്ള സാഹചര്യമൊരുക്കും. യുഎസിലെ കടപ്പത്ര ആദായം ആകർഷകമല്ലാതാകുന്നതോടെ വൻകിടക്കാർ ഇന്ത്യ പോലുള്ള വികസ്വര വിപണികള്‍ ലക്ഷ്യമിടുമെന്ന കാര്യത്തില്‍ സംശയമില്ല.
വിദേശികള്‍ വരുമ്ബോള്‍, ചെറുകിട ഓഹരികള്‍ക്കാവില്ല നേട്ടം. അവർ ലക്ഷ്യംവെയ്ക്കുന്നത് വൻകിട കമ്ബനികളിലാണ്. ബുധനാഴ്ചയിലെ നിരക്ക് കുറയ്ക്കല്‍ ആദ്യം നേട്ടമാക്കിയത് വൻകിട ഓഹരികള്‍ തിങ്ങിനിറഞ്ഞ സെൻസെക്സും നിഫ്റ്റിയുമാണെന്നകാര്യം ഓർക്കണം.
മിഡ്, സ്മോള്‍, മൈക്രോ ക്യാപ് ഓഹരികളില്‍ പലതും വില്പന സമ്മർദം നേരിട്ടത് കാണാതെ പോകരുത്.
ഏറെക്കാലം കുതിപ്പിന്റെ പാതയിലായിരുന്ന പൊതുമേഖല ഓഹരികള്‍ നഷ്ടക്കണക്കുകള്‍ പറഞ്ഞുതുടങ്ങി. നിക്ഷേപകർക്ക് വൻതോതില്‍ നേട്ടം സമ്മാനിച്ച ഇടത്തരം ചെറുകിട ഓഹരികള്‍ ചുവപ്പ് രാശിയിലാണ്. വ്യാഴാഴ്ച വിശാല വിപണിയില്‍ കുതിപ്പുണ്ടായെങ്കിലും ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം ഓഹരികളുടെ വിപണി മൂല്യത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ കുറവുണ്ടായത് ഒരു സൂചനയാണ്.
ഗുണമേന്മതന്നെ പ്രധാനം
വിപണി ഒരു ആവൃത്തി പിന്നിടുകയാണ്. നേട്ടം സമ്മാനിക്കുന്ന സെക്ടറുകളില്‍ മാറ്റമുണ്ടാകുന്നു. മൂല്യത്തേക്കാള്‍ ഗുണനിലവാരമുള്ള ഓഹരികലിലേക്കുള്ള മാറ്റം പ്രകടമായി തുടങ്ങി. വൻകിട ഓഹരികളിലെ വിദേശ നിക്ഷേപകരുടെ താത്പര്യം ഈ മാറ്റത്തെ അതിവേഗം ചലിപ്പിച്ചേക്കാം. പല വൻകിട ഓഹരികളും ന്യായമായ വിലയില്‍ ഇപ്പോള്‍ ലഭ്യമാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഓഹരികള്‍ തേടിയാണ് അവർ പലപ്പോഴും വരുന്നത്. നാട്ടിലെ റീട്ടെയിലുകാർക്കാണെങ്കില്‍ കുതിക്കുന്ന ഓഹരികളുടെ പിന്നാലെ ഓടാനാണ് താത്പര്യം.
രണ്ടുമാസത്തെ ചലനം നിരീക്ഷിച്ചാല്‍ ഇടത്തരം ചെറുകിട ഓഹരികളിലെ കിതപ്പ് പ്രകടമാകും. വൻകിട സ്വകാര്യ ബാങ്കുകള്‍, ടെലികോം, ഉപഭോഗം, ഐടി, ഫാർമ എന്നീ മേഖലകളാകും ഈ കാലയളവില്‍ പ്രതിരോധം തീർക്കുക.ഇപ്പോള്‍ നിരക്ക് കുറച്ചത് ഫെഡ് ആണ്. പണപ്പെരുപ്പം വരുതിയിലാകുന്നതോടെ റിസർവ് ബാങ്കും അതിന് പിന്നാലെയാകും. അധികകാലം കാത്തിരിക്കേണ്ടിവരില്ല. മുമ്ബെ പറക്കുന്ന പക്ഷിയാണ് എപ്പോഴും യുഎസ്. അതുകൊണ്ടുതന്നെ ആഗോളതലത്തിലുള്ള നിരക്ക് കുറയ്ക്കലിന്റെ വാതില്‍ തുറന്നുകഴിഞ്ഞു.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം തുടക്കത്തിലോ രാജ്യത്ത് കാല്‍ ശതമാനമെങ്കിലും നിരക്ക് താഴ്ത്തിയാല്‍ അത്ഭുതപ്പെടാനില്ല.