HomeIndiaഇന്നത്തെ താരങ്ങൾ ടാറ്റ എൽഎക്സിയും, സീയും: ഓഹരി വിപണി വിശകലനം വായിക്കാം (...

ഇന്നത്തെ താരങ്ങൾ ടാറ്റ എൽഎക്സിയും, സീയും: ഓഹരി വിപണി വിശകലനം വായിക്കാം ( 27/08/2024)

യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യത കണക്കിലെടുത്ത് സെൻസെക്സും നിഫ്റ്റിയും മധ്യദിന വ്യാപാരത്തില്‍ 0.18 ശതമാനം ഉയർന്നിരുന്നു.ഉച്ചയോടെ സെൻസെക്‌സ് 147.73 പോയിന്റ് ഉയർന്ന് 81,845.84 എന്ന നിലയിലും നിഫ്റ്റി 45.40 പോയിന്റ് ഉയര്‍ന്ന് 25,056.00 എന്ന നിലയിലും എത്തിയിരുന്നു.എന്നാല്‍ വ്യാപാരാന്ത്യത്തില്‍ സെൻസെക്സ് 0.02 ശതമാനം ഉയർന്ന് 81,711.76 ലും നിഫ്റ്റി 0.03 ശതമാനം ഉയർന്ന് 25,017.80 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 13.65 പോയിന്റിന്റേയും നിഫ്റ്റി 7.20 പോയിന്റിന്റെയും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 81,919.11 പോയിന്റിനും 81,600.51 പോയിന്റിനും ഇടയില്‍ ഉയരുകയും താഴുകയും ചെയ്താണ് ഇന്ന് നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഫിൻസെർവ് (2.46%), എസ്ബിഐ ലൈഫ് (2.27%), മാരുതി (1.91%), എച്ച്‌ഡിഎഫ്സി ലൈഫ് (1.66%), എല്‍ ആൻഡ് ടി (1.60%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ജെ.എസ്.ഡബ്ലിയു സ്റ്റീല്‍ (-2.04%), ടൈറ്റൻ (-1.93%), ഹിന്ദുസ്ഥാൻ യൂണിലിവർ (-1.92%), ഗ്രാസിം (-1.26%), കോള്‍ ഇന്ത്യ (-1.18%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

കള്‍വർ മാക്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി (സോണി പിക്‌ചേഴ്‌സ്) ലയിച്ചതിനെ തുടര്‍ന്നുണ്ടായ എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കഴിഞ്ഞതായി സീ എന്റർടൈൻമെന്റ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കമ്ബനിയുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.സിംഗപ്പൂർ ഇന്റർനാഷണല്‍ ആർബിട്രേഷൻ സെന്ററിന് (എസ്.ഐ.എ.സി) മുമ്ബാകെയുള്ള എല്ലാ പരാതികളും പിൻവലിക്കാനും പരസ്പരം ക്ലെയിമുകളും എതിർ ക്ലെയിമുകളും ഉന്നയിക്കുന്നത് ഉപേക്ഷിക്കാനും ഇരു കമ്ബനികളും ധാരണയില്‍ എത്തിയിരുന്നു. സീ എന്റർടൈൻമെന്റ് ഓഹരി 11.61 ശതമാനം ഉയര്‍ന്ന് 150.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി മിഡ് ക്യാപ് 0.49 ശതമാനത്തിന്റെയും നിഫ്റ്റി സ്മാള്‍ ക്യാപ് 1.05 ശതമാനത്തിന്റെയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീ ഓഹരികളുടെ ചുമലിലേറി നിഫ്റ്റി മീഡിയ 4.10 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.82 ശതമാനത്തിന്റെയും നിഫ്റ്റി ഫാര്‍മ 0.77 ശതമാനത്തിന്റെയും നേട്ടം ഇന്ന് കൊയ്തു. നിഫ്റ്റി ഹെല്‍ത്ത് കെയര്‍ 0.44 ശതമാനവും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.30 ശതമാനത്തിന്റെയും നേട്ടവുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.നിഫ്റ്റി എഫ്.എം.സി.ജി സൂചിക 1.06 ശതമാനത്തിന്റെ ഇടിവുമായി ചുവപ്പു വെളിച്ചം കണ്ടു. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.64 ശതമാനത്തിന്റെയും നിഫ്റ്റി മെറ്റല്‍ 0.61 ശതമാനത്തിന്റെയും നിഫ്റ്റി ഓട്ടോ 0.11 ശതമാനത്തിന്റെയും നഷ്ടം ഇന്ന് രേഖപ്പെടുത്തി.

ബി.എസ്.ഇയില്‍ ആകെ വ്യാപാരം നടത്തിയ 4,026 ഓഹരികളില്‍ 2,097 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 1,818 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 111 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 348 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയവ 19 ഉം ആയിരുന്നു. 383 ഓഹരികള്‍ അപ്പർ സർക്യൂട്ടിലും 220 ഓഹരികള്‍ ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

വിപണിയിലെ കനത്ത ട്രേഡിംഗ് വോളിയത്തിന്റെ ബലത്തില്‍ ടാറ്റ ഗ്രൂപ്പ് കമ്ബനിയുടെ ഓഹരികള്‍ 16.5 ശതമാനം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഓഹരി അതിന്റെ മുകളിലേക്കുള്ള പ്രവണത തുടർച്ചയായ നാലാം സെഷനിലും തുടര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ 22 ശതമാനത്തിലധികം നേട്ടമാണ് ടാറ്റ എല്‍ക്സി ഓഹരികള്‍ സ്വന്തമാക്കിയത്. ടാറ്റ എല്‍ക്സി ഓഹരി 8950 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

നേട്ടത്തിലായവര്‍

ജെ.എസ്.ഡബ്ലിയു ഇൻഫ്രാസ്ട്രക്ചർ 8.17 ശതമാനം നേട്ടത്തില്‍ 334.40 ലും ടാറ്റ ടെക്നോളജീസ് 4.75 ശതമാനം നേട്ടത്തില്‍ 1098.50 ലും ആര്‍.ഇ.സി 4.48 ശതമാനം നേട്ടത്തില്‍ 616 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ സിഗാള്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇൻട്രാഡേയില്‍ സ്റ്റോക്ക് 7 ശതമാനത്തോളം ഉയർന്നു. തുടര്‍ന്ന് 2.5 ശതമാനം നേട്ടത്തില്‍ ഓഹരി 403.60 ലാണ് ക്ലോസ് ചെയ്തത്.

മെഡി അസിസ്റ്റ് ഹെല്‍ത്ത്കെയറിന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായ മെഡി അസിസ്റ്റ് ഇൻഷുറൻസ് 311.8 കോടി രൂപയ്ക്ക് പാരാമൗണ്ട് ഹെല്‍ത്ത് സർവീസസ് ആൻഡ് ഇൻഷുറൻസിന്റെ മുഴുവൻ ഓഹരിയും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് കമ്ബനിയുടെ ഓഹരി 7.55 ശതമാനം ഉയർന്നു. മെഡി അസിസ്റ്റ് ഹെല്‍ത്ത്കെയറിന്റെ ഓഹരി 604.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രോഫിറ്റ് ബുക്കിംഗ് മൂലം മിൻഡ കോർപ്പറേഷൻ ഓഹരി ഏഴ് ശതമാനം ഇടിഞ്ഞു. കമ്ബനിയുടെ ഓഹരി 588 ലാണ് ക്ലോസ് ചെയ്തത്.

നഷ്ടത്തിലായവര്‍

പ്രോഫിറ്റ് ബുക്കിംഗ് കാരണം കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുളള പ്രതിരോധ ഉപകരണ നിർമാണ കമ്ബനിയായ ഭാരത് ഇലക്‌ട്രോണിക്സിന്റെ ഓഹരി 1.8 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ 125 ശതമാനത്തിന്റെ ഉയർച്ചയാണ് ഓഹരി കാഴ്ചവെച്ചത്. 2024 ല്‍ ഇതുവരെ 65 ശതമാനത്തിന്റെ നേട്ടമാണ് ഭാരത് ഇലക്‌ട്രോണിക്സ് സ്വന്തമാക്കിയിട്ടുളളത്. ഓഹരി 301.15 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

സിൻജീൻ ഇന്റർനാഷണല്‍ 3 ശതമാനത്തിന്റെയും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്‌ട്സ് 2.93 ശതമാനത്തിന്റെയും കമ്മിൻസ് ഇന്ത്യ 2.60 ശതമാനത്തിന്റെയും നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. പി.ബി ഫിൻടെക് ഓഹരി 2.33 ശതമാനത്തിന്റെ നഷ്ടത്തിലും സോന ബി.എല്‍.ഡബ്ലിയു പ്രിസിഷൻ ഫോർഗിംഗ്സ് 2.19 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

കേരളാ ഓഹരികളുടെ പ്രകടനം

കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. സ്കൂബി ഡേ ഓഹരി 6.78 ശതമാനത്തിന്റെയും കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 4.35 ശതമാനത്തിന്റെയും ഹാരിസണ്‍സ് മലയാളം 2.49 ശതമാനത്തിന്റെയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഡ്ടെക് സിസ്റ്റംസ് 4.96 ശതമാനത്തിന്റെയും കേരളാ ആയുര്‍വേദ 2.44 ശതമാനത്തിന്റെയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 1.27 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.

കേരളാ ഓഹരികളുടെ ഇന്നത്തെ പ്രകടനം

കല്യാണ്‍ ജുവലേഴ്‌സിന്റെ പ്രൊമോട്ടർമാർ 2,500 കോടി രൂപയുടെ കടം സ്വരൂപിക്കാന്‍ ഒരുങ്ങുന്നതായി ഇന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കല്യാണ്‍ ജുവലേഴ്സിലെ തങ്ങളുടെ ഓഹരി വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്താനാണ് പ്രമോട്ടര്‍മാര്‍ ധന സമാഹരണം നടത്തുന്നത്.യു.എസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം വാർബർഗ് പിൻകസിന് കമ്ബനിയുളള ഓഹരികളാണ് പ്രമോട്ടര്‍മാര്‍ ഏറ്റെടുക്കുന്നത്. കല്യാണ്‍ ജുവലേഴ്സ് 0.93 ശതമാനം നഷ്ടത്തില്‍ 611 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഫാക്ടിന്റെ ഓഹരി 0.84 ശതമാനം ഉയര്‍ന്ന് 981 ലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി 0.05 ശതമാനം നേട്ടത്തില്‍ 2058 ലുമാണ് ക്ലോസ് ചെയ്തത്. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, വണ്ടര്‍ലാ ഹോളിഡേയ്സ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ്, പോപ്പീസ് കെയര്‍, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

Latest Posts