പ്രഭാത വാർത്തകൾ
2024 | ജൂൺ 3 | തിങ്കൾ | ഇടവം 20
◾ മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, റേമല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവയും യോഗങ്ങളില്‍ വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍.
◾ ഇന്ത്യാ മുന്നണിയുടെ തോല്‍വി പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്സിറ്റ് പോളുകള്‍ അല്ല, ഇത് മോദി പോളെന്നും ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 ഇങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി.
◾ എക്സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍, പിസിസി അധ്യക്ഷന്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വോട്ടെണ്ണലില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങള്‍ക്കുള്ള ശ്രമമുണ്ടായാല്‍ അത് തടയുന്നതിന് ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണല്‍ ദിവസം മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ വോട്ടെണ്ണല്‍ ഹാളില്‍നിന്ന് പുറത്തിറങ്ങരുതെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിതായും ഖാര്‍ഗെ അറിയിച്ചു.
◾ വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കേ ഇന്ന് ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കെയാണ് വാര്‍ത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം.
◾ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. അതോടൊപ്പം കേരളത്തില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ ഏജന്‍സികളും ഒരുപോലെ ഫലം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
◾ നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ലെന്നും ഇത്തവണ അവര്‍ക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും എക്സിറ്റ് പോള്‍ പ്രകാരം തന്നെയാണ് തരംഗം എങ്കില്‍ ഇലക്ഷന്‍ കമ്മീഷന്റെയും ഇവിഎമ്മിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുമെന്നും ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹ്നാന്‍ പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും വ്യക്തമാക്കി.
◾ എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോളെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി. എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാര്‍ ഉണ്ടാകും. അത് വോട്ട് എണ്ണിയാല്‍ തീരുമെന്നും മന്ത്രി പറഞ്ഞു.
◾ കാത്തിരിക്കുന്നത് യഥാര്‍ത്ഥ ജനവിധിയെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സര്‍വ്വേ ശരിയല്ല. കേരളത്തില്‍ യുഡിഎഫ് മികച്ച വിജയം നേടും. ഇരുപതില്‍ ഇരുപതും കിട്ടാവുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയം ഉണ്ടാകുമെന്ന് എ.കെ.ബാലന്‍. എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകളില്‍ പറയുന്ന മൂന്ന് സീറ്റുകളിലും ബി.ജെ.പി തോല്‍ക്കുമെന്നും, തൃശൂരില്‍ ബി.ജെ.പി ജയിച്ചാല്‍ ഉത്തരവാദിത്തം യു.ഡി.എഫിനാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
◾ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജയിക്കുമെന്നതായിരുന്നു കണക്ക്. ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാല്‍ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
◾ മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോളില്‍ യുഡിഎഫിന് നേട്ടം. 16 മുതല്‍ 18 സീറ്റുകള്‍ വരെ യുഡിഎഫും 2 മുതല്‍ 4 വരെ സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടാമെന്നുമാണ് സര്‍വ്വെ പറയുന്നത്. 1 മുതല്‍ 3 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ദേശീയ എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോളില്‍ എന്‍ഡിഎ ക്ക് സീറ്റുകളൊന്നും പ്രവചിക്കുന്നില്ല. എന്‍ഡിഎ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂരില്‍ സുരേഷ്ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സര്‍വ്വേ പറയുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുന്നത് രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ്, തിരുവനന്തപുരത്തും പത്തനംതിട്ടയിലും. രണ്ടില്‍ താഴെ മാത്രം വോട്ടുശതമാനത്തില്‍ വ്യത്യാസമുള്ള പാലക്കാടും വടകരയുമാണ് എല്‍ഡിഫ് പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങള്‍. കണ്ണൂരും ആലത്തൂരും പ്രവചനാതീതമെന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫിന്റെ 16 അനുകൂല മണ്ഡലങ്ങളില്‍ മാവേലിക്കര മാത്രമാണ് വോട്ടുശതമാനത്തില്‍ രണ്ടില്‍ താഴെ മാത്രം വ്യത്യാസമുള്ളത്.
◾ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാന്‍ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.
◾ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പോസ്റ്റിലെ അനൗചിത്യം മനോരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
◾ സംസ്ഥാന സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. സമ്പൂര്‍ണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.
◾ ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുത്. പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.
◾ സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ജീവാനന്ദം പദ്ധതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നിരവധി ആശങ്കകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
◾ മുസ്ലീം ലീഗ് നേതാക്കള്‍ അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഐ എന്‍ എല്‍ നേതാവ് മുസ്ലീം ലീഗിലേക്ക് വരുന്നതിനായി അനൗദ്യോഗിക ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകെ കുറച്ചു ആളുകള്‍ അല്ലേ ഐ എന്‍ എല്ലില്‍ ഉള്ളുവെന്നും ആരു പാര്‍ട്ടിയിലേക്ക് വന്നാലും സന്തോഷമെന്നും സലാം കൂട്ടിച്ചേര്‍ത്തു. പി എം എ സലാമുമായി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
◾ പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കണം. ടോള്‍ നിരക്ക് വര്‍ധനക്കെതിരെ ടോള്‍ പ്ലാസയില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.
◾ കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കും. എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. പരീക്ഷാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം പരിഗണിച്ചുള്ള സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
◾ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ കുടുംബം ഹാജരായി മൊഴി നല്‍കി. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്. കൊച്ചി കുസാറ്റ് ക്യാംപസിലാണ് ജുഡീഷ്യല്‍ കമ്മിറ്റി സിറ്റിങ് നടത്തുന്നത്. ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും കമ്മിറ്റി മുന്‍പാകെ ബോദ്ധ്യപ്പെടുത്തിയെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ പറഞ്ഞു.
◾ കോഴിക്കോട് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നര്‍ക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.
◾ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടതെന്നും വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണമെന്നും ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
◾ വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട എടക്കുളത്താണ് സംഭവം. കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. പേരക്കുട്ടി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ പത്തനംതിട്ട അടൂര്‍ കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയില്‍ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനില്‍ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
◾ കോട്ടയം മണിമല സ്വദേശിയായ വയോധിക മണിമലയാറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
◾ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് മധ്യപ്രദേശിലെ രാജ്ഗഢിലെ പിപ്ലോദിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
◾ ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്‌സഭാ സീറ്റിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൂടിയായ എംഎല്‍എ സോംനാഥ് ഭാരതി പറഞ്ഞു.
◾ മഹാരാഷ്ട്രയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തളളി ഇരു മുന്നണികളും. സര്‍വേ ഫലങ്ങള്‍ കോര്‍പ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന. മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ ഇത്തവണയും നേടുമെന്നും ശിവസേന ഷിന്‍ഡേ വിഭാഗം പറഞ്ഞു.
◾ അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം. അരുണാചല്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 ല്‍ 46 സീറ്റും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്‍പിപി 5ഉം കോണ്‍ഗ്രസ് 1 സീറ്റും നേടി. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളും നേടിയാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.
◾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ കലക്ടര്‍മാരെ വിളിപ്പിച്ചെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോടാണ് വസ്തുതകള്‍ തേടി. ആരോപിക്കപ്പെട്ടതു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജില്ലാ വരണാധികാരികള്‍ അറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് ബോധ്യമുള്ള വസ്തുതകള്‍ അറിയിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നോട്ടിസില്‍ പറയുന്നത്. 150 ജില്ലാവരണാധികളെ അമിത് ഷാ വിളിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.
◾ ജാമ്യകാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും, ജൂണ്‍ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു. ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ. എനിക്ക് ഭയമില്ല. എന്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
◾ യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്.
◾ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍. ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നതോടെയാണ് അമിത് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.
◾ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കാനഡ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക 40 പന്തില്‍ പുറത്താകാതെ 94 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സിന്റെ മികവില്‍ ലക്ഷ്യത്തിലെത്തി.
◾ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പാപുവ ന്യൂ ഗിനിയക്കെതിരെ 5 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റ്ിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◾ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2,08,207.93 കോടി രൂപയാണ് എട്ട് കമ്പനികള്‍ക്ക് ഒന്നടങ്കം നഷ്ടമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടിസിഎസിനുമാണ് ഏറ്റവുമധികം മൂല്യം ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1,449 പോയിന്റ് ആണ് ഇടിഞ്ഞത്. 75,000 എന്ന നാഴികക്കല്ല് പിന്നിട്ട് കുതിച്ച സെന്‍സെക്‌സ് ആണ് കഴിഞ്ഞയാഴ്ച 74,000ല്‍ താഴെ എത്തിയത്. പത്തു മുന്‍നിര കമ്പനികളില്‍ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 67,792 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 19,34,717 കോടിയായി. 65,577 കോടി രൂപയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 13,27,657 കോടിയായി താഴ്ന്നു. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസിന് 24,338 കോടിയും ഐടിസിക്ക് 12,422 കോടിയും എല്‍ഐസിക്ക് 10,815 കോടിയുമാണ് മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവ യഥാക്രമം 10,954 കോടിയുടെയും എസ്ബിഐ 1,338 കോടിയുടെയും നേട്ടം ഉണ്ടാക്കി.
◾ ‘സ്വാഗ്’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് നടി മീര ജാസ്മിന്‍. ഹസിത് ഗോലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്ഫലാ ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മീരയെത്തുന്നത്. ഇത് ആദ്യമായാണ് താരം ഒരു റോയല്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ മീരയുടെ ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. രാജകുമാരിയായി നില്‍ക്കുന്ന മീരയെയാണ് പോസ്റ്ററില്‍ കാണാനാവുക. റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റാണി രുക്മിണി ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിതു വര്‍മ്മയെത്തുന്നത്. ശ്രീ വിഷ്ണു ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രാജ രാജ ചോര എന്ന ചിത്രത്തിന് ശേഷം ഹസിത് ഗോലിയും ശ്രീ വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ്, വിവേക് കുചിബോത്‌ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
◾ കാര്‍ത്തിക് സുബ്ബരാജ് – സൂര്യ കൂട്ടുകെട്ടിലെത്തുന്ന സൂര്യ 44 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ സൂര്യയുടെ നായികയായി പൂജ ഹെഗ്ഡെയാണ് എത്തുക. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഒരു നവവധുവിന്റെ ലുക്കിലാണ് പൂജയെ പോസ്റ്ററില്‍ കാണാനാവുക. ‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്ന ടാഗ്ലൈനോടെയാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. താരങ്ങളുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കാണാന്‍ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജോജു ജോര്‍ജ്, ജയറാം എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് സൂര്യ 44 എന്നാണ് പുറത്തുവരുന്ന വിവരം. സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2024 മെയ് മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 31 ശതമാനം മികച്ച വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. അതേസമയം, മൊത്ത വില്‍പ്പനയില്‍ 17% വാര്‍ഷിക വളര്‍ച്ച നേടി. മഹീന്ദ്രയുടെ പുതിയ എക്സയുവി 3എക്സ്ഒ യുടെ സംഭാവനയും ഈ വളര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ബുക്കിംഗ് ആരംഭിച്ചപ്പോള്‍, വെറും 10 മിനിറ്റിനുള്ളില്‍ 27,000 ബുക്കിംഗുകള്‍ ലഭിച്ചു. അതേസമയം, 60 മിനിറ്റിനുള്ളില്‍ ഈ കണക്ക് 50,000 യൂണിറ്റ് കടന്നു. മൊത്തം വില്‍പ്പന 71,682 യൂണിറ്റായി, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ്. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 43,218 യൂണിറ്റുകളാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം കൂടുതലാണ്. ആഭ്യന്തര മുച്ചക്ര വാഹന വില്‍പ്പന 5,967 യൂണിറ്റായി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം ഉയര്‍ന്നു. ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന 35,237 യൂണിറ്റായി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണ്. മൊത്തം ട്രാക്ടര്‍ വില്‍പ്പന 37,109 യൂണിറ്റായി, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% കൂടുതലാണ്. മൊത്തം കയറ്റുമതി 2,671 യൂണിറ്റായി, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. ആഭ്യന്തര സിവി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധിച്ച് 19,826 യൂണിറ്റായി.
◾ പോലീസ് കേസന്വേഷണത്തിന്റെ സസ്പെന്‍സും ത്രില്ലറും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നോവല്‍. ഓരോ ഘട്ടത്തിലും ആവേശം ചോരാതെ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വായനാനുഭവം. ‘ചരിത്രാന്വേഷി ഒരു പോലീസ് കഥ’. ശ്രീജിത്ത്. കൈരളി ബുക്സ്. വില 161 രൂപ.
◾ എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാല്‍ വയറു കുറയ്ക്കാന്‍ വയറ്റില്‍ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റില്‍ കൊഴുപ്പ് ഇത്തരത്തില്‍ അടിയാന്‍ കാരണം. വയറ്റില്‍ കൊഴുപ്പ് അടിയുന്നതിനെ വിസറല്‍ ഫാറ്റ് എന്നും അറിയപ്പെടുന്നു. ഇത്തരത്തില്‍ വയറ്റില്‍ കൊഴുപ്പടിയുന്നതു മൂലം ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. ദൈനംദിന ജീവതത്തില്‍ ചെയ്യുന്ന മൂന്ന് തെറ്റുകള്‍ വയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രോട്ടീനും നാരുകള്‍ക്കും പകരം നിങ്ങളുടെ ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ്റില്‍ കൊഴുപ്പ് കൂടാന്‍ കാരണമാകുന്നു. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളില്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകുന്നു. ഇത് കോര്‍ട്ടിസോള്‍ അളവു കൂട്ടുകയും അത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു വര്‍ധിക്കുന്നതു മൂലം ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള ആസക്തിയുണ്ടാവുന്നു. ഇത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്കും നയിക്കുന്നു. വെള്ളം കുടിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന നിര്‍ജ്ജലീകരണം വിശപ്പാണെന്ന് തെറ്റുദ്ധരിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കാം. ഇത് ശരീരത്തില്‍ കലോറി കൂടാനും വയറ്റില്‍ കൊഴുപ്പ് അടിയാനും കാരണമാകുന്നു. വയറ്റില്‍ കൊഴുപ്പ് ഉണ്ടാവാതിരിക്കാന്‍ പ്രോട്ടീന്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ തുല്യ അളവിലുള്ള ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും ദിനസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.