കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്
അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയൻ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
അജിതയ്ക്ക് സ്പോണ്‍സറായ അറബിവനിതയില്‍നിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണംപോലും നല്‍കാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ചവിട്ടിത്താഴെയിടാറുണ്ടായിരുന്നു. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ പൂട്ടിയിട്ടു. വീട്ടുടമയുടെ മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങള്‍ ഇതെല്ലാം അറിയുന്നത്. ഒപ്പം കുവൈത്തിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങള്‍ പറയുന്നത്.
കൊടിയമർദനം കാരണം ആ വീട്ടിലെ ജോലിയില്‍നിന്ന് മാറ്റിത്തരണമെന്ന് കുവൈത്തിലേക്ക് കൊണ്ടുപോയ ഏജൻസിേയാട് അജിത ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവർ വീട്ടുടമയുടെ മകളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഏജൻസി കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തങ്ങള്‍ക്ക് അമ്മയെ നഷ്ടമാവുമായിരുന്നില്ലെന്ന് മക്കളായ മിഥുഷയും പ്രത്യുഷും പറയുന്നു.
ആറുമാസംമുമ്ബാണ് അജിത കുവൈത്തിലേക്ക് പോയത്. സാന്പത്തികബുദ്ധിമുട്ടുകൊണ്ടാണ് ഗള്‍ഫില്‍ ജോലിക്കുപോയത്. വീടും മകന്റെ വിദ്യാഭ്യാസവുമൊക്കെ അജിതയുടെ സ്വപ്നമായിരുന്നു. അവിടെയെത്തി രണ്ടുമാസത്തിനുശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മേയ് 15-ന് അവസാനമായി വിളിച്ചപ്പോള്‍ നാട്ടിലേക്കുവരാനുള്ള കാര്യങ്ങള്‍ റെഡിയാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് അജിത പറഞ്ഞതെന്ന് ഭർത്താവ് വിജയൻ പറയുന്നു. 18-ന് വിമാനടിക്കറ്റ് ബുക്ക് ചെയ്തതായി പറഞ്ഞിരുന്നു. 19-ാം തീയതിയായിട്ടും ഭാര്യയെ ഫോണില്‍ കിട്ടാത്തതിനാല്‍ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും നാട്ടിലേക്ക് തിരിച്ചില്ലെന്നുമാത്രമാണ് അറിയാൻകഴിഞ്ഞത്. പക്ഷേ, അന്നുതന്നെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുവൈത്തില്‍നിന്ന് നാട്ടിലേക്ക് മൃതദേഹം കയറ്റിവിടുന്ന ട്രാവല്‍സിന്റെ നമ്ബറില്‍നിന്ന് മകളുടെ േഫാണ്‍നന്പറിലേക്ക് പാസ്പോർട്ടിന്റെ ഫോട്ടോ അയച്ചുതന്ന് ഇതാരാണെന്ന് ചോദിച്ച് മെസേജ് വന്നു. അതിനുശേഷമാണ് മരണവിവരമറിയുന്നത്. സംഭവത്തില്‍ രാഹുല്‍ഗാന്ധിക്കും നോർക്കയ്ക്കും പരാതിനല്‍കിയിട്ടുണ്ട്. നീതികാത്തുകഴിയുകയാണ് ഈ കുടുംബം.