പ്രഭാത വാർത്തകൾ
2024 | ജൂൺ 1 | ശനി | ഇടവം 18
◾ ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയിലും ഇന്നാണ് വിധിയെഴുത്ത്. 6 മണിക്ക് പോളിങ് കഴിയുന്നതോടെ ചാനലുകളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
◾ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.
◾ രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇസ്രയേലി കമ്പനി സ്റ്റോയിക് ഇടപെട്ട് ബിജെപി വിരുദ്ധ പ്രചാരണത്തിന് ശ്രമിച്ചതായി ഓപ്പണ്‍ എ.ഐ. റിപ്പോര്‍ട്ട്. നിര്‍മിതബുദ്ധി ഉപയോഗിച്ച് ഓണ്‍ലൈന്‍ ലേഖനങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ കമന്റുകള്‍ എന്നിവ തയ്യാറാക്കി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ബി.ജെ.പി വിരുദ്ധവും കോണ്‍ഗ്രസ് അനുകൂലവുമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം ഇടപെടല്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യം കണ്ടെത്തി തടസ്സപ്പെടുത്തിയതായും പ്രചാരണം വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നുമാണ് ഓപ്പണ്‍ എ.ഐ.യുടെ കണ്ടെത്തല്‍.
◾ 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചക്കുശേഷം കന്യാകുമാരിയില്‍ നിന്ന് മടങ്ങും. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചത്. ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് ഹാന്‍ഡിലില്‍ 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളര്‍ച്ചയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെതിരെ പരിഹാസമായെത്തിയ കോണ്‍ഗ്രസ് ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോണ്‍ ദൂരെ മാറ്റി വെക്കൂ’ എന്നും എക്സില്‍ കുറിച്ചു.
◾ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും സിദ്ധരാമയ്യക്കുമെതിരെ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണമുന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകള്‍ നടക്കുന്ന ഇടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എക്സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയെയും മകള്‍ വീണയെയും അദ്ദേഹം പൂര്‍ണമായി പിന്തുണച്ചു. മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തിയാല്‍ അതിനെ ആശയം കൊണ്ട് നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡികെ ശിവകുമാര്‍ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ല. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം.
◾ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും, കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾ ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമാണെന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ലെന്നും ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോര്‍ഡ് അംഗം ടിടി മാധവന്‍ പറഞ്ഞു.
◾ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍. വാക്കുകള്‍ വളച്ചൊടിക്കരുതെന്നും മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നു തൊഴുത ഭക്തനാണ് താനെന്നും ശിവകുമാര്‍ വ്യക്തമാക്കി.
◾ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു . പ്രതികള്‍ക്ക് ഇനി ഫോണ്‍ ഉപയോഗിക്കാം,തെളിവ് നശിപ്പിക്കാം,സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യാം. സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാനടക്കം സര്‍ക്കാര്‍ നീക്കം നടത്തി. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വേണ്ടിയുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കള്‍ വിശദീകരിച്ചു.
◾ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ആത്മഹത്യാ പ്രേരണയ്ക്ക് മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യ പ്രേരണകുറ്റം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
◾ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയ മുസ്ലിംലീഗ് സംസ്ഥാനനേതാക്കള്‍ക്ക് നേരെ കുവൈത്തിലെ കെ.എം.സി.സി യോഗത്തില്‍ കയ്യേറ്റം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതാക്കളെ കയ്യേറ്റം ചെയ്യുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ,തൃശ്ശൂര്‍ ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനാണ് നേതാക്കള്‍ കുവൈത്തിലെത്തിയത്.
◾ കോവിഡിനു ശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തിയ കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2023ല്‍, 2022നെ അപേക്ഷിച്ച് 17% വര്‍ദ്ധനവോടെ 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്കുകള്‍ കേരളത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്റെ യഥാര്‍ത്ഥ കഥ പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
◾ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്‍. യൂണിഫോം വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്ളാസുകളുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്‌കൂള്‍ എന്നിവയിലെ വിദ്യാര്‍ത്ഥിള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.
◾ ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞുവീണ് 2 കാറുകള്‍ മണ്ണിനും മരങ്ങള്‍ക്കുമടിയില്‍ കുടുങ്ങി. മണ്ണിടിഞ്ഞുവരുന്നതു കണ്ടതോടെ കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരുക്കില്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു.
◾ കേരള തീരത്തിന് അരികെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നല്‍,കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
◾ തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ കേരളത്തില്‍ മെയ് മാസത്തില്‍ മൂന്ന് സുപ്രധാന കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. ഇറ്റലി ആസ്ഥാനമായ ഡൈനിമേറ്റഡ്, ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പേസ്, നോര്‍വേ ആസ്ഥാനമായുള്ള കോങ്ങ്‌സ്‌ബെര്‍ഗ് എന്നീ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
◾ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി – സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 30 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ് നല്‍കിയത്. ഇന്നലെ 8 മണിക്കൂറോളം വൈകിയശേഷം യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിട്ടും എസി പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്താല്‍ ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു.
◾ മുളകിന്റെ സബ്സിഡി വില സപ്ലൈകോ വില്‍പനശാലകളില്‍ അരക്കിലോയ്ക്ക് 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇന്ന് മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക. വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നുള്ളതിനേക്കാള്‍ 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കുക.
◾ കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
◾ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
◾ യൂട്യൂബര്‍ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്ലോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കണം . സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
◾ മോട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബര്‍ സഞ്ജു ടെക്കി. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവന്‍ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേര്‍ന്ന് നേടിത്തന്നുവെന്നുമാണ് യൂട്യൂബ് വീഡിയോയിലുളളത്. അതേസമയം യുട്യൂബ് വീഡിയോ മോട്ടോര്‍ വാഹനവകുപ്പ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സഞ്ജുവിനെതിരെ കൂടുതല്‍ ശക്തമായ നടപടിക്കാണ് സാധ്യത.
◾ ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന്‍ കുന്നുകര സ്വദേശി ഫഹദിന് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. സംഭവത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കെതിരെ ആലുവ പോലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.
◾ പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍ വീണത്. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ വീണുപരുക്കേറ്റതിന് മാത്രം ചികില്‍സ നല്‍കി ആശുപത്രിയില്‍ നിന്ന് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
◾ കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്,അശോകന്‍ കിനാലൂര്‍ എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. അടച്ചിട്ട ഹോട്ടലില്‍ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്.
◾ ഭക്ഷ്യവിഷബാധ ആരോപിച്ച് ആലപ്പുഴയിലെ കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു.മകന്‍ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.
◾ കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയായ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് സുഹൈല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ എയര്‍ഹോസ്റ്റസ് കല്‍ക്കത്ത സ്വദേശിനി സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലാണെന്നും ഡിആര്‍ഐ വ്യക്തമാക്കി.
◾ പ്രജ്വല്‍ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവില്‍ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രജ്വല്‍ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് പ്രജ്വലിനെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയില്‍ ഹാജരാക്കിയത്.
◾ എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കര്‍ണാടക ഹൈക്കോടതി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത്രയും സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
◾ ബി.ജെ.പി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
◾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെടുന്നു.
◾ അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ സന്നാഹമത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യുടെ എതിരാളി.
◾ 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. തങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. തന്റെ താര പരിവേഷത്തിനപ്പുറം എളിമയും സ്വയം വളര്‍ത്തിയെടുത്ത വിജയവുമാണ് ഷാരൂഖ് ഖാന്റെ വ്യക്തിപ്രഭാവം മികവുറ്റതാക്കുന്നത്. തങ്ങളുടെ കമ്പനികളിലൂടെ വിവിധ തലങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍ ഷാരൂഖ് ഖാനിലൂടെ പ്രതിഫലിക്കുകയാണ്. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഇതിലൂടെ കൂടുതല്‍ ശക്തമാകും. വലിയ സ്വപ്നങ്ങള്‍ കാണുകയും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് അദ്ദേഹത്തിന്റെ ജീവിത കഥ നമ്മളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
◾ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉള്ളൊഴുക്ക്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വീടിനുമുന്നിലെ വെള്ളക്കെട്ടില്‍ മഴയത്ത് നില്‍ക്കുന്ന പാര്‍വതിയേയും ഉര്‍വശിയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. നുണകള്‍ മുങ്ങിപ്പോകും രഹസ്യങ്ങള്‍ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് ചിത്രം. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന വാചകങ്ങളോടുകൂടിയ പാര്‍വതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.
◾ അനുപമ പരമേശ്വരന്‍ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു. ‘ലോക്ക്ഡൗണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാനം എ ആര്‍ ജീവയാണ്. അനുപമ പരമേശ്വരന്‍ നായികയാകുന്ന ലോക്ക്ഡൗണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അനുപമ പരമേശ്വരന്‍ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‌ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‌ക്വയര്‍ വന്‍ ഹിറ്റായിരുന്നു. ടില്ലു സ്‌ക്വയറിനായി അനുപമ പരമേശ്വരന്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ. സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‌ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ വേഷമിട്ടത്.
◾ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ്ടെക്ക് 2.0 എന്ന പേരിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ സ്‌പ്ലെന്‍ഡറിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലോഞ്ച്. ഈ പുതിയ മോഡല്‍ നിരവധി നൂതന സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ്ടെക്ക് 2.0 അതിന്റെ ക്ലാസിക് ഡിസൈന്‍ നിലനിര്‍ത്തുന്നു. ഹൈ ഇന്റന്‍സിറ്റി പൊസിഷന്‍ ലാമ്പ് (എച്ച്ഐപിഎല്‍), എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എച്ച് ആകൃതിയിലുള്ള സിഗ്നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ പുതിയ മോഡലിന്റെ സവിശേഷതകളാണ്, ഇത് റോഡില്‍ വേറിട്ട രൂപം സൃഷ്ടിക്കുന്നു. 82,911 രൂപയാണ് ഈ ബൈക്കിന്റെ ദില്ലി എക്സ്-ഷോറൂം വില. ലിറ്ററിന് 73 കിലോമീറ്ററാണ് ഈ ബൈക്കിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
◾ പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കര്‍മ്മരംഗവും ഇഴചേര്‍ന്ന് നില്‍ക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാല പുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയമെന്ന പേരില്‍ ആ സത്യം സിദ്ധാര്‍ത്ഥിന് മുമ്പില്‍ രൂപം ധരിക്കുന്നു. അതിഭാവുകത്വം നിറയ്ക്കാത്ത കഥാവഴികളിലൂടെ അനിതരസാധാരണമായി അനുവാചകനോട് സംവദിക്കാന്‍ ഈ നോവലിന് സാധിക്കുന്നു. ‘ശരത്കാലപുഷ്പങ്ങള്‍’. മഹേഷ് സി.കെ. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◾ ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം രണ്ടു മുതല്‍ മൂന്ന് വരെ ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണെങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് തൊട്ട് പിന്നാലെ അല്ലെങ്കില്‍ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് സ്വഭാവിക ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷണം ദഹനപ്രക്രിയ പൂര്‍ത്തിയാക്കാതെ വന്‍ കുടലിലേക്ക് നീങ്ങുകയും ഇത് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ നിങ്ങള്‍ക്ക് പെട്ടെന്ന് വിശപ്പ് ഉണ്ടാവാനും കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. കൂടാതെ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്നത് കൊണ്ട് ഗ്യാസ്റ്റിക് ജ്യൂസ് ഡൈല്യൂട്ട് ആവുകയും എന്‍സൈമുകളുടെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും. സ്വാഭാവിക ദഹനം തടസ്സപ്പെടുത്തുന്നതു കൊണ്ട് തന്നെ ഭക്ഷണം ദഹിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം ദഹിക്കാത്ത ഭക്ഷണത്തിലുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും ഇത് ശരീരത്തില്‍ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് അമിത ശരീരഭാരത്തിന് കാരണമാകും. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ അളവു മാത്രമല്ല വെള്ളം കുടിക്കേണ്ട സമയവും മനസ്സിലാക്കേണ്ടത് അവശ്യമാണ്.