കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി. വെള്ളം നിറച്ച കാറില്‍ അപകടരമായ രീതിയില്‍ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജു ടെക്കിയുടെ വാഹനം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വാഹനത്തില്‍ കുളിക്കുകയും പിന്നീട് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്തു. ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ പറഞ്ഞു.
കാറിന്റെ പിൻഭാഗത്തെ പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് സഞ്ജു ടെക്കി അവിടെ പൂള്‍ ഉണ്ടാക്കിയത്. ടാർപോളിൻ വലിച്ചുകെട്ടി അതില്‍ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളില്‍ പൂള്‍ ഉണ്ടാക്കിയത്. ദേശീയ പാതയിലൂടെ ഉള്‍പ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്.
നിരവധി പേർ കാറിനുള്ളിലെ പൂളില്‍ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയില്‍ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് കാറിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവില്‍ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു.