പ്രഭാത വാർത്തകൾ
2024 | മെയ് 28 | ചൊവ്വ | ഇടവം 14 |
◾ താന്‍ പരമാത്മാവാണെന്ന മോദിയുടെ കഥ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും അദാനിയെ സേവിക്കാനാണ് ദൈവം മോദിയെ ഭൂമിയിലേക്ക് അയച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യാസഖ്യത്തിന് അനുകൂലമായ കൊടുങ്കാറ്റു വീശുകയാണെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പാണെന്നും രാഹുല്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി .
◾ ബാര്‍ കോഴ ആരോപണത്തില്‍ പുറത്തുവന്ന, ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്‍. കെട്ടിടം വാങ്ങാന്‍ 50 ലക്ഷം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തി. പിരിവ് നടക്കാത്തതിനാല്‍ തന്നെ വിമര്‍ശിച്ചു, ആ സമ്മര്‍ദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടത്. അന്ന് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ഗ്രൂപ്പില്‍ പലര്‍ക്കും പണം നല്‍കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
◾ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചകളെ കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കിയത് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കടമയുടെ ഭാഗമാണ്. പതിവായി തുടരുന്ന ഈ നിര്‍ദ്ദേശങ്ങളെ ദുര്‍വ്യാഖ്യാനിച്ചാണ് പലതരത്തിലുള്ള വാര്‍ത്താ പ്രചാരണങ്ങളും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
◾ ബാര്‍കോഴ വിവാദത്തില്‍ ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും.
◾ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.
◾ പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതെന്നും അതു മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മുന്‍ കെപിസിസി പ്രസിഡണ്ട് വിഎംസുധീരന്‍ കുററപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകള്‍ മാത്രമായിരുന്നു. അതിപ്പോള്‍ 920 നുമേല്‍ കവിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലായി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.
◾ തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്തു. വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണത്തിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ചാണ് മറ്റ് രണ്ട് പേരെ സസ്പെന്റ് ചെയ്തത്. എന്‍ എസ് യു നേതൃത്വമാണ് 4 പേരെയും സസ്പെന്‍ഡ് ചെയ്തത്.
◾ പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാലയുടേത് ചരിത്ര നേട്ടമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു . വെള്ളിയാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റര്‍ ബി.എസ്.സി പരീക്ഷകളുടെ റിസള്‍ട്ടാണ് സര്‍വകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്.
◾ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inല്‍ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വര്‍ഷത്തെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
◾ സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ . കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വയനാട് ജില്ലാതല സിറ്റിംഗില്‍ എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍ ആയിരുന്നു . നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുണ്ട്. പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
◾ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി അപക്വമാണെന്ന് ഇഡി അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സി.എം.ആര്‍.എല്‍ കമ്പനിയുടെ വാദം ശരിയല്ലെന്നും ഇ .സി .ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇതുവഴി ആരും കുറ്റക്കാരാകുന്നില്ലെന്നും കേന്ദ്ര ഏജന്‍സി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.
◾ പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്നുണ്ടായ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഴയില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കല്‍സ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അര്‍ജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
◾ റോഡിലെ മരം, സമീപത്തെ കെട്ടിടത്തിന് അപകട ഭീഷണി ഉയര്‍ത്തുന്നെന്നും, മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കേരള ഹൈക്കോടതി. സുഗതകുമാരിയുടെ കവിത പരാമര്‍ശിച്ചാണ് ഹര്‍ജി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണന്‍ തള്ളിയത്. പട്ടാമ്പി വഴിയുള്ള പാലക്കാട് – പൊന്നാനി റോഡിലുള്ള മരം മുറിയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
◾ കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
◾ അതിഥിത്തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാതായ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.. കഴിഞ്ഞ ദിവസം വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.
◾ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെവിചാരണ ജൂണ്‍ 17 ലേക്ക് മാറ്റി.കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും അന്വേഷണ സംഘം പ്രതിഭാഗത്തിന് നല്‍കാത്തതാണ് കാരണം. അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും മുഴുവന്‍ രേഖകളും അന്വേഷണ സംഘം കൈമാറിയില്ല. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാത്തത് കാരണം കേസ് വീണ്ടും മാറ്റി.
◾ കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുo. രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
◾ നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷിച്ചു. കോഴിക്കോട് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് എഞ്ചിന്‍ തകരാറിലായാണ് 14 നോട്ടിക്കല്‍ മൈല്‍ അകലെ പത്ത് മത്സ്യത്തൊഴിലാളികളുമായാണ് കടലില്‍ കുടുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയോടെ ബോട്ടും, മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഹാര്‍ബറില്‍ തിരിച്ചെത്തിച്ചു.
◾ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി മുന്‍ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യ, അനില മേരി ഗീവര്‍ഗീസിനെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സമാനമായ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉള്‍പ്പെടെയായിരുന്നു ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം.
◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ പൊലീസ് ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഹുലിന്റെ അമ്മ ഉഷാ കുമാരി, സഹോദരി കാര്‍ത്തിക എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
◾ പാലക്കാട് പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.
◾ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരന്‍ റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ദാമോദര മാരാര്‍ (102) കോഴിക്കോട്ട് അന്തരിച്ചു. വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിയിലായിരുന്നു അന്ത്യം.
◾ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. ഗുജറാത്ത് രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ച് 32 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആയിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ടര വര്‍ഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു. ഇത്രയും കാലം സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു. അഹമ്മദാബാദിലെ രണ്ട് ഗെയിമിംഗ് സോണുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
◾ എന്‍ഡിഎ സ്ഥാനാര്‍ഥിയും ലൈംഗിക അതിക്രമ കേസില്‍ പ്രതിയുമായ പ്രജ്വല്‍ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. ഏപ്രില്‍ 27 മുതല്‍ ഒളിവിലായ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
◾ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാജ്യത്തെ സേനാ മേധാവിമാരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കുന്നത് അപൂര്‍വ്വമാണ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സ്വാഭാവിക നടപടി എന്ന വിശദീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
◾ മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പദ്മശ്രീ പുരസ്‌ക്കാരം തിരികെ നല്‍കാന്‍ പാരമ്പര്യ വൈദ്യനായ ഹേംചന്ദ് മാഞ്ചി. ഈ വര്‍ഷമാണ് മാഞ്ചിക്ക് പത്മശ്രീ ലഭിക്കുന്നത്. മാവോയിസ്റ്റുകള്‍ ഇന്നലെ രാത്രിയില്‍ നാരായണ്‍പൂരിലെ ചമേലി ഗ്രാമത്തില്‍ മൊബൈല്‍ ടവറിന് തീയിട്ട ശേഷം മാഞ്ചിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.നാരായണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പ് ഖനി കമ്മീഷന്‍ ചെയ്തത് മാഞ്ചിയുടെ അറിവോടെയാണെന്നും മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു.
◾ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. സ്വാതി മാലിവാളിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
◾ സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതി ബൈഭവ് കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ബൈഭവ് കുമാര്‍ പ്രകോപനങ്ങളില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്നും സ്വാതി മലിവാള്‍ ദില്ലി തീസ് ഹസാര്‍ കോടതിയില്‍ പറഞ്ഞു.
◾ ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം കനപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടും, ഹരിയാനയില്‍ മന്ത്രിമാരുടെ വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.രാവിലെ 12 മുതല്‍ വൈകീട്ട് 4 വരെയാണ് ധര്‍ണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.
◾ ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ വിട്ടുനില്‍ക്കുന്നത്.
◾ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നല്‍കിയ 53-കാരിയാണ് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
◾ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് വോട്ടുചോദിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. തേജസ്വി യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ വേദിയിലേക്കെത്തിയതോടെയാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്ന് താഴേക്ക് പോയത്.
◾ പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബല്‍ക്കര്‍ സിംഗ് ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു എന്ന് ആരോപണം. ബിജെപി യുവനേതാവ് തജ്ജിന്ദര്‍ ബാഗ സാമൂഹിക മാധ്യമമായ എക്സില്‍ ബല്‍ക്കര്‍ സിംഗിന്റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ഉയരുന്നത്.
◾ ഇതിഹാസ താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തോല്‍വി. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് പുറത്തായത്. നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും എഡ്‌ടെക് വമ്പന്മാരായ ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല. കഴിഞ്ഞ മൂന്നു സീസണുകളായി ബൈജൂസ് ആയിരുന്നു കേരളാ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പ്രത്യേക താല്പര്യമെടുത്തായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടിരുന്നത്. ബൈജൂസിലെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് കരാര്‍ പുതുക്കാതിരിക്കാനുള്ള പ്രധാന കാരണം. ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബിന് നിലവില്‍ കിട്ടുന്നതിലും വലിയ തുകയ്ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഓരോ സീസണിലും 12-16 കോടിക്ക് ഇടയിലായിരുന്നു ഇതിനായി ബൈജൂസ് മുടക്കിയിരുന്നത്. എഡ്‌ടെക് കമ്പനിയുടെ പിന്മാറ്റം സാമ്പത്തികമായി അത്ര മികച്ച സ്ഥിതിയിലല്ലാത്ത ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി നോട്ടം ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള ചില ബഹുരാഷ്ട്ര കമ്പനികള്‍ താല്പര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധകസാന്നിധ്യം സ്‌പോണ്‍സര്‍ഷിപ്പില്‍ ഗുണകരമായി മാറിയേക്കും. ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന അവകാശവാദത്തോടെ എത്തിയ ഇന്ത്യന്‍ സൂപ്പര്‍ലീഗിന് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ക്ലബുകളെല്ലാം തുടര്‍ച്ചയായി കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. സമീപകാലത്തൊന്നും ക്ലബുകള്‍ ലാഭത്തിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
◾ അന്താരാഷ്ട്ര- ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ബിരായാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബുവിന്റെ പുതിയ സിനിമ വരുന്നു. ‘തിയറ്റര്‍- ദി മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അന്‍ജന- വാര്‍സ് നിര്‍മ്മിക്കുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. സജിന്‍ ബാബു തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിന്‍ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.
◾ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രമാണ് ‘തേരി മേരി’. തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആരതി ഗായത്രി ദേവിയാണ്. തേരി മേരിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് തേരി മേരി. ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് ചിത്രത്തിലെ നായികമാര്‍. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിന്‍ ബാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്. തേരി മേരി നിര്‍മിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയാണ്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്. യുവാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
◾ വരാനിരിക്കുന്ന ഗറില്ല 450 ആണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന അടുത്ത ബൈക്ക്. ഈ ബുള്ളറ്റ് പലപ്പോഴായി പരീക്ഷണത്തിനിടെ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇപ്പോള്‍ ഇതിനെ തമിഴ്‌നാട്ടില്‍ പരീക്ഷണം നടത്തുന്നതിനിടെ വീണ്ടും കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രൊഡക്ഷന്‍-റെഡി മോഡലിനോട് അടുത്ത പതിപ്പാണിത്. ഗറില്ല 450 ന്റെ ലോഞ്ച് ജൂലൈ രണ്ടാം വാരത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 സിസിയുമായി സാമ്യമുള്ളതാണ് പുതിയ സ്പൈ ഫോട്ടോകള്‍. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിള്‍-ക്യാപ്‌സ്യൂള്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മുന്‍ ഫോട്ടോകളില്‍ കണ്ടതിന് സമാനമായ വളഞ്ഞ സിംഗിള്‍ സീറ്റ് എന്നിവ ഗറില്ല 450-ന്റെ സവിശേഷതയാണ്. ഷര്‍പ്പ 450 എഞ്ചിന്‍ തന്നെയാണ് ഗറില്ല 450 നും കരുത്തേകുക. 8000 ആര്‍പിഎമ്മില്‍ 39 എച്ച്പിയും 5500 ആര്‍പിഎമ്മില്‍ 40 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 452 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് ലിക്വിഡ് കൂളിംഗ് സജ്ജീകരിച്ചിരിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിന്‍ ഘടിപ്പിക്കും. ആപ്പ് അധിഷ്ഠിത നാവിഗേഷന്‍, ഹെഡ്‌ലാമ്പിനുള്ള എല്‍ഇഡി ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ലൈറ്റ്, അഡ്വാന്‍സ്ഡ് സ്വിച്ച്ഗിയര്‍ എന്നിവ ഉള്‍പ്പെടെ കണക്റ്റുചെയ്ത സാങ്കേതികവിദ്യയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
◾ പ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ നോവല്‍ ‘തട്ടകം’ ഒരു മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അത് മുഴുമിപ്പിക്കാനുള്ള ശ്രമത്തിന്റെ കഥ പറയുകയാണ് രജിതന്‍ കണ്ടാണശ്ശേരി ‘തരങ്ങഴി ‘യിലൂടെ. അപൂര്‍ണ്ണമായി പ്രസിദ്ധീകരിക്കേണ്ടി വന്ന തട്ടകത്തിലെ മുപ്പിലിശ്ശേരിക്കഥകള്‍ തരങ്ങഴിയിലൂടെ കഥാകാരന്‍ പൂര്‍ത്തിയാക്കുന്നു. ഒപ്പം കോവിലന്റെ ജീവിതം തരങ്ങഴിയുടെ താളുകള്‍ക്ക് നിറം പകരുന്നു. മുപ്പിലിശ്ശേരി എന്ന കണ്ടാണശ്ശേരി ഈ കഥയില്‍ കാവിലശ്ശേരിയായും കോവിലന്‍ വരുണനായും കടന്നു വരുന്നു. തട്ടകത്തില്‍ കോവിലന്‍ പറഞ്ഞു വെച്ച ക്വിറ്റിന്ത്യാ സമരം നിറഞ്ഞു തുള്ളുന്ന കാലത്തില്‍ നിന്ന് ഇന്നലെകള്‍ വരെയുള്ള കാവിലശ്ശേരിയുടെ കഥകള്‍ ഈ നോവലില്‍ കാണാം. ‘തരങ്ങഴി’. രജിതന്‍ കണ്ടാണശ്ശേരി. ഡിസി ബുക്സ്. വില 499 രൂപ.
◾ ഭക്ഷണം കൈകൊണ്ട് കുഴച്ച് കഴിക്കുന്നതിന്റെ സുഖം ഒരു ഫോര്‍ക്കിനും സ്പൂണിലും നല്‍കാനാകില്ല. കൈകൊണ്ട് കഴിക്കുന്നതിലൂടെ ദഹനം മുതല്‍ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തയ്യാറാക്കുന്നു. നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സഹായിക്കും. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.