HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 23 | വ്യാഴം | ഇടവം 9

◾ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി –  കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താര പ്രചാരകര്‍ വാക്കുകളില്‍ ശ്രദ്ധാലുവാകണം, പ്രസംഗങ്ങളില്‍ മര്യാദ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി രേഖാമൂലം നിര്‍ദ്ദേശം നല്‍കണമെന്ന് ബി  ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും തിരഞ്ഞെടുപ്പ്  കമ്മീഷന്‍ ആവശ്യപ്പെട്ടു .

◾ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്ന് പൊലീസ്. മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു. മേയര്‍ക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താല്‍ സി പി എം സഹായത്തേടെ മലയിന്‍കീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് യദു ഹര്‍ജിയില്‍ പറഞ്ഞത്.

◾ മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലില്‍ നടപടി എടുക്കരുതെന്ന് സമസ്ത നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്‌കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരിലൊരാള്‍ ഇ.കെ സുന്നി നേതാവിന്റെ മകളായതിനാലാണ് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

◾ ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. അതേസമയം സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. 

◾ കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കും. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്.

◾ പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ അന്വേഷണത്തിന്  വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിച്ചു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവും ഇറക്കി. മെയ് 24 നകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾ ഐഎഎസ് തലത്തില്‍ സംസ്ഥാനത്ത്  വീണ്ടും മാറ്റം.  ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണചുമതല ഏറ്റെടുത്തു. കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയി നിയമിതനായി.  കെഎസ്ഇബിയുടെ പുതിയ ചെയര്‍മാന്‍  ബിജു പ്രഭാകറാണ് . തൊഴില്‍ വകുപ്പ് സെക്രട്ടറി  കെ വാസുകി നോര്‍ക്ക സെക്രട്ടറിയുടെ ചുമതല കൂടി ഇനി നിര്‍വഹിക്കും.

◾ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവിലെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു .ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാന്‍ പാടില്ല, രോഗികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും  മന്ത്രി നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട, എല്ലാവരും ചേര്‍ന്ന് ഒരു ടീം ആയാണ് പ്രവര്‍ത്തിക്കേണ്ടത്. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസുകള്‍ നടത്തി എന്നറിഞ്ഞാല്‍  കര്‍ശന നടപടിയെടുക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

◾ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ  മഴ തുടരുo . 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ തിരുവനന്തപുരം ജില്ലയില്‍ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. 1789 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

◾ സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍, ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് നിരോധനം . ട്രോളിങ് നിരോധന കാലയളവില്‍  മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന്  മന്ത്രി  ഉറപ്പു നല്‍കി.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  

◾ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിരുന്നു. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍   യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി.  നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

◾ പാലാ നഗരസഭയിലെ  സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. എയര്‍പോഡ് മോഷണ  കേസ് പ്രതിയായ ബിനുവിനൊപ്പം യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍  യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി.

◾ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ എം.വി ഗോവിന്ദന്‍ പങ്കെടുത്തില്ല.  എം.വി ജയരാജനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിഞ്ഞത്വിവാദമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിട്ടുനില്‍ക്കലെന്നാണ് വിവരം.

◾ ഡി-സ്‌പേസ് ടെക്‌നോളജീസിന്റെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്. ബംഗളൂരു, ചെന്നൈ, പൂനെ തുടങ്ങി പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

◾ പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകള്‍ കോളേജ് തലങ്ങളില്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങള്‍ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായതെന്ന് മന്ത്രി അറിയിച്ചു.

◾ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ജനപ്രതിനിധി ആയതെന്നും ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍. തലസ്ഥാനത്തെ ജനം മലിനജലത്തില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മേയര്‍. വാങ്ങുന്ന ശമ്പളത്തിന് പാര്‍ട്ടിയോട് മാത്രം നന്ദി, ജനങ്ങളോട് ഒരു ബാധ്യതയുമില്ല. എന്ന ഫേസ്ബുക്ക് കമന്റിനായിരുന്നു ആര്യയുടെ മറുപടി.

◾ സംസ്ഥാനത്ത് പരക്കെ മഴ. പ്രധാന നഗരങ്ങളില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നഗരങ്ങളില്‍ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായി. അതേസമയം കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും അതിതീവ്ര മഴ സാധ്യതക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് 6 ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. 

◾ തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത് കൊണ്ടാണെന്ന് അമ്മ പവിത്ര  ആരോഗ്യ മന്ത്രിക്ക്  പരാതി നല്‍കി.  കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല, ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നുവെങ്കില്‍ ജീവനോടെ കിട്ടിയേനെ, ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം, കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

◾ പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.  കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി. മല്‍സ്യക്കുരുതിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവരോടും സഹായി ആചാര്യ ബാല. ബാലകൃഷ്ണയോടും കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ജൂണ്‍ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.

◾ അദാനി ഗ്രൂപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരിയെന്നും കോടികളുടെ അഴിമതിയെന്നും റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചു കാട്ടി തമിഴ്നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോക്ക് നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവാരം കുറഞ്ഞ കല്‍ക്കരി കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടവും റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

◾ സ്വാതി മലിവാള്‍ കേസില്‍ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവം നടക്കുന്ന സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ തനിക്ക് നേരെയുണ്ടായ അക്രമം നോക്കി നില്‍ക്കുകയും പ്രതിക്കൊപ്പം കറങ്ങി നടക്കുകയും ചെയ്തയാള്‍ നീതി നടപ്പാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് സ്വാതി മലിവാള്‍ പ്രതികരിച്ചു.  

◾ പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.

◾ പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

◾ ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന്  അഹമ്മദ് നഗറിലെ എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലാങ്കെ. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതന്‍ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.

◾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയത്. ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

◾ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ നടന്‍ ഷാരൂഖ് ഖാനെ കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

◾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിന്‍ പ്രതികരിച്ചു. തീരുമാനം പലസ്തീന്‍ സ്വാഗതം ചെയ്തു. ഇതിന്പിന്നാലെ അയര്‍ലന്‍ഡിലെയും, നോര്‍വെയിലെയും അംബാസഡര്‍മാരെ ഇസ്രയേല്‍ തിരിച്ചുവിളിച്ചു. ഇതുവരെ ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല.

◾ ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്ക്.  പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

◾ സഞ്ജുവും സംഘവും റോയലായി ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് കടന്നപ്പോള്‍ കോലിക്കും ആര്‍സിബിക്കും വീണ്ടും കണ്ണീര്‍മടക്കം. ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യം മറികടന്നു. നാളെ നടക്കുന്ന ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി രാജസ്ഥാന്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.

◾ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഇന്ന് മുംബൈയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 608-ാമത് യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് സിആര്‍ബി 6.00 ശതമാനമായി ഉയര്‍ത്തി. സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിആര്‍ബി 6.50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 2,10,874 കോടി രൂപ കൈമാറാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾ അല്‍ത്താഫ് സലിം – അനാര്‍ക്കലി ചിത്രം ‘മന്ദാകിനി’യിലെ ‘ഉള്ളം തുടിക്കണ്’ എന്ന പ്രണയഗാനം പുറത്തിറങ്ങി. ബിബിന്‍ അശോക് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രമ്യത് രാമന്‍ ആണ് രചനയും ആലാപനവും. അല്‍ത്താഫ് സലീമിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഈ ഗാനത്തില്‍. പ്രണയപരവശനായ നായകനായി ഈ ഗാനത്തില്‍ എത്തുന്ന അല്‍ത്താഫിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്നതാണ് സമൂഹമാധ്യമങ്ങളില്‍ പാട്ടിന് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്. അതേസമയം നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ട്രെന്‍ഡിംഗില്‍ ആണ്. ഡബ്സി ആലപിച്ച ‘വട്ടേപ്പം’ സ്പോട്ടിഫൈയില്‍ ഇലുമിനാന്റി ഗാനത്തെ പിന്തള്ളി ആദ്യ സ്ഥാനത്ത് ആണ്. ഒരു കല്യാണം ചുറ്റിപറ്റി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം  വിനോദ് ലീലയാണ്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ബിബിന്‍ അശോക് ആണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അനാര്‍ക്കലി മരക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

◾ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍-ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍,സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-ന് ചിത്രം തീയറ്ററുകളിലെത്തും. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

◾ ബിഎംഡബ്ല്യു മോട്ടോറാഡ്  2024 ബിഎംഡബ്ളിയു എസ് 1000 എക്സ്ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 22.5 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍, ബിഎംഡബ്ല്യു എസ് 1000 എക്‌സ്ആര്‍, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4-യുമായി മത്സരിക്കും. അതിന്റെ അപ്‌ഡേറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ബിഎംഡബ്ളിയു എസ് 1000 എക്സ്ആറില്‍ നിരവധി സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്നു, പിന്നില്‍ പുതിയ സൈഡ് പാനലുകള്‍, ബോഡി-നിറമുള്ള ഫ്രണ്ട് ഫെന്‍ഡര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത സീറ്റ്, പുതിയ കളര്‍ ഓപ്ഷനുകള്‍, ഗ്രാഫിക്സ് എന്നിവ ഉള്‍പ്പെടുന്നു. ഇതിന് ഊര്‍ജം പകരുന്നത് 999 സിസി ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 168 ബിഎച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ ഉള്‍പ്പെടുന്ന 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. റൈഡര്‍മാര്‍ക്ക് റെയിന്‍, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നീ നാല് റൈഡിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. ഈ മോട്ടോര്‍സൈക്കിളിന് മണിക്കൂറില്‍ 253 കിലോമീറ്റര്‍ വേഗതയുണ്ട്. ഇതിന് വെറും 3.25 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

◾ കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മുളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണു കിടക്കുന്നത്, അനുവാചകര്‍ക്ക് കണ്ടെടുക്കുവാനായി. ‘ബലി’. ഒ എന്‍ വി കുറുപ്പ്. എച്ആന്‍ഡ്സി ബുക്സ്. വില 66 രൂപ.

◾ മഴക്കാലം എത്തുന്നതോടെ നിരവധി പകര്‍ച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെയും മാത്രമേ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുകയുള്ളൂ. മഴക്കാലമായാല്‍ വെള്ളക്കെട്ടുകള്‍ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ ശരീരത്തിലെത്തുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക. വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ഭക്ഷണങ്ങള്‍ തുറന്ന് വയ്ക്കരുത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts