HomeKeralaചെഞ്ചുരുളിയില്‍ ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

ചെഞ്ചുരുളിയില്‍ ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

കാല്‍ വഴുതി ക്വാറിയിലെ വെള്ളത്തിലേയ്ക്ക് വീണ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചെഞ്ചുരുളിയില്‍ പുലാപ്പറ്റയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്.

പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെ‌ഞ്ചുരുളിയില്‍ മണികണ്ഠന്റെ മകൻ മേഘജ് (18), രവീന്ദ്രന്റെ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. അൻപതടിയോളം താഴ്‌ചയുള്ള വെള്ളത്തിലേക്കാണ് ഇരുവരും വീണത്.

മേഘജും അഭയും വീടിന് സമീപത്തെ ക്വാറിക്ക് അരികിലൂടെ സംസാരിച്ച്‌ നടക്കവേയാണ് അപകടമുണ്ടായത്. മേഘജ് കാല്‍ വഴുതി ക്വാറിയിലേയ്ക്ക് വീഴുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച അഭയും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദൃക്‌സാക്ഷി അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ മേഘജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് അഭയുടെ മൃതദേഹം കണ്ടെടുത്തത്. പുലാപ്പറ്റ എംഎൻകെഎം സ്‌കൂളില്‍ നിന്ന് പ്ളസ് ടു കഴിഞ്ഞിരിക്കുകയായിരുന്നു മേഘജ്. നെഹ്‌റു കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു അഭയ്.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ മരണം നാലായി. ശക്തമായ മഴയില്‍ ഇന്നലെ തിരുവനന്തപുരം പോത്തൻകോട്ട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയും ഇടുക്കിയില്‍ കുളത്തില്‍ വീണ് നാലുവയസുകാരനും മരിച്ചു. പത്തനംതിട്ട പള്ളിക്കലാറ്റില്‍ കഴിഞ്ഞ ദിവസം മീൻപിടിക്കാൻ പോയി കാണാതായ പെരിങ്ങത്ത് സ്വദേശി ഗോവിന്ദന്റെ (63) മൃതദേഹം ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചിരുന്നു. തിങ്കളാഴ്ച മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബീഹാർ സ്വദേശി നരേഷിനെ (25) ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts