സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴുത്തില്‍ വയർ മുറുക്കി രാഹുല്‍ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെല്‍റ്റ് വച്ച് അടിച്ചുവെന്നുമാണ് യുവതി പറയുന്നത്. എന്നിട്ടും പൊലീസ് കേസ് ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്നും അതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും നവവധു വ്യക്തമാക്കി.
‘മർദ്ദനം നടക്കുന്ന അന്ന് രാവിലെ അമ്മയും രാഹുലും തമ്മില്‍ ചർച്ചയുണ്ടായിരുന്നു. അത് എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. അന്ന് രാഹുല്‍ ലഹരിവസ്തു ഉപയോഗിച്ചിരുന്നു. രാത്രിയാണ് സ്ത്രീധനത്തിന്റെ പേരില്‍ വഴക്ക് തുടങ്ങിയത്. 150 പവനും ഒരു കാറും ഞാൻ അർഹിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ആദ്യം കരണത്തടിച്ചു. തലയുടെ ഇരുവശങ്ങളിലും മുഷ്ടി ചുരുട്ടി ഇടിച്ചു. മൊബെെല്‍ ചാർജറിന്റെ കേബിളെടുത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു.
വസ്ത്രത്തില്‍ പിടിച്ച് വലിച്ച് ബെഡിലേക്കിട്ട് ബെല്‍റ്റ് വച്ച് അടിച്ചു. ചെവിയുടെ ഭാഗത്തേറ്റ അടിയില്‍ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നു. അതോടെ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു. അലമുറയിട്ട് കരഞ്ഞിട്ടും വീട്ടിലെ ബാക്കിയുള്ളവർ വന്നില്ല. രാഹുലിന്റെ സുഹൃത്ത് രാജേഷ് അടുത്ത മുറിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും വന്നില്ല. എന്നാല്‍ എന്നെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് രാജേഷ് അവിടെയുണ്ടായിരുന്നു. ആശുപത്രിയില്‍ ഞാൻ വീണുവെന്നാണ് പറഞ്ഞത്.
വിവാഹ ശേഷം ഞാൻ എന്റെ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലായിരുന്നു. അടുക്കള കാണലിന് വീട്ടില്‍ നിന്ന് ബന്ധുക്കള്‍ വന്നപ്പോഴാണ് എന്റെ അവസ്ഥ അവർ കണ്ടത്. കുളിമുറിയില്‍ വീണെന്നാണ് ഞാനാദ്യം പറഞ്ഞത്. അങ്ങനെയേ പറയാവൂ എന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയിരുന്നു. കഴുത്തിലെയും മറ്റും പാട് കണ്ട് സംശയം തോന്നി വീട്ടുകാർ വീണ്ടും ചോദിച്ചപ്പോഴാണ് രാഹുല്‍ മർദ്ദിച്ച കാര്യം പറഞ്ഞത്. ഉടനെ അവരെന്നെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി. പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒത്തുതീർപ്പിനാണ് പൊലീസ് ശ്രമിച്ചത്. മൊബെെല്‍ ചാർജറിന്റെ കേബിളെടുത്ത് കഴുത്തില്‍ മുറുക്കിയ സംഭവം പൊലീസ് എഫ് ഐ ആറില്‍ എഴുതിയിട്ടില്ല. പൊലീസുകാരെല്ലാം രാഹുലിന്റെ ഭാഗത്താണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനാണ് തീരുമാനം’, നവവധു പറഞ്ഞു.
ഈ മാസം അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലും (29) തമ്മിലുള്ള വിവാഹം നടക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. 11-ാം തീയതിയാണ് യുവാവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നത്.