കോഴിക്കോട് ഒരാഴ്ച മുമ്ബ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു.
കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം. ഇന്നലെ സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. രാഹുല്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹബന്ധം തുടരാൻ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.
12ന് രാത്രിയിലായിരുന്നു മർദ്ദനം. രാത്രി ഒരു മണിയോടെ പരാതിക്കാരിയെ സംശയത്തിന്റെ പേരില്‍ മുഖത്തും തലയിലും മറ്റ് ശരീര ഭാഗങ്ങളിലും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് എഫ് ഐ ആർ. കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നും എഫ് ഐ ആറിലുണ്ട്. വധുവാണ് പരാതിക്കാരിയെന്നും എഫ് ഐ ആർ പറയുന്നു. കേബിള്‍ കൊണ്ട് കഴുത്തില്‍ മുറിക്കിയതുകൊലപാതക ശ്രമമായും വിലയിരുത്തുന്നു.
രാത്രി ഒരു മണിക്ക് തുടർന്ന മർദ്ദനം 15 മിനിറ്റോളം നീണ്ടുവെന്നാണ് എഫ് ഐ ആറില്‍ നിന്നും മനസ്സിലാകുന്നത്. ഐപിസിയിലെ 498 എയും 324ഉം ആണ് ചുമത്തിയ വകുപ്പുകള്‍. അതുകൊണ്ട് തന്നെ പ്രതിയായ രാഹുലിന് സ്റ്റേഷൻ ജാമ്യം കിട്ടില്ല.