HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 12 | ഞായർ | മേടം 29 | 

◾ അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച് അടുത്ത വര്‍ഷം റിട്ടയറാകുമെന്നും ഇപ്പോള്‍ നരേന്ദ്രമോദി വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി ഉടന്‍ തന്നെ ഇല്ലാതാകുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

◾ 75 വയസു കഴിഞ്ഞാല്‍ പദവി ഒഴിയണമെന്ന് ബിജെപിയുടെ  ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്നും  ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ലെന്നും അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാല്‍ റിട്ടയര്‍ ചെയ്യേണ്ടി വരുമെന്നുമുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ 75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോപണം അസംബന്ധമാണെന്ന് ബിജെപി നേതാവ് രാജ്നാഥ് സിംഗ്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ബിജെപിയിലോ എന്‍ഡിഎയിലോ ഇക്കാര്യത്തില്‍ സംശയമില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

◾ മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, അജിത്ത് പി ഷാ, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവരുടെ – പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള തുറന്ന സംവാദം – എന്ന ആശയത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു നല്ല സംരംഭമായിരിക്കുമെന്നും കോണ്‍ഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഈ സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.  

◾ വിശ്വഗുരു എന്നാണ് നിങ്ങളുടെ ആളുകള്‍ നിങ്ങളെ വിളിക്കുന്നത്. പക്ഷേ, തിരഞ്ഞെടുപ്പാകുമ്പോള്‍ വിശ്വഗുരു കരയാന്‍ തുടങ്ങും, കോണ്‍ഗ്രസിനെ ദേശവിരുദ്ധരാക്കാനും. അതിനു പകരം പാക്കിസ്ഥാനെ തകര്‍ത്ത തന്റെ മുത്തശ്ശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നു ധൈര്യവും നിശ്ചയദാര്‍ഢ്യവും പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസിനെതിരെയുള്ള നരേന്ദ്ര മോദിയുടെ പാകിസ്ഥാന്‍ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

◾ ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഭരണകക്ഷിയിലെ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നുക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷം നല്‍കിയ പരാതികളില്‍ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ ഉപേദശ രൂപേണ പൗരന്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

◾ മേയ് ഏഴിന് നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.

◾ നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനമെന്നും ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം.

◾ തൃപ്പൂണിത്തുറയില്‍ 70 വയസുള്ള അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ എസ്.എച്ച്.ഒയോട് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവും നിര്‍ദേശം നല്‍കി 

◾ പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സി.പി.എമ്മിനോട് കൈ കൂപ്പി പറയുന്നുവെന്നും നിങ്ങള്‍ ശ്രമിച്ചാലും അത് നടക്കില്ലെന്നും ഞങ്ങള്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രതിരോധിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വടകരയില്‍ യു.ഡി.എഫ്. നടത്തിയ ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ യു.ഡി.എഫ്- ആര്‍.എം.പി. ജനകീയ പ്രതിഷേധത്തില്‍ കെ കെ ശൈലജക്കെതിരെ വടകരയിലെ അശ്ലീല വീഡിയോ വിവാദവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ കെഎസ് ഹരിഹരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു  

◾ ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയന്‍ ത്രിപുരയില്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതെ സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായിരിക്കുമെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

◾ കരമനയില്‍ അഖിലെന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

◾ കടലാസില്‍ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാമോയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായകിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ജില്ലകളുടെ പേരു പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ലെങ്കില്‍, നിങ്ങളുടെ വേദനകള്‍ അദ്ദേഹം എങ്ങനെ മനസ്സിലാക്കുമെന്നും മോദി ചോദിച്ചു. ഒഡീഷയിലെ കണ്ഡമാലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥി ശില്പ രവി ചന്ദ്ര റെഡ്ഢിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസെടുത്തു. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്.

◾ ഹരിയാനയിലെ നായബ് സൈനി സര്‍ക്കാറിന് 3 സ്വതന്ത്ര എം എല്‍ എമാരെ കൂടാതെ ഒരു സ്വതന്ത്ര എം എല്‍ കൂടി പിന്തുണ പിന്‍വലിച്ചു. മേഹം എം എല്‍ എയായ ബല്‍രാജ് കുണ്ടുവാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ഹരിയാനയില്‍ ബി ജെ പി സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം.

◾ ഗുരുതരമായ ആരോപണം നേരിടുന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്നും ഇക്കാര്യം ഗവര്‍ണര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച രാജ്ഭവന്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. ഇനിയും രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ഗവര്‍ണര്‍ രാജിവെക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം മകന്‍ വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതെന്നും മറ്റൊരു കാരണവും പ്രത്യക്ഷത്തില്‍ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയില്‍ സങ്കടപ്പെടുത്തിയെന്നും ബിജെപി നേതാവ് മനേക ഗാന്ധി. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കര്‍മഭൂമിയെന്നും സുല്‍ത്താന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മനേക ഗാന്ധി പറഞ്ഞു.

◾ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ബിസിസിഐ ഐപിഎല്ലിലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ്  ബിസിസിഐ യുടെ തീരുമാനം. നേരത്തെ രണ്ട് തവണ കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭ് പന്തിന് പിഴശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് റിഷഭ് പന്തിനെ പിഴക്ക് പുറമെ ഒരു മത്സരവിലക്കും ബിസിസിഐ അച്ചടക്കസമിതി വിധിച്ചത്. ഇതോടെ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തില്‍ റിഷഭ് പന്തിന് പുറത്തിരിക്കേണ്ടിവരും.

◾ ഐപിഎല്ലില്‍ ഇന്നലെ മഴ കാരണം വൈകിയാരംഭിച്ച് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 137 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 70 കോടിയെ അപേക്ഷിച്ച് 96 ശതമാനമാണ് വളര്‍ച്ച. വിറ്റുവരവ് ഇക്കാലയളവില്‍ 34 ശതമാനം ഉയര്‍ന്ന് 4,55 കോടി രൂപയായി. ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 38 ശതമാനം ഉയര്‍ന്ന് 3,876 കോടി രൂപയായി. ഇന്ത്യ ബിസിനസില്‍ നിന്നുള്ള ലാഭം 131 കോടി രൂപയാണ്. ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 624 കോടി രൂപയായും ലാഭം 9.59 കോടി രൂപയായും വര്‍ധിച്ചു. കല്യാണിന്റെ മൊത്തം വരുമാനത്തിന്റെ 14 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനം ഇക്കാലയളവില്‍ 36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 32 കോടി രൂപയായിരുന്നു. അതേസമയം ഇക്കുറി കാന്‍ഡിയര്‍ 70 ലക്ഷം കോടി രൂപയുടെ നഷ്ടവും കുറിച്ചു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ നഷ്ടം 1.9 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് മുന്‍ വര്‍ഷത്തെ 14,071 കോടി രൂപയില്‍ നിന്ന് 202-24 സാമ്പത്തിക വര്‍ഷം 18,548 കോടി രൂപയായി വര്‍ധിച്ചു. വാര്‍ഷിക ലാഭം 596 കോടി രൂപയാണ്. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 1.20 രൂപ നിരക്കില്‍ ലാഭം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. ഈയിനത്തില്‍ മൊത്തം 120 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. കമ്പനിയുടെ ലാഭത്തിന്റെ 20 ശതമാനത്തില്‍ കൂടുതലാണ് ലാഭവിഹിതമായി നല്‍കുന്നത്.

◾ ഹോളിവുഡിലെ ശ്രദ്ധേയമായ ഹൊറര്‍ ത്രില്ലര്‍ ഫ്രാഞ്ചൈസി എ ക്വയറ്റ് പ്ലേസ് സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സ്പിന്‍ ഓഫ് പ്രീക്വല്‍ ആണ് എ ക്വയറ്റ് പ്ലേസ്: ഡേ വണ്‍ എന്നു േപരിട്ടിരിക്കുന്ന ഈ ചിത്രം. ലുപിറ്റ ന്യോങ്കൊ, ജിമൊന്‍ ഹൊന്‍സു, ജോസഫ് ക്വിന്‍, അലക്സ് വോള്‍ഫ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സിനിമയുടെ പുതിയ ട്രെയിലര്‍ എത്തി. ഇതില്‍ ജിമൊന്‍ ഹൊന്‍സുവിന്റെ കഥാപാത്രം ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിക്കൊളാസ് കേജിനെ നായകനാക്കി ‘പിഗ്’ എന്ന ചിത്രമൊരുക്കിയ മൈക്കല്‍ സര്‍ണോസ്‌കിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ണോസ്‌കിയുടേതു തന്നെ. ചിത്രം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും. പാരമൗണ്ട് പിക്ചേഴ്സ് ആണ് വിതരണം. ജോണ്‍ ക്രസിന്‍സ്‌കി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2018ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് എ ക്വയറ്റ് പ്ലേസ്. 17 മില്യന്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫിസില്‍ നിന്നും വാരിയത് 341 മില്യനാണ്. 2021ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗവും ബോക്സ് ഓഫിസില്‍ വലിയ വിജയമായിരുന്നു. ജോണ്‍ തന്നെയായിരുന്നു രണ്ടാം ഭാഗവും സംവിധാനം ചെയ്തത്.

◾ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന തന്റെ ക്ലാസിക് പടം ‘സര്‍ഫറോഷി’ന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ കുറേക്കാലമായി ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തി ആമിര്‍ ഖാന്‍. ചിത്രത്തിന്റെ 25-ാമത്തെ വര്‍ഷം പ്രമാണിച്ച് മുംബൈയില്‍ നടന്ന സ്പെഷ്യല്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് മലയാളിയായ സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ സംവിധാനം ചെയ്ത സര്‍ഫറോഷ്.  1992 ആരംഭിച്ച ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ചിത്രം ഇറങ്ങിയത് 1999 ലാണ്. ഈ ചിത്രത്തിന് ശേഷമാണ് ഒരു സമയം ഒരു ചിത്രം എന്ന നയത്തിലേക്ക് ആമിര്‍ എത്തിയത് എന്നാണ് വിവരം. 1999 ഏപ്രില്‍ 30 ന് റിലീസ് ചെയ്ത ഈ ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.  ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും അന്ന് ചിത്രം നേടി. എട്ടു കോടിയോളം ചിലവാക്കിയ ചിത്രം 36 കോടിയോളം അന്ന് ബോക്സോഫീസില്‍ നേടി. സത്യസന്ധനായ അജയ് സിംഗ് റാത്തോഡ് എന്ന പൊലീസ് ഓഫീസറുടെയും നസീറുദ്ദീന്‍ ഷാ അവതരിപ്പിച്ച പ്രശസ്ത പാകിസ്ഥാന്‍ ഗസല്‍ ഗായകനായ ഗള്‍ഫം ഹസ്സന്റെ കണ്ടുമുട്ടുലും ചങ്ങാത്തത്തെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രാജസ്ഥാനിലെ ആയുധക്കടത്ത് അന്വേഷിക്കുന്നതിനിടയില്‍ ഒരു വലിയ ഗൂഢാലോചന പുറത്തെടുത്തതോടെ ആമിര്‍ ചെയ്യുന്ന പൊലീസ് ഓഫീസറിന്റെ ജീവിതത്തില്‍ വരുന്ന മാറ്റമാണ് സര്‍ഫറോഷിന്റെ കഥ.

◾ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 സിസി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്നുവരവായാണ് ഗറില്ല 450യെ കാണുന്നത്.ഈ ബൈക്ക് ഹിമാലയന്‍ 450യുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രെയിം അഡ്വഞ്ചര്‍ ബൈക്കിന് സമാനമായിരിക്കും. 452 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇതിന് കരുത്തുപകരും. 8,000 ആര്‍പിഎമ്മില്‍ 39.47 ബിഎച്ച്പിയും ഹിമാലയന്‍ 5,500 ആര്‍പിഎമ്മില്‍ 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് , ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന് റോഡ്സ്റ്റര്‍ ബൈക്കിന്റെ രൂപം നല്‍കും. വൈവിധ്യമാര്‍ന്ന നിറങ്ങളും അനുബന്ധ ഉപകരണങ്ങളും ബൈക്കിനൊപ്പം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുക. എല്‍ഇഡി ലൈറ്റുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും മറ്റു ഫീച്ചറുകളാവാം. ഏകദേശം 2.33 ലക്ഷം രൂപയോടനുബന്ധിച്ച് വില വരുമെന്നാണ് പ്രതീക്ഷ.

◾ കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്‌നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍ നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ. ‘ധ്വനിപ്രയാണം’. മാതൃഭൂമി. വില 349 രൂപ.

◾ ആരോഗ്യകരമായ നട്‌സുകളില്‍ ഒന്നാണ് ബദാം. ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹരോഗികള്‍ക്കും ബദാം നല്ലതാണ്. കുതിര്‍ത്ത ബദാം വളരെ ആരോഗ്യകരമാണ്. ബദാം ഒന്നിലധികം പോഷകങ്ങള്‍ നിറഞ്ഞതാണ്. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ബദാമിലെ വിറ്റാമിന്‍ ഇ ചര്‍മ്മത്തെ മിനുസമാര്‍ന്നതും മൃദുലവുമാക്കും. ബദാം ഓയില്‍ ചര്‍മ്മത്തിന് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മുടിയുടെ പ്രശ്നങ്ങളെ ചെറുക്കാനും ബദാം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്  ബദാം സഹായകമാണ്. ഇതിലെ വൈറ്റമിന്‍ ഇ ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ വിശപ്പ് നിയന്ത്രിക്കുക ചെയ്യുന്നു.  അവ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ബദാം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുതിര്‍ത്ത ബദാമില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ അത്യന്താപേക്ഷിതമായ വിറ്റാമിന്‍ ബി 17 അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത ബദാമില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ബുദ്ധിവികാസത്തിലും വളര്‍ച്ചയ്ക്കും സഹായിക്കും. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ സ്‌പൈക്കുകളുടെ സാധ്യത കുറയ്ക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. പ്രഭാതഭക്ഷണത്തില്‍ ഒരു പിടി ബദാം ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts