പ്രഭാത വാർത്തകൾ
2024 | മെയ് 11 | ശനി | മേടം 28
◾ അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നും സുപ്രീംകോടതിക്ക് നന്ദിയെന്നും പ്രതികരിച്ച അദ്ദേഹം ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്നുച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം കര്‍ശന ഉപാധികളോടെ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് ഒരു പ്രതികരണവും നടത്തരുതെന്നും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയറ്റോ സന്ദര്‍ശിക്കരുതെന്നാണ് മറ്റൊരു പ്രധാന ഉപാധി.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനമായി മാറുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനമെന്നും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
◾ ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുന്നതാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾ ഇതുപോലെ ചീപ്പായ, ദുര്‍ബലനായ പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നെഞ്ചളവിന്റെ വീതിയിലും നീളത്തിലും എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എല്ലാം തകര്‍ന്ന് തരിപ്പണമായി. നാട്ടിലെ ആര്‍.എസ്.എസുകാരന്റെ നിലവാരം പോലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രചാരണത്തോട് താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അത്രയും ദുരന്തപൂര്‍ണമായ രീതിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
◾ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍ ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും, മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതെന്നും അന്വേഷണസംഘം അറിയിച്ചു.
◾ ഐജി പി വിജയന് സ്ഥാനക്കയറ്റം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്നു ഇദ്ദേഹം. ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമനം.
◾ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഗതാഗത വകുപ്പിനെതിരെ സിപിഎം. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കരുതെന്നും, ചര്‍ച്ചകളിലൂടെ പ്രശ്നം തീര്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാനും നിലവാരം കൂട്ടാനും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണം വേണമെന്നതില്‍ രണ്ടഭിപ്രായമില്ല. ഒറ്റയടിക്ക് ഗതാഗതവകുപ്പ് തീരുമാനം പ്രഖ്യാപിച്ചതാണ് അസാധാരണ പ്രതിസന്ധിക്ക് കാരണം എന്നും സിപിഎം വ്യക്തമാക്കി.
◾ ആര്‍ ശ്രീലേഖ ഐപിഎസിന്റെ സോളാര്‍ ബില്ലിംഗ് സംബന്ധിച്ച പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് കെഎസ്ഇബി. സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി ധാരണയില്ലാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണമെന്ന് വൈദ്യുത ബില്ലിലെ വിവരങ്ങള്‍ വിശദീകരിച്ച് കെഎസ്ഇബി പറഞ്ഞു. സോളാര്‍ ബില്ലിംഗ് തട്ടിപ്പാണ്, അമിത തുക ഈടാക്കുന്നു, സോളാര്‍ സ്ഥാപിക്കുമ്പോള്‍ ഓണ്‍ഗ്രിഡ് ആക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
◾ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റിനായി ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
◾ ജസ്ന തിരോധാന കേസില്‍ രണ്ട് പേരെ സംശയമുണ്ടെന്നു അച്ഛന്‍ ജെയിംസ്. മകളെ അപായപ്പെടുത്തിയതായി സംശയമുണ്ട്. തനിക്ക് കിട്ടിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും പുനര്‍ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്. താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
◾ മലപ്പുറം ചങ്ങരംകുളത്ത് കാട്ടുപന്നി ആക്രമണം .ഇന്നലെ രാവിലെ രണ്ട് സ്ഥലങ്ങളിലായി നടന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എത്തിയത്. കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി ആയിഷ റെന്നയെയും സഹോദരന്‍ ശാമിലിനെയും ( (16) ആണ് പന്നി ആക്രമിച്ചത്. എടയൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രദേശവാസികളായ ഹരിദാസ്, ബീന, നിര്‍മല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾ വേനല്‍ച്ചൂട് കൂടുന്നതിനാല്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി പരിശോധന തുടര്‍ന്ന് തൊഴില്‍ വകുപ്പ്. 2,650 പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ അത് പരിഹരിക്കുകയും ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
◾ നാലുവര്‍ഷ ബിരുദകോഴ്സുകള്‍ ഈ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദവും നാലാം വര്‍ഷത്തില്‍ ഓണേഴ്സും ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒരേ അക്കാദമിക് കലണ്ടര്‍ നിലവില്‍ വരുമെന്നും ആര്‍.ബിന്ദു അറിയിച്ചു.
◾ നാലാം ലോക കേരള സഭയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്താണ് നാലാം ലോക കേരള സഭ.
◾ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കെ ബാബുവിന്റെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
◾ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡ് അറിയിച്ചു.
◾ കട്ടപ്പന എസ്.ഐയും സി.പി.ഒയുംകള്ളക്കേസില്‍ കുടുക്കി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പതിനെട്ടുകാരന്‍. പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂരമായ മര്‍ദനമാണെന്ന് പുളിയന്മല സ്വദേശി ആസിഫ് പറഞ്ഞു. ബൈക്ക് ഇടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി ആസിഫിനെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയില്‍ കട്ടപ്പന സ്റ്റേഷനിലെ എസ്‌ഐ എന്‍.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
◾ ഡല്‍ഹിയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാനും കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കാനും പുല്‍വീടുകളും കുടിലുകളും തകരാനും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാന്‍ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ ഈ വാരാന്ത്യത്തില്‍ സൂര്യനില്‍ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്നും സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്നും യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവക്കും ഭീഷണി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ അത്യപൂര്‍വമായ സംഭവവികാസമാണിതെന്നും സൂര്യന്റെ അന്തരീക്ഷത്തില്‍ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനില്‍ക്കുമെന്നും ഭൂമിയില്‍ ഏകദേശം 60 മുതല്‍ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
◾ ഛത്തീസ്ഗഢിലെ ഗംഗളൂര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ പതിനൊന്ന് മണിക്കൂര്‍ നീണ്ടു നിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടല്‍ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
◾ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് വിവരങ്ങള്‍ തത്സമയം ലഭ്യമാണ് എന്നതിനാല്‍, അതിന്റെ റിലീസ് വൈകിയെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഇസി നല്‍കിയ മറുപടി. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയില്‍ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകള്‍ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുവെന്നും അമേഠി മണ്ഡലം ഇത്തവണയും നിലനിര്‍ത്തുമെന്നും ബിജെപി നേതാവും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. പേടി കൊണ്ടാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പോയതെന്നും താന്‍ അമേഠിയില്‍ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
◾ ഒറ്റ ദിവസം 100 സ്‌ഫോടനങ്ങള്‍ രാജ്യ തലസ്ഥാനത്ത് നടത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി. ജമ്മു കശ്മീര്‍ സ്വദേശി ജഹാന്‍ജെബ് സാമിയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാമിക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും ഹിന ബഷീറിന് 14 വര്‍ഷം ശിക്ഷയും വിധിച്ചു.
◾ വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്തി ഡല്‍ഹി റൌസ് അവന്യൂ കോടതി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട് . മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.
◾ മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി തങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണെന്നും ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരകളായവര്‍ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
◾ ഇന്ത്യന്‍ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലേയ ആണ് നീരജിനെ പിന്നിലാക്കി ഈയിനത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്തത്.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 231 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ 104 ഉം, സായ് സുദര്‍ശന്‍ 51 പന്തില്‍ 103 ഉം റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡിനൊപ്പം ഗില്ലും സായ്യും ഇടംപിടിച്ചു. ഇരുവരും 50 വീതം പന്തുകളിലാണ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ പ്രമുഖ കമ്പനിയായ റിലയന്‍സിനെ മറികടന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 24 ശതമാനം വളര്‍ച്ചയോടെ 20,698 കോടി രൂപയാണ് എസ്ബിഐ നേടിയത്. ഇക്കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 18,951 കോടി രൂപ മാത്രമാണ്. മാര്‍ച്ച് പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയ സ്ഥാപനവും എസ്ബിഐ തന്നെയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ (2023 ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെ) എസ്ബിഐയുടെ ലാഭം 61,077 കോടിയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ 20000 കോടിയില്‍പ്പരം രൂപ ലാഭം നേടിയതാണ് 2023-24 സാമ്പത്തികവര്‍ഷത്തെ മൊത്തം ലാഭം ഇത്രയും ഉയരാന്‍ സഹായിച്ചത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ( 2023 മാര്‍ച്ച് പാദത്തില്‍) 19,299 കോടി രൂപയായിരുന്നു റിലയന്‍സിന്റെ ലാഭം. ഇത്തവണ ലാഭത്തില്‍ 348 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ലാഭത്തില്‍ മുന്‍പന്തിയില്‍ റിലയന്‍സ് തന്നെയാണ്. 69,621 കോടി രൂപയാണ് റിലയന്‍സിന്റെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ലാഭം. എസ്ബിഐയുടേത് 61,077 കോടി മാത്രമാണ്. മറ്റൊരു പ്രമുഖ കമ്പനിയായ ടിസിഎസ് മാര്‍ച്ച് പാദത്തില്‍ 12,434 കോടിയുടെ ലാഭമാണ് നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം വളര്‍ച്ചയാണ് ലാഭത്തില്‍ ഉണ്ടായത്. വാര്‍ഷിക വരുമാനത്തിലും എസ്ബിഐ തന്നെയാണ് മുന്‍പന്തിയില്‍. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 1.11 ലക്ഷം കോടി രൂപയാണ് വരുമാനം. 19 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തികവര്‍ഷം ഇത് 92,951 കോടിയായിരുന്നു.
◾ കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത് .ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.നാദിര്‍ഷാ – റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി. മലയാളികള്‍ക്ക് മുന്‍പില്‍ വീണ്ടുമൊരു പുതുമുഖ നായകനെ നാദിര്‍ഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
◾ ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ചിത്രം ഒ.ടി.ടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജയ് ഗണേഷിനൊപ്പം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രവും ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്. മനോരമ മാക്‌സില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. അടുത്ത ആഴ്ചയാകും സിനിമ ഒ.ടി.ടിയില്‍ എത്തു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വിഷു റിലീസുകളില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയ ചിത്രമാണ് ജയ് ഗണേഷ്. അഞ്ച് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 8.5 കോടി രൂപയാണ് നേടിയത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആണ് നായികയായത്. നടി ജോമോളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
◾ ടിവിഎസ് മോട്ടോര്‍ കമ്പനി നിലവില്‍ അതിന്റെ ഉല്‍പ്പന്ന നിരയില്‍ എക്സ്, ഐക്യൂബ് എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു. എക്സ്, ഐക്യൂബ് എന്നിവയ്ക്ക് യഥാക്രമം 2,49,990 രൂപയും 1,26,007 രൂപയും വിലയുണ്ട്. ഇപ്പോഴിതാ, ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍, ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ലൈനപ്പ് അധിക വേരിയന്റുകളോടെ ഉടന്‍ വിപുലീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഐക്യൂബ് വേരിയന്റുകളില്‍ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റികള്‍ അവതരിപ്പിക്കുകയും വ്യത്യസ്ത വില പോയിന്റുകളില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും. നിലവില്‍, ഐക്യൂബ് 4.4കിലോവാട്ട്അവര്‍ ഇലക്ട്രിക് മോട്ടോറിനൊപ്പം ലഭ്യമാണ്, പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
◾ ഒരേ സമയം ഒരു വിനോദവും ശാസ്ത്രവും കലയുമാണ് ചെസ്സ്. വിനോദം എന്ന നിലയ്ക്ക് ചെസ്സിനെ ആസ്വദിക്കുവാനും ശാസ്ത്രീയതത്ത്വങ്ങള്‍ അടിസ്ഥാനമാക്കി സര്‍ഗ്ഗാത്മകതയോടെ കരുനീക്കങ്ങള്‍ നടത്തുവാനും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഒരു ബൗദ്ധികവിനോദം എന്ന നിലയ്ക്ക് ഓര്‍മ്മശക്തി, ഏകാഗ്രത, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി, പൊടുന്നനെ തീരുമാനങ്ങളെടുക്കാനുള്ള കെല്‍പ്പ്, പാറ്റേണ്‍ തിരിച്ചറിയല്‍ മികവ് തുടങ്ങിയ മനോഗുണങ്ങളെ വളര്‍ത്തി യുവതലമുറയുടെ വ്യക്തിത്വവികാസത്തെ പരിപോഷിപ്പിക്കുവാന്‍ ഏറ്റവും ഉതകുന്ന ഗെയിമാണ് ചെസ്സ്. ആദ്യമായി ചെസ്സ് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെസ്സിന്റെ കരുനീക്കങ്ങള്‍ മാത്രം അറിയുകയും എന്നാല്‍ അതിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്കും ഉത്തമ വഴികാട്ടിയാണ് ലോക ചെസ്സ് ഫെഡറേഷന്‍ ട്രെയ്‌നറും ചെസ്സ് ഒളിമ്പ്യനുമായ പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍ രചിച്ച ഈ ഗ്രന്ഥം. ‘ചെസ്സ്: പഠിക്കാം കളിക്കാം ജയിക്കാം’. ചെസ്സ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍. ഗ്രീന്‍ ബുക്സ്. വില 200 രൂപ.
◾ ഭക്ഷണ മേഖലയില്‍ അടുത്തിടെ ഒരു ട്രെന്‍ഡ് ആയി മാറിയ ഒന്നാണ് ചിയ വിത്തുകള്‍. മില്‍ക് ഷെയ്ക്ക്, സാലഡ്, ജ്യൂസ്, സ്മൂത്തീസ് തുടങ്ങിയ ഇന്‍സ്റ്റന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ചേരുവകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത തരത്തില്‍ ആയിരിക്കുകയാണ് നിരവധി പോഷകഗുണങ്ങളുള്ള ചിയ വിത്തുകള്‍. ചിയ വിത്തുകള്‍ പ്രോട്ടീന്‍ സമ്പന്നമായതു കൊണ്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, കാല്‍സ്യം, ബി വിറ്റാമിനുകള്‍, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയ ചിയ വിത്തുകള്‍ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചിയ വിത്തുകള്‍ കഴിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചിയ വിത്തുകള്‍ കുതിര്‍ക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക. രുചിയില്‍ വ്യത്യസ്തത വേണമെന്ന് ഉണ്ടെങ്കില്‍ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ്, കുരുമുളക് അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ത്ത് കുടിക്കാവുന്നതാണ്.