HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024) 

പ്രഭാത വാർത്തകൾ

Published | 5 മെയ് 2024 ഞായർ | മേടം-22 |

◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

◾ സ്ത്രീകള്‍ക്കെതിരെ എന്ത് ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രസര്‍ക്കാരും ബിജെപിയും നിശ്ശബ്ദരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹത്രാസില്‍, ഉന്നാവില്‍, ഒളിമ്പിക് ജേതാക്കളായ വനിതാ അത്‌ലറ്റുകളുടെ പോരാട്ടത്തില്‍, മണിപ്പൂരില്‍ അങ്ങനെ എല്ലായിടത്തും അവര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും ഇത് തീര്‍ത്തും ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചു. പ്രധാനമന്ത്രിയോ അമിത് ഷായോ അറിയാതെയാണ് കര്‍ണാടകയിലെ വിവാദ പീഡന കേസിലെ പ്രതി പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രിയങ്കാ ആരോപണമുന്നയിച്ചു.

◾ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം സിഐടിയു നിര്‍ത്തിവെച്ചു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ഡ്രൈവിംഗ് ടെസ്റ്റുമായി തിങ്കളാഴ്ച മുതല്‍ സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. ഗതാഗതമന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ച മെയ് 23 ന് നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും സിഐടിയു വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

◾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ജോലി സമയത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ബാധകമായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മെയ് 15 വരെ ജോലിസമയത്തില്‍ ക്രമീകരണം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ നടപടി എടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

◾ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍  വിമര്‍ശിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്റെ സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നടന്ന് ചതിക്കുന്നവരാണെന്ന്, ടിഎന്‍ പ്രതാപന്‍, എംപി വിന്‍സന്റ് എന്നിവരുടെ പേര് പറഞ്ഞ് പത്മജ വിമര്‍ശിച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാവിന്റെ പിന്‍ബലത്തില്‍ ഇത്തരം ചതിയന്മാര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കുമെന്നും അതാണ് കോണ്‍ഗ്രസെന്നും കെ.സി.വേണുഗോപാലിനെ ലക്ഷ്യം വെച്ചും പത്മജ ഫേസ്ബുക്കില്‍ തുറന്നടിച്ചു.

◾ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പെന്ന് കെ.പി.സി.സി. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു. എന്നാല്‍ ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കനത്ത മല്‍സരമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. എങ്കിലും 20 ല്‍ 20 ഉം നേടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

◾ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍,  കണ്ടക്ടര്‍ക്കെതിരെ ആരോപണവുമായി ഡ്രൈവര്‍ യദു. മേയറുമായി തര്‍ക്കമുണ്ടായ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അന്ന് കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും പിന്‍സീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു പറഞ്ഞു. എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയം ഉണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ച് പേരെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും യദു പറഞ്ഞു.

◾ ബി.ജെ.പിയിലേക്ക് പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല. കെ. സുധാകരന്‍, ശോഭ സുരേന്ദ്രന്‍, ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്.

◾ വടകര മണ്ഡലത്തില്‍ സിപിഎം വിദ്വേഷ പ്രചാരണം നടത്തിയെന്നും മണ്ഡലത്തില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. കെപിസിസി  വര്‍ഗീയ പ്രചാരണത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും സിപിഎമ്മിന്റെ വിദ്വേഷ പ്രചാരണം തടയാന്‍  ഈ മാസം 11 ന് വടകരയില്‍ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസന്‍ അറിയിച്ചു.  

◾ ജെസ്‌ന കേസില്‍ കോടതിയില്‍ കേസ് ഡയറി ഹാജരാക്കി സിബിഐ. ജെസ്‌നയുടെ അച്ഛന്‍ കഴിഞ്ഞദിവസം കോടതിയില്‍ തെളിവുകള്‍ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചോ എന്നറിയാന്‍ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഈ മാസം എട്ടിന് ഹര്‍ജി പരിഗണിക്കും.

◾ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണന്‍ അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് കരുതല്‍ തടങ്കലിലെടുത്ത്, പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി ഇരുട്ടു മുറിയില്‍ ഇട്ട് മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്റെ പരാതി.

◾ ആക്കുളത്ത ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണ ചുമതല ഇടത് എംഎല്‍എ വി.കെ.പ്രശാന്ത് നേതൃത്വം നല്‍കുന്ന വൈപ്പോസ് സൊസൈറ്റിക്കായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുന്‍പരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. അതേസമയം, ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകര്‍ന്നതില്‍ പങ്കുണ്ടെന്നാണ് വി.കെ.പ്രശാന്ത് എംഎല്‍എയുടെ ആരോപണം.

◾ അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തില്‍ നിര്‍ത്തും. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം.

◾ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ  കാസര്‍കോട് സ്വദേശിയായ 18കാരിക്കെതിരെ പീഡന ശ്രമം. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു.മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.

◾ വിരമിക്കല്‍ അനൂകൂല്യം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീംകോടതി സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി .ഈ മാസം പതിനേഴിന് ഹാജരാകാനാണ് ജസ്റ്റിസ് ഹിമാ കോഹ്ലി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.

◾ സൗത്ത് വയനാട് ഡിഎഫ്ഒ  എ ഷജ്‌നയെ കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലേക്ക് സ്ഥലം മാറ്റി. സുഗന്ധഗിരി മരംമുറിക്കേസില്‍ വീഴ്ച വരുത്തിയെന്ന വനം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റല്‍. ഇതേ കേസില്‍ നേരത്തെ ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നെങ്കിലും ഈ നടപടി പിന്നീട് പിന്‍വലിച്ചിരുന്നു. ഷജ്നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നില്ല.

◾ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നത് ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

◾ മെയ് 5,6,7,8 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്  സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ ഇന്ത്യയില്‍ നിന്ന് ആറുമാസത്തെ നിരോധനത്തിന് ശേഷം ഉള്ളി കയറ്റുമതിക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍.  നിരോധനം നീക്കിയെന്ന്  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് അനുകൂലമാകുന്നതാണ് കേന്ദ്ര തീരുമാനം. രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ മുമ്പാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനമുണ്ടായതെന്നതും ശ്രദ്ധേയം.

◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പല്‍ എം എസ് സി എരീസിലെ മലയാളികളുള്‍പ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നുവെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പല്‍ കമ്പനി തയ്യാറാകാത്തതാണ് പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

◾ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് മകള്‍ സുപ്രിയ സുലേ. മഹാരാഷ്ടയില്‍ ഒരൊറ്റ എന്‍ സി പി മാത്രമേ ഉളളൂ. ബാരാമതിയില്‍ നടക്കുന്ന സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്നും സുപ്രിയ പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ വ്യക്തമാക്കി.

◾ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു.

◾ ജെഡിഎസ് നേതാവ്  എച്ച് ഡി രേവണ്ണയെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍  കസ്റ്റഡിയിലെടുത്ത് പൊലീസ്.  എംഎല്‍എ കൂടിയായ രേവണ്ണയെ പ്രത്യേകാന്വേഷണസംഘം മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രേവണ്ണയ്ക്കും മകന്‍ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

◾ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ  പഞ്ചാബിലെ പാട്യാലയില്‍  നടന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ കര്‍ഷകനായ സുരീന്ദ്ര സിങ് ആണ് മരിച്ചത്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

◾ ദില്ലിയിലെ പിസിസി മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലും, ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

◾ മുംബൈ സിറ്റിക്ക് രണ്ടാം ഐ.എസ്എല്‍ കിരീടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് കീഴടക്കിയാണ് മുംബൈ സിറ്റി രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. ബഗാന്റെ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കില്‍ ഒരു തവണ പിന്നില്‍ പോയ ശേഷം മൂന്നുഗോള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടത്തിലേക്കെത്തിയത്.

◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 4 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 19.7 ഓവറില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുളുളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പവര്‍പ്ലേയില്‍ 23 പന്തില്‍ 64 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസിന്റേയും 42 റണ്‍സെടുത്ത കോഹ്ലിയുടേയും മികവില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ആര്‍സിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്റെ ആശ്വാസ ജയമാണുണ്ടായത്.

◾ ലാലിഗ കിരീടം റയല്‍ മാഡ്രിഡിന്. ഇന്നലെ നടന്ന മത്സരത്തില്‍ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെ ബാഴ്സയ്ക്ക് പോയിന്റ് നിലയില്‍ റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് റയല്‍ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. ഏറ്റവും കൂടുതല്‍ ലാലിഗ ചാമ്പ്യന്മാരായ റയലിന്റെ 36-ാം ലാലിഗ കിരീടമാണിത്.

◾ മുംബൈ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഒരുങ്ങുന്നതിനിടെ, ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ച് പ്രമുഖ ജാപ്പനീസ്, യു.എ.ഇ നിക്ഷേപ ബാങ്കുകള്‍ രംഗത്ത്. യെസ് ബാങ്കില്‍ 25.02 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്.ബി.ഐക്കുള്ളത്. ഇത് മുഴുവന്‍ വിറ്റഴിക്കാനാണ് നീക്കം. യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദബി ബാങ്ക്, പ്രമുഖ ജാപ്പനീസ് ബാങ്കായ മിസുഹോ ബാങ്ക് എന്നിവ എസ്.ബി.ഐ വിറ്റൊഴിയുന്ന ഓഹരികള്‍ വാങ്ങാന്‍ താത്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയില്‍ നിന്നുള്ള എന്‍.ബി.ഡി എമിറേറ്റ്‌സും യെസ് ബാങ്കിന്റെ ഓഹരികളില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇടപാടുകള്‍ക്കായി ബാങ്ക് ഓഫ് അമേരിക്കയെ മിസുഹോ ബാങ്ക് നിയമിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഫസ്റ്റ് അബുദബി ബാങ്ക് അധികൃതര്‍ റിസര്‍വ് ബാങ്കുമായും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഓഹരികള്‍ ഏറ്റെടുക്കാന്‍ യോഗ്യരായവരെ കണ്ടെത്താനുള്ള ചുമതല എസ്.ബി.ഐ സിറ്റിബാങ്കിനും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആഭ്യന്തര നിക്ഷേപകരോ ബാങ്കുകളോ യെസ് ബാങ്ക് ഓഹരികളില്‍ താത്പര്യമറിയിച്ച് മുന്നോട്ടുവന്നിട്ടില്ല. ഫസ്റ്റ് അബുദബി ബാങ്കിനും മിസുഹോയ്ക്കും നിലവില്‍ ഇന്ത്യയില്‍ ശാഖകളുണ്ടെന്നത് അനുകൂല ഘടകമാണ്. ഇന്ത്യന്‍ ബാങ്കുകളില്‍ വിദേശ കമ്പനികള്‍ക്ക് 74 ശതമാനം വരെ ഓഹരി പങ്കാളിത്തം നേടാന്‍ റിസര്‍വ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നുമുണ്ട്.

◾ പ്രമേയപരമായും ആഖ്യാനപരമായും അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമയാണ് നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തിയ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്’. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് അഭിനവിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ‘മോളിവുഡ് ടൈംസ്’ എന്നാണ് ചിത്രത്തിന്റെ പേര്. നസ്ലെന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. 2025-ലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആനന്ദം. ഗോദ, കുരങ്ങു ബൊമൈ, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രം തുടങ്ങീ സിനിമകളുടെ എഡിറ്റര്‍ കൂടിയാണ് അഭിനവ് സുന്ദര്‍ നായക്. പ്രേമലു വമ്പന്‍ ഹിറ്റായിരിക്കുന്നത് കൊണ്ട് തന്നെ നസ്ലെന്‍ വീണ്ടും മികച്ച വേഷങ്ങള്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ്- കോമഡി ചിത്രത്തിലാണ് ഇപ്പോള്‍ നസ്ലെന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലുക്മാന്‍ അവറാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

◾ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’മെയ് 16ന് തിയേറ്ററുകളില്‍ എത്തുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ‘കൃഷ്ണ കൃഷ്ണ..’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നത് അജു വര്‍ഗീസാണ്. പാട്ടിന്റെ വരികള്‍ നല്‍കുമ്പോള്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണെന്ന് കരുതി അജു തെറ്റിദ്ധരിക്കുന്നതും, ധ്യാന്‍ ശ്രീനിവാസനെ പോലെ താന്‍ ഇന്റര്‍വ്യൂയില്‍ വന്നിരുന്ന് സിനിമയുടെ കഥ പറയുമെന്ന് പേടിക്കേണ്ടെന്നും അജു പ്രൊമോ വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ്, ബൈജു, ഇര്‍ഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ ആണ്.

◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലാണ് സിറ്റി. ഹോണ്ട സിറ്റിക്കും സിറ്റി ഹൈബ്രിഡിനും കമ്പനി 2024 മെയ് മാസത്തില്‍ ബമ്പര്‍ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. 27 കിമി മൈലേജ് നല്‍കുന്ന സിറ്റി മോഡലുകള്‍  വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2024 മെയ് മാസത്തില്‍ 1.15 ലക്ഷം രൂപ വരെ ലാഭിക്കാം. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 60,000 രൂപയിലധികം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്പെക്ക് ഹോണ്ട സിറ്റി ഇസെഡ് എക്സ് 88,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം താഴ്ന്ന വേരിയന്റുകള്‍ക്ക് 78,000 രൂപ കിഴിവ് ലഭിക്കുന്നു. ചെറിയ സുരക്ഷാ ഫീച്ചറുകളോടെ ഹോണ്ട അടുത്തിടെ സിറ്റിയെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ചെയ്ത ലൈനപ്പില്‍ നിന്ന്, 58,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ വി, വിഎക്സ് എന്നിവ മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഹോണ്ട സിറ്റി എലഗന്റ് വേരിയന്റിന് 1.15 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു. 121 എച്ച്പി പവറും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനാണ് സിറ്റിക്ക് കരുത്തേകുന്നത്, കൂടാതെ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 2024 മെയ് മാസത്തില്‍ വി വേരിയന്റിന് മാത്രം 65,000 രൂപ കിഴിവ് ഹോണ്ട സിറ്റി ഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്നു.

◾ ദ്രാവിഡം ഒരു മഹത്തായ സാംസ്‌കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡ മുന്നേറ്റ കഴകം. അതിന്റെ ഉല്‍പ്പത്തിക്കും വളര്‍ച്ചയ്ക്കും അതിനൊപ്പം തമിഴകത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ക്കും ആധാരശിലയായി വര്‍ത്തിച്ച വ്യക്തിയായിരുന്നു കലൈഞര്‍ എം. കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങള്‍ ഏറ്റവും അടുത്തുനിന്നു കാണാന്‍ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടില്‍നിന്നു പടിപടിയായുയര്‍ന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിന്‍. തന്റെ ഇരുപത്തിമൂന്നാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഉങ്കളില്‍ ഒരുവന്‍ എന്ന ഈ ആത്മകഥ. വ്യക്തിയും സമൂഹവും ഒന്നായിത്തീരുന്ന സവിശേഷതയാണ് ഈ ഗ്രന്ഥം നമുക്കു കാട്ടിത്തരുന്നത്. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രംകൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. ‘ഉങ്കളില്‍ ഒരുവന്‍’. എം.കെ സ്റ്റ്ാലിന്‍. വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍. ഡിസി ബുക്സ്. വില 225 രൂപ.

◾ ഈ ചുട്ടുപൊള്ളുന്ന ചൂടത്ത് എത്ര കുട ചൂടിയാലും സണ്‍സ്‌ക്രീം തേച്ചാലും തിരിച്ചു കയറുമ്പോള്‍ ചര്‍മ്മം കറുത്തു കരിവാളിച്ചിട്ടുണ്ടാവും. ചര്‍മ്മത്തിലെ ടാന്‍ ഒഴിവാക്കാന്‍ പറ്റിയ ഐറ്റം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. മികച്ച ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് നമ്മുടെ ഉരുളക്കിഴങ്ങ്. ഇവയ്ക്ക് സൂര്യരശ്മികള്‍ കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ടാന്‍ ഇല്ലാതാക്കാന്‍ കഴിയും. കൂടാതെ ഉരുളക്കിഴങ്ങിന് നല്ലൊരു ബ്ലീച്ചിങ് ഏജന്റായി പ്രവര്‍ത്തിക്കാനും സാധിക്കും. ചര്‍മ്മം തിളങ്ങാനും ടാന്‍ ഇല്ലാതാക്കനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കാം. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേന്‍ ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചര്‍മത്തിലെ ടാന്‍ ഒഴിവാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേര്‍ത്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടുക. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറാന്‍ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കാം. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ചര്‍മം തിളങ്ങാന്‍ ഫലപ്രദമാണ്. രണ്ട് സ്പൂണ്‍ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരില്‍ ചേര്‍ത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts