പ്രഭാത വാർത്തകൾ
Published | 2024 | മെയ് 3 | വെള്ളി | മേടം 20 |
◾ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന. ഇന്ന് രാഹുലിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വന്‍ റോഡ് ഷോ ഉണ്ടാകുമെന്നും റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശപത്രിക സമര്‍പ്പണം ഉണ്ടായേക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. അതേസമയം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
◾ കോണ്‍ഗ്രസിന്റെ’രാജകുമാരനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈന്‍ രാഹുലിനെ പ്രശംസിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
◾ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വല്‍ രേവണ്ണ എന്ന കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും കയ്യില്‍ ഇന്റലിജന്‍സും കസ്റ്റംസും ഐ ബിയും ഉണ്ടായിട്ടും പ്രജ്വലിനെ മോദി രാജ്യം വിടാന്‍ അനുവദിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു സമൂഹ ബലാത്സംഗം നടത്തിയ കൊടുംകുറ്റവാളിക്ക് പിന്തുണ പ്രഖ്യാപിച്ച മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു.
◾ ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മേയ് ആറ് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നേരത്തെ മന്ത്രി സഭായോഗം നിര്‍ദേശം നല്‍കിയിരുന്നു.
◾ കടുത്ത ചൂട് അനുഭവപ്പെടുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.
◾ സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
◾ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ വേട്ടയാടുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് വി വസീഫ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മേയര്‍ക്കോ എംഎല്‍എയ്ക്കോ മുന്‍പരിചയം ഇല്ല. ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമെന്നും വി വസീഫ് പറഞ്ഞു.
◾ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എം വിന്‍സെന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയാണെന്നും കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
◾ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.
◾ യുവജനങ്ങള്‍ വളര്‍ന്നു വരുന്നതില്‍ അസ്വസ്ഥരാകുന്നവരാണ് തന്നെ ആക്രമിക്കുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. മോശമായൊരു ഇടപെടല്‍ ഉണ്ടായപ്പോള്‍ തന്നെ പ്രതികരിക്കാനാണ് ശ്രമിച്ചതെന്നും ഭാവി നോക്കിയല്ല പ്രതികരിച്ചതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയും കമ്മിറ്റി വിലയിരുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിയുമെന്നും എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നും സിപിഐ കണക്ക് കൂട്ടുന്നു.
◾ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായേക്കാമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാമെന്നും എങ്കിലും ആദര്‍ശം കൈവിടരുതെന്നും സമസ്തയില്‍ അടിയുറച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍. ലീഗിനെതിരേ സംസാരിച്ച മദ്രസ അധ്യാപകനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം.
◾ മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. 4 കരാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
◾ എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നലെയും അന്തിമവാദം തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110-ാം നമ്പര്‍ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കേസില്‍ വാദം തുടരുന്നതിനാല്‍ ലാവലിന്‍ അടക്കമുള്ള കേസുകള്‍ കോടതി ഇന്നലെയും പരിഗണിച്ചില്ല.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ കൊടുത്ത പരാതിയിലെ അന്വേഷണറിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഐ.ജി. കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ 12 ദിവസമായി സമരം ചെയ്തുവരുന്ന ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
◾ ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചും ഈ വിവരം പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അനില്‍ ആന്റണി ഇത് നിഷേധിച്ചാല്‍ പേരുകള്‍ പുറത്ത് വിടുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. പി ജെ കുര്യനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി പ്രതികരിച്ചു.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി. കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാം വാരത്തോടെ നടത്തുമെന്നും തുടര്‍ന്ന് അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
◾ പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിന്‍ വികസിപ്പിച്ചതെന്നും കോവാക്സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഭാരത് ബയോടെക്.. കോവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.
◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിപോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.
◾ കോണ്‍ഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാജീവ് ചന്ദ്രശേഖറും, സുധാന്‍ഷു ത്രിവേദിയും. കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി എന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ പ്രജ്വല്‍ രേവണ്ണയുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാര്‍ത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കാര്‍ത്തിക് റെഡ്ഡിയെ കാണാതായത്.
◾ 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണമാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇവയില്‍ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാര്‍മസിയുടേതാണ്.
◾ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി.
◾ കൈസര്‍ഗഞ്ജില്‍ ബ്രിജ്ഭൂഷണിന്റെ മകന് സീറ്റ് നല്‍കിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു’ എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം ബി ജെ പി തകര്‍ത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നില്‍ രാജ്യത്തെ സര്‍ക്കാര്‍ ഇത്ര ദുര്‍ബലമാണോയെന്നും ചോദിച്ചു.
◾ 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. അതേസമയം 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
◾ ആവേശം അവസാന ഓവര്‍വരെ നീണ്ടുനിന്ന ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 76 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഢിയുടെയും 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 3 വിക്കറ്റിന് 201 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന് ജോസ് ബട്ലറേയും സഞ്ജു സാംസണിനേയും ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന 67 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 77 റണ്‍സെടുത്ത റിയാന്‍ പരാഗും വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സകലെ രാജസ്ഥാന് വിജയം കൈവിടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുകയും അവസാന പന്തില്‍ വിക്കറ്റെടുക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പി.
◾ 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 4,61,937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചയോടെ 2,195.11 കോടി രൂപയിലെത്തി. അറ്റാദായത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 906.30 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ച് 4,61,937.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 213386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ദ്ധനവോടെ 2,52,534.02 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,74,446.89 കോടി രൂപയില്‍ നിന്ന് 2,09,403.34 കോടി രൂപയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 67,435.34 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 21,486.65 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 73,596.09 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 21.13 ശതമാനം വര്‍ദ്ധിച്ച് 17,072.58 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25,000 കോടി രൂപയെന്ന നാഴികക്കല്ലു കടന്നു. 4,528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1,255.33 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29,089.41 കോടി രൂപയായി വര്‍ധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.
◾ സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനികാന്ത് എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. ബസ് കണ്ടക്ടര്‍ ആയി കരിയര്‍ ആരംഭിച്ച രജനി സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിനിമാക്കഥ പോലെ ആവേശകരമായ വളര്‍ച്ച ഇനി സ്‌ക്രീനില്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നദിയാവാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം നേടി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെക്കോര്‍ഡ് തുകയാണ് ഈ ബയോപിക്കിന്റെ അവകാശം സ്വന്തമാക്കാന്‍ സാജിദ് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ചരിത്രമാകും. അടുത്ത വര്‍ഷം സിനിമ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം, ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വേട്ടയ്യന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനി ഇപ്പോള്‍. ഇതിന് ശേഷം ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യില്‍ താരം വേഷമിടും. രജനിയുടെ അവസാന സിനിമയാകും കൂലി എന്ന് സംവിധായകന്‍ മിഷ്‌കിന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
◾ നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സിനിമയിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ബോക്സിങ് ആധാരമാക്കി ഒരുക്കുന്ന സ്പോര്‍ട്സ്‌കോമഡി സിനിമയാകുമിത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. നസ്ലിന്‍ ഗഫൂര്‍, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാന്‍ അവറാന്‍, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം വില്‍പ്പനയില്‍ 32 ശതമാനം വളര്‍ച്ചയാണ് ടൊയോട്ട കമ്പനി നേടിയത്. ഏപ്രിലിലെ വില്‍പ്പന 32 ശതമാനം വര്‍ധിച്ച് 20,494 യൂണിറ്റിലെത്തി. 2023 ഏപ്രിലില്‍ 15,510 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 18,700 യൂണിറ്റായിരുന്നുവെന്നും മൊത്തം കയറ്റുമതി 1,794 യൂണിറ്റാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം ടൊയോട്ട ഇന്ത്യയും ‘ടി ഗ്ലോസ്’ ബ്രാന്‍ഡുമായി കാര്‍ ഡീറ്റെയ്‌ലിംഗ് സൊല്യൂഷന്‍ ബിസിനസിലേക്ക് പ്രവേശിച്ചു. ഇതുകൂടാതെ, ഹൈക്രോസ്, ഫോര്‍ച്യൂണര്‍, റൂമിയോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് വ്യത്യസ്ത വിലനിലവാരത്തില്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ വേരിയന്റുകളും ചേര്‍ത്തിട്ടുണ്ട്. ടൊയോട്ടയുടെ യൂട്ടിലിറ്റി വാഹനങ്ങളായ ഇന്നോവ ശ്രേണി, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, യുസി ഹൈഡര്‍, ഹിലക്‌സ്, എല്‍സി300 എന്നിവ ബ്രാന്‍ഡിന്റെ മികച്ച വില്‍പ്പനയില്‍ തുടരുന്നതായി കമ്പനി അറിയിച്ചു. കാംറി ഹൈബ്രിഡ്, വെല്‍ഫയര്‍, റൂമിയോണ്‍, ഗ്ലാന്‍സ എന്നിവയും വില്‍പ്പന വളര്‍ച്ചയില്‍ കാര്യമായ സംഭാവന നല്‍കി. ടൊയോട്ട അതിന്റെ നിരയിലേക്ക് പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടേസറും ചേര്‍ത്തു, അതിന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ഒരു എന്‍ട്രി ലെവല്‍ സബ്‌കോംപാക്റ്റ് എസ്യുവി കൊണ്ടുവന്നു. പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടേസര്‍ അടിസ്ഥാനപരമായി മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ബാഡ്ജിംഗ് മോഡലാണ്.
◾ വനനശീകരണത്തിലൂടെയും നഗരവത്കരണത്തിലൂടെയും അമൂല്യങ്ങളായ പല ഔഷധികളും അന്യംനിന്നുപോകുന്ന പശ്ചാത്തലത്തില്‍ ഔഷധസസ്യങ്ങളെ വേര്‍തിരിച്ച്, അവയുടെ ഗുണനിലവാരങ്ങളോടുകൂടി അറിയാം. ആയുര്‍വേദമുള്‍പ്പെടെയുള്ള പാരമ്പര്യവൈദ്യശാസ്ത്രങ്ങള്‍ക്ക് ആഗോളവ്യാപകമായി പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തില്‍ ഔഷധസസ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ സഹായകമാകുന്ന പുസ്തകം. ‘അറിഞ്ഞിരിക്കേണ്ട ഔഷധസസ്യങ്ങള്‍’. ഡോ. ഇന്ദിര ബാലചന്ദ്രന്‍. മാതൃഭൂമി. 331 രൂപ.
◾ പോഷകഗുണങ്ങള്‍ ഉള്ളതിനാല്‍ ടോസ്റ്റ് ചെയ്ത ബ്രേഡ്, ജ്യൂസ് എന്നിവയൊക്കെ രാവിലെ കഴിക്കുന്നത് നല്ലതാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കോണ്‍ഫ്ലക്സ്, മ്യുസിലി എന്നവയൊക്കെ പോഷക ?ഗുണങ്ങളുള്ള ധാന്യങ്ങളാല്‍ നിര്‍മ്മിച്ചെതെന്ന അവകാശ വാദത്തോടെയാണ് പല കമ്പനികളും വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ അതിന്റെ ചേരുവകള്‍ പരിശോധിച്ചാല്‍ അവയില്‍ പോഷകങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാരയുടെ അളവായിരിക്കും കൂടുതല്‍. ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പഞ്ചസാര വളരെ വേഗം രക്തപ്രവാഹത്തിലേക്ക് ഇറക്കി വിടും. വൈറ്റ്, ഹോള്‍ ബ്രഡുകള്‍ക്ക് ഉയര്‍ന്ന ജിഐ സൂചികയുണ്ടെന്നും ഇവ പോഷണങ്ങളും ഫൈബറുമില്ലാത്തെ സംസ്‌കരിച്ച ഭക്ഷണങ്ങളാണെന്ന് ഓര്‍ക്കണം. കൂടാതെ പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അവയുടെ നാരുകള്‍ ഇല്ലാതാകുന്നു. കൂടാതെ അവയില്‍ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഇവ വെറും വയറ്റില്‍ കഴിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍ എപ്പോഴും ഉച്ചയ്ക്ക് മുന്‍പ് സ്നാക്സ് ആയി കഴിക്കുന്നതാണ് നല്ലത്. പേസ്ട്രി, കേക്ക് പോലുള്ള മധുരം കൂടുതലുള്ളവയും പ്രമേഹ രോ?ഗികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് അപകടമാണെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്‍ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുമെന്നും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുക പിന്നീട് ബുദ്ധിമുട്ടാകുമെന്നും പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരം നട്സ്, വിത്തിനങ്ങള്‍, പരിപ്പ് തുടങ്ങിയവ പ്രഭാത ഭക്ഷണമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ അധികമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ധാരാളം പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചാസരയുടെ തോത് നിയന്ത്രിക്കാനും സഹായകമാണ്.