കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍.
യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്) ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്ബനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ എസ് ഐ ഐ ആണ് നിർമിച്ചത്.
മകള്‍ കാരുണ്യയുടെ മരണത്തില്‍ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികള്‍ ആരംഭിച്ചത്. കൊവിഷീല്‍ഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാല്‍ കാരുണ്യയുടെ മരണകാരണം വാക്‌സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച് ദേശീയ കമ്മിറ്റി റിപ്പോർട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ സ്വതന്ത്ര മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ നഷ്ടപരിഹാരം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീല്‍ഡ് വാക്‌സിൻ കാരണമാകാമെന്ന് ആസ്ട്രാസെനേക യുകെ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കല്‍ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കമ്ബനി അറിയിച്ചു.
കൊവിഷീല്‍ഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്ബനി സമ്മതിക്കുന്നത്.