നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയരുകയാണ്.
നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് ദിവസം മുമ്ബാണ് ഹര്‍ദ്ദിക് തിവാരി എന്ന യൂസര്‍ എക്‌സില്‍, നാല് പെണ്‍കുട്ടികള്‍ തമ്മില്‍ നടുറോഡില്‍ വച്ച് വഴക്കും അടിയുണ്ടാക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികള്‍ നടുറോഡില്‍ തല്ലുണ്ടാക്കുകയാണ്, പൊലീസുകാരന്‍ ഇടപെട്ടില്ല, അധികൃതര്‍ എന്ത് ചെയ്യുകയാണ് എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്. നാല് പെണ്‍കുട്ടികളും രണ്ടായി തിരിഞ്ഞാണ് അടിയുണ്ടാക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു തള്ളുന്നതും മുടിക്ക് പിടിച്ചുവലിക്കുന്നതും തള്ളിയിടാന്‍ നോക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.
ഈ സമയത്ത് റോഡിലൂടെ രണ്ട് പൊലീസുകാര്‍ ബൈക്കില്‍ വരുന്നുണ്ട്. ഒരാള്‍ ഇറങ്ങി നിന്ന് എന്താണ് സംഭവിക്കുന്നത് എന്നും നോക്കുന്നുണ്ട്. എന്നാല്‍, സംഭവത്തില്‍ ഇടപെടുന്നൊന്നും കാണുന്നില്ല. വേറെയും കുറച്ച് പേര്‍ പെണ്‍കുട്ടികളുടെ തല്ലിനും വഴക്കിനും സാക്ഷികളായി റോഡില്‍ നില്‍പുണ്ട്.
അതേസമയം, ഇന്‍സ്റ്റഗ്രാം റീല്‍സിലെ കമന്റുകളെ ചൊല്ലിയാണ് ഇവര്‍ വഴക്കില്‍ ഏര്‍പ്പെട്ടത് എന്നാണ് വിവരം. വഴക്കുണ്ടാക്കുന്ന ജോഡികള്‍ സഹോദരികളാണ് എന്നും പറയുന്നു. 9, 10 ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് റോഡില്‍ തല്ലുണ്ടാക്കിയത്. ഇന്‍സ്റ്റഗ്രാം റീല്‍സിലെ കമന്റിനെ ചൊല്ലി ഇരു ടീമുകളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. അത് സംസാരിക്കാനായി നോയിഡയിലെ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക്, സെക്ടര്‍-93ല്‍ വച്ച് കാണാമെന്നും തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പരസ്പരം കണ്ടതോടെ സംസാരിച്ച് തീര്‍ക്കുന്നതിന് പകരം സംഭവം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.