ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ കെകെആറിനെതിരെ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 20-ാം ഓവറിലെ അവസാന പന്തില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 21 റണ്‍സിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്‌സിന് തൂക്കി കരണ്‍ ശര്‍മ്മ ഞെട്ടിച്ചുവെങ്കിലും അഞ്ചാം പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതോടെ അവസാന പന്തില്‍ ആര്‍സിബിക്ക് വേണ്ടിയിരുന്നത് മൂന്ന് റണ്‍സായി. എന്നാല്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ലോക്കീ ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെ കെകെആര്‍ 1 റണ്ണിന് വിജയിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 222 റണ്‍സ് എന്ന കൂറ്റന്‍ സ്കോറില്‍ എത്തുകയായിരുന്നു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (14 പന്തില്‍ 48), നായകന്‍ ശ്രേയസ് അയ്യര്‍ (36 പന്തില്‍ 50), റിങ്കു സിംഗ് (16 പന്തില്‍ 24) എന്നിവര്‍ക്കൊപ്പം ആന്ദ്രേ റസല്‍ (20 പന്തില്‍ 27*), രമണ്‍ദീപ് സിംഗ് (9 പന്തില്‍ 24*) എന്നിവരുടെ ബാറ്റിംഗാണ് കെകെആറിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ട് വീതം ഫോറും സിക്‌സറും പറത്തിയ രമണ്‍ദീപ് കൊല്‍ക്കത്തയ്ക്ക് മോശമല്ലാത്ത ഫിനിഷിംഗ് സമ്മാനിച്ചു. ആര്‍സിബിക്കായി യഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ട് വീതവും മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റും വീഴ്ത്തി.
ആര്‍സിബിയുടെ മറുപടി ബാറ്റിംഗില്‍ വിരാട് കോലി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 7 പന്തില്‍ 18 റണ്‍സുമായി ഹര്‍ഷിത് റാണയുടെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. പിന്നാലെ നായകന്‍ ഫാഫ് ഡുപ്ലസിസിനെ (7 പന്തില്‍ 7) വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം വില്‍ ജാക്‌സ്-രജത് പാടിദാര്‍ സഖ്യം പവര്‍പ്ലേയില്‍ ടീം സ്കോര്‍ 72ലെത്തിച്ചു. ആറാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സിന് മിച്ചല്‍ സ്റ്റാര്‍ക്കിനെ ജാക്‌സ് ശിക്ഷിച്ചു. ഇരുവരും 9 ഓവറില്‍ ബെംഗളൂരുവിനെ 100 റണ്‍സിലെത്തിച്ചു. ജാക്‌സ് 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. കെകെആറിന്‍റെ ഇംപാക്‌ട് സബ്സ്റ്റിറ്റ്യട്ട് സുയാഷ് ശര്‍മ്മയെ 10-ാം ഓവറില്‍ രണ്ട് വീതം ഫോറും സിക്‌സറും ഉള്‍പ്പടെ 22 റണ്‍സടിച്ച് പാടിദാറും ടോപ് ഗിയറിലായി.
കൂറ്റനടിക്കുള്ള ശ്രമങ്ങള്‍ക്കിടെ വില്‍ ജാക്‌സിനെയും (32 പന്തില്‍ 55), രജത് പാടിദാറിനേയും (23 പന്തില്‍ 52) ഒരേ ഓവറില്‍ മടക്കി ആന്ദ്രേ റസല്‍ കെകെആറിന് പ്രതീക്ഷ സമ്മാനിച്ചു. പിന്നാലെ കാമറൂണ്‍ ഗ്രീനും (4 പന്തില്‍ 6), മഹിപാല്‍ ലോംററും (3 പന്തില്‍ 4) സുനില്‍ നരെയ്‌ന്‍റെ ഒരു ഓവറില്‍ വീണതോടെ ആര്‍സിബി 13 ഓവറില്‍ 155-6. അങ്ങനെ പ്ലേയിംഗ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ഗ്രീനിന് നിരാശയായി. വെടിക്കെട്ടുവീരന്‍ ദിനേശ് കാര്‍ത്തിക്കും ഇംപാക്‌ട് പ്ലെയര്‍ സുയാഷ് പ്രഭുദേശായിയും ക്രീസില്‍ നില്‍ക്കേ ആര്‍സിബിക്ക് അവസാന അഞ്ചോവറില്‍ 49 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സുയാഷിനെ (18 പന്തില്‍ 24) മടക്കി റാണ ആര്‍സിബിയെ വിറപ്പിച്ചു. ഒറ്റയാനായി ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ഡികെയെ (18 പന്തില്‍ 25) 19-ാം ഓവറിലെ അവസാന പന്തില്‍ റസല്‍ മടക്കി. ഒടുവില്‍ സ്റ്റാര്‍ക്കിന്‍റെ അവസാന ഓവറിലെ കരണ്‍ ശര്‍മ്മ വെടിക്കെട്ടിനിടയിലും ബെംഗളൂരു നാടകീയമായി തോല്‍വി വഴങ്ങി. 7 പന്തില്‍ 20 റണ്‍സുമായായിരുന്നു കരണിന്‍റെ മടക്കം.