യുവതി ആത്മഹത്യ ചെയ്‌ത കേസില്‍ പ്രേരണാക്കുറ്റത്തിനു ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിലുള്ള കാവുങ്കല്‍ വീട്ടില്‍ സൗമ്യ (35) ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാറാണ് (40) അറസ്‌റ്റിലായത്.
17 നു രാവിലെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏക മകന്‍ സായി ഈ സമയം സൗമ്യയുടെ വീട്ടിലായിരുന്നു. സൗമ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ ആത്മഹത്യയിലേക്കു നയിച്ച ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്.
പോലീസ് പറയുന്നതിങ്ങനെ: സുനില്‍കുമാര്‍ ഡ്രൈവറും സൗമ്യ മുക്കൂട്ടുതറയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ അക്കൗണ്ടന്റുമാണ്. ഡ്രൈവിങ് ജോലിയില്ലാത്തപ്പോള്‍ സുനില്‍ കുമാര്‍ പിതാവിനെ ചായക്കടയില്‍ സഹായിക്കും. സുനിലും മുക്കൂട്ടുതറ സ്വദേശിയായ മറ്റൊരു യുവാവും അടുത്ത സ്‌നേഹിതരാണ്. ഈ യുവാവിന് സൗമ്യയുമായി അടുപ്പവും അവിഹിത ബന്ധവുമുണ്ട്. ഇയാളുടെ ഭാര്യയുടെ ആഭരണങ്ങളും പണവും സുനില്‍കുമാര്‍ മുഖേന സൗമ്യയ്‌ക്കു കൈമാറും.
ഇതിന്റെ പേരില്‍ സൗമ്യ ഇയാള്‍ക്കു വഴങ്ങുകയാണ്. ഈ വിവരമറിയാവുന്ന സുനില്‍ കുമാര്‍ സുഹൃത്തിന്റെ ഭാര്യ തനിക്കു വഴങ്ങണമെന്നെ ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍, യുവതി അതിനു തയാറായില്ല. ഇതിനിടെ സുഹൃത്തുതന്നെ താനും ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ സുനിലിനു കൈമാറി. ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ തനിക്കു വഴങ്ങണമെന്ന് സുനില്‍ സുഹൃത്തിന്റെ ഭാര്യയോടാവശ്യപ്പെട്ടു. സ്വന്തം വീട്ടിലേക്കു പോയ യുവതി എരുമേലി പോലീസില്‍ പരാതി നല്‍കി. 17 നു രാവിലെ 10 ന് പരാതി അന്വേഷിക്കാന്‍ സുനിലിനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. എന്താണു പരാതിയെന്നു തിരക്കിയപ്പോഴാണ് കിടപ്പറരംഗങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുന്നതാണെന്നു മനസിലായത്. ഇതോടെ വിവരങ്ങള്‍ മുഴുവന്‍ പുറത്തുപോകുമെന്നു ഭയന്ന സൗമ്യയും സുനിലും ജീവനൊടുക്കാന്‍ തീരുമാനിച്ചു. അന്നുരാത്രി മകനെ വിളിച്ചു സംസാരിച്ചശേഷം ആത്മഹത്യയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സുനില്‍ നന്നായി മദ്യപിച്ചിരുന്നു. വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്‌റ്റിക് കയര്‍ മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തിലിടാന്‍ കുരുക്കിട്ടു കൊടുത്തതും സുനിലാണ്.
യുവതിക്കു കയറിനില്‍ക്കാന്‍ പാകത്തിന് കട്ടില്‍ ചരിച്ചിട്ടു കൊടുക്കുകയും ചെയ്‌തു. ആദ്യം സൗമ്യ തൂങ്ങും. അതിനുശേഷമേ സുനില്‍ തൂങ്ങാവൂ എന്നു പരസ്‌പര ധാരണയുണ്ടായിരുന്നു. സുനില്‍ തൂങ്ങിമരിക്കാനായി ഒരു കഷണം കയര്‍ മുറിച്ച് മുറിയില്‍ കുരുക്കുണ്ടാക്കിയിട്ടുമുണ്ടായിരുന്നു.
സൗമ്യ തൂങ്ങിമരിച്ചെങ്കിലും സുനില്‍ അതിനു തയാറായില്ല. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ സുനില്‍ പിറ്റേന്നു രാവിലെ സൗമ്യ തൂങ്ങിമരിച്ചതായാണു കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ സംഭവിച്ച കാര്യങ്ങളെല്ലാം സുനില്‍ പോലീസിനോടു പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്‌ടര്‍ ആര്‍. റോജ്, എസ്.ഐ. രതീഷ് കുമാര്‍, എസ്.സി.പി.ഒ: പി.കെ. ലാല്‍, സി.പി.ഒ. അനു കൃഷ്‌ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്