ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ 22 വർഷം കഠിനതടവിനും 1,10,000 രൂപ പിഴശിക്ഷയും വിധിച്ചു.
കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിങ്ങണ്ടൂർ പൂന്തൂട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമിയെ ( സന്തോഷ് കേശവൻ, 34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്‌ജി എസ്. ലിഷ ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്‌പദമായ സംഭവം. ഭർത്താവിന്റെ മദ്യപാനം നിറുത്താൻ പ്രതി യുവതിയോട് ചില പൂജകള്‍ നിർദ്ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള അമ്ബലത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തി തുടർന്ന് തന്റെ വീട്ടിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പീഡനവിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയും ഇയാള്‍ പീഡനത്തിന് ഇരയാക്കി, പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂർ മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയും പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസില്‍ 18 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതിനും കേസ് നിലവിലുണ്ട്. കെ.എസ്. ബിനോയ് ആയിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ.