HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

പ്രഭാത വാർത്തകൾ

Published-12/APRIL/24-വെള്ളി-മീനം-30

◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

◾ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ മാസം 8500 വീതം വര്‍ഷം ഒരു ലക്ഷം രൂപ നല്‍കി ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

◾ സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ തുടങ്ങാന്‍ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

◾ ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യം അപകടത്തില്‍ ആണെങ്കില്‍ ജനങ്ങള്‍ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്. ജനങ്ങള്‍ക്കെതിരെയാണ് ബിജെപി ഗവണ്‍മെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബര്‍ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇവിടെകേരളം നമ്പര്‍ വണ്‍ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

◾ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടി കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല. ഇവരില്‍ നിന്ന് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ കേസ് അന്വേഷണം മറ്റുള്ളവരിലേക്ക് കൂടി നീളുകയുള്ളൂ.

◾ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.  എന്‍ഡിഎ സ്ഥാനാര്‍ത്ഥി  വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാര്‍ട്ടിയുടെ പേരോ പരാമര്‍ശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനപൂര്‍വ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂര്‍ അയച്ച മറുപടിയില്‍ പറയുന്നത്.

◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 4.49 ലക്ഷം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.

◾ പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍. താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനില്‍ ഇടത് സ്ഥാനാര്‍ഥി അഡ്വ. സി.എ. അരുണ്‍കുമാര്‍ എന്നതിനുപകരം, അഡ്വ. അരുണ്‍കുമാര്‍ സി എ എന്നാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ ആവശ്യപ്പെട്ട രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാല്‍ ബാലറ്റ് യൂണിറ്റില്‍ പേര് തിരുത്തി നല്‍കണം എന്നുമാണ് എല്‍ഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി.

◾ കോഴ വിവാദത്തില്‍ ഇനി പ്രതികരണത്തിനില്ലെന്നും ഇനി വികസന കാര്യങ്ങള്‍ മാത്രമെ സംസാരിക്കൂവെന്നും  പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.  എന്നാല്‍ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാന്‍ അനില്‍ ആന്റണിക്കും ആന്റോ ആന്റണിക്കും ബാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ പ്രതികരണം.

◾ പാനൂര്‍ സ്ഫോടന കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക്  ബന്ധമുണ്ടെങ്കില്‍  നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് . പ്രതികളോ പ്രതികളെ സഹായിച്ചവരോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വസീഫ് വ്യക്തമാക്കി.

◾ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനായിരുന്ന കായംകുളത്തെ സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ആലോചിച്ചെന്ന് സി.പി.എം. നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ബിപിന്‍ സി. ബാബുവിന്റെ വെളിപ്പെടുത്തല്‍.  സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. നിരപരാധിയായ തന്നെ കേസില്‍ പ്രതിയാക്കിയെന്നും 19-ാം വയസ്സില്‍ 65 ദിവസം ജയില്‍വാസം അനുഭവിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്ന കത്തില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

◾ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നത്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട. അത് ഒരിക്കലും നടക്കാന്‍ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

റിയാസ് മൗലവി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. 7 വര്‍ഷം ജാമ്യം ലഭിക്കാതെ മൂന്ന് പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കി. മൂന്നു പ്രതികളോടും പാസ്പോര്‍ട്ട് കെട്ടിവയ്ക്കാനും, കോടതിയുടെ പരിധിവിട്ട് പുറത്തേക്ക് പോകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ചട്ടലംഘനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും കമ്മീഷന്‍ നടപടിയെടുത്തതാണെന്നും, തെളിവുകള്‍ നല്‍കിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണെന്നും സ്വരാജ് പറഞ്ഞു. തെറ്റായ സന്ദേശം നല്‍കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഈദ് ഗാഹില്‍ നടത്തിയ പ്രസംഗത്തില്‍ കേരള സ്റ്റോറി സിനിമക്ക് എതിരെ മത പണ്ഡിതര്‍ മോശമായി പ്രസംഗിച്ചുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും മത ചടങ്ങുകളില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റായ നടപടിയാണെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി സിനിമയെ വര്‍ഗീയ വത്കരിച്ച് മുസ്ലിം വികാരം ഉണര്‍ത്താന്‍ പറ്റുമോ എന്ന് നോക്കുകയാണെന്നും കുറ്റപ്പെടുത്തി.

◾ പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎമ്മിന്റെ നിലപാട്. ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിന്‍ ലാലുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

◾ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പി.കെ. ബിജുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  എട്ടരമണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്നീ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി നീക്കം. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി എന്ന് പി കെ ബിജു പറഞ്ഞു.

◾ സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോണിനായി കിഫ്ബിയില്‍നിന്ന് കടമെടുത്ത 1059 കോടി രൂപയിലേക്ക് ഒക്ടോബര്‍ മുതല്‍ 100 കോടി രൂപവീതം തിരച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി 13 വര്‍ഷവും ഇത്രയും തുക തിരിച്ചടയ്ക്കണം. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 30,000 ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രമാണ് കെ-ഫോണിന് നല്‍കാനായത്. അതില്‍ തന്നെ അയ്യായിരം എണ്ണം ബി.പി.എല്‍ കണക്ഷനാണ്.

◾ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം എന്നും എഴുതിയിട്ടുണ്ട്. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ തിരഞ്ഞെടുപ്പ് ബോണ്ട് ഉള്‍പ്പെടെയുള്ള വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുക.

◾ ഡല്‍ഹി മദ്യ നയ കേസില്‍ തെലങ്കാനയിലെ ബിആര്‍എസ് നേതാവായ കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത  പ്രതികരിച്ചു.

◾ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഫലമായി തീവ്രവാദികളെ അവരുടെ മടയില്‍ കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

◾ ചൈനയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയുടെ പരാമാധികാരം ചൈന നിരന്തരം ലംഘിച്ചുകൊണ്ടിരിക്കെ, അമേരിക്കന്‍ മാസികയായ ന്യൂസ് വീക്കിനു നല്‍കിയ അഭിമുഖത്തില്‍ ഭീരുത്വത്തിന്റെ എല്ലാ പരിധിയും മോദി മറികടന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുംം ഇ.ഡി നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

◾ ചേര്‍ച്ചയില്ലാത്ത സ്പെയര്‍പാര്‍ട്സ് കൊണ്ടുള്ള ഓട്ടോറിക്ഷ പോലെയാണ് മഹാരാഷ്രയിലെ മഹാവികാസ് അഘാടി സഖ്യമെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കപട ശിവസേനയും ശരത് പവാറിന്റെ കപട എന്‍സിപിയും അവശേഷിക്കുന്ന കോണ്‍ഗ്രസുമാണ് ഈ ഓട്ടോറിക്ഷയിലുള്ളതെന്നും ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് ദിശയോ ഭാവിയോ ഇല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം മുങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

◾ 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ വ്യവസായിയും വാന്‍ തിന്‍ ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുമായ ട്രൂങ് മേ ലാന്‍ എന്ന വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി.

◾ ഇന്ത്യയുള്‍പ്പെടെയുള്ള 91 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പെഗാസസ് ഉള്‍പ്പെടെയുള്ള ചാര സോഫ്‌റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്നാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്.

◾ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യസിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. 61 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിയുടേയും 50 റണ്‍സെടുത്ത രജത് പടീദാറിന്റേയും 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റേയും കരുത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യസ് വെറും 15.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 69 റണ്‍സെടുത്ത ഇഷാന്‍ കിഷനും 19 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാന്‍ റോയല്‍സിനെ 196 ല്‍ ഒതുക്കിയത്.

◾ ആഗോള എയര്‍ലൈന്‍ കമ്പനികളില്‍ വിപണിമൂല്യത്തില്‍ മൂന്നാമതെത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഏപ്രില്‍ 10ന് ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് വിപണി മൂല്യവും കുതിച്ചുയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസം മുന്നേറ്റം കാഴ്ചവച്ചതോടെ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില 3,801 രൂപയിലെത്തി. അതുവഴി കമ്പനിയുടെ വിപണി മൂല്യം 1.46 ലക്ഷം കോടി രൂപയായി. 2023ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ എയര്‍ലൈന്‍ കമ്പനിയായി മാറിയിരുന്നു ഇന്‍ഡിഗോ. നിലവില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍, അയര്‍ലന്‍ഡിലെ റൈനെയര്‍ ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ടോപ് കമ്പനികള്‍. ഇവയുടെ മൂല്യം 30.4 ബില്യണ്‍ ഡോളര്‍, 26.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ്. പത്ത് എ320 നിയോ വിമാനങ്ങള്‍ വാങ്ങാന്‍ മാര്‍ച്ച് 15ന് ഓര്‍ഡര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായത്. ജൂണില്‍ 500 എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ഓര്‍ഡര്‍ എയര്‍ബസിന് നല്‍കിയതും കമ്പനിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തോടെ ശേഷിയിലും വരുമാനത്തിലും ഇരട്ടയക്ക വളര്‍ച്ച നേടാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി നിക്ഷേപകര്‍ക്ക് 101.98 ശതമാനത്തോളം നേട്ടം സമ്മാനിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലത്ത് 130 ശതമാനവും അഞ്ച് വര്‍ഷക്കാലത്ത് 170 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.

◾ ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന പ്രണയകഥ സംവിധാനം ചെയ്യുന്ന പ്രശാന്ത് വിജയകുമാര്‍ ആണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മെയ് ആദ്യവാരത്തോടെ കോഴിക്കോട് വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം നടക്കുക. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കാര്‍ത്തിക് മുത്തുകുമാര്‍ ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. നന്ദു ആണ് സംഗീതം.

◾ വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ റിലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് നടന്‍ വിജയ് എക്‌സില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കവച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ശേഷം ഒരു സിനിമ കൂടി ചെയ്ത് വിജയ് അഭിനയം അവസാനിപ്പിക്കും. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെയും ഗ്രാന്റ് വിറ്റാര സിഗ്മയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ വില 25000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഗ്രാന്റ് വിറ്റാര സിഗ്മയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയില്‍ 19000 രൂപയുടെ വര്‍ധന വരുത്തിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ എല്ലാം മോഡല്‍ കാറുകളുടെയും വില മാരുതി വര്‍ധിപ്പിച്ചിരുന്നു. 0.45 ശതമാനം വര്‍ധനയാണ് വരുത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ചെലവ് വര്‍ധിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് അന്ന് മാരുതി സുസുക്കി വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുടെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതമായെന്നുമാണ് കമ്പനിയുടെ വിശദീകരണം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2,135,323 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കയറ്റുമതി ചെയ്ത കാറുകളുടെ അടക്കം കണക്കാണിത്.

◾ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെയാണ് പുരുഷാര്‍ത്ഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധര്‍മ്മത്തിനും മോക്ഷത്തിനുമിടയില്‍ ജീവിതത്തെ സാദ്ധ്യമാക്കുന്ന അര്‍ത്ഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാര്‍ശനികരായ മഹാചാര്യന്മാര്‍ ഈ ലോകത്തിനുമുമ്പില്‍ സമര്‍പ്പിച്ച ജീവിതതത്ത്വശാസ്ത്രമാണിത്. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍, ഷഡ്ദര്‍ശനങ്ങള്‍, സ്മൃതികള്‍ തുടങ്ങിയവയുടെ വെളിച്ചത്തില്‍ മനുഷ്യജീവിതത്തിന്റെ മഹനീയതത്ത്വശാസ്ത്രം ആദ്യമായി മലയാളത്തില്‍. ‘പുരുഷാര്‍ത്ഥങ്ങള്‍’. ടി.കെ.ഡി മുഴപ്പിലങ്ങാട്. ഡിസി ബുക്സ്. വില 414 രൂപ.

◾ അതിതീവ്ര ചൂട് കാരണം പലവിധത്തിവുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് അതില്‍ പ്രധാനം. ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ധിപ്പിക്കേണ്ടതിനും വേനല്‍ക്കാലത്ത് നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടി വരും. ഇത് ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഉഷ്ണ തരംഗം നേരിട്ട് അപകടമുണ്ടാക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. വെള്ളം നന്നായി കുടിക്കുന്നത് ചൂടുകാലാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കും. അമിത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. അതിതീവ്ര ചൂടിനെ ചെറുക്കുന്നതിന് ശരീരം ‘തെര്‍മോറെഗുലേഷന്‍ മെക്കാനിസം’ ഉപയോഗപ്പെടുത്തും. ശരീരം തണുപ്പിക്കുന്നതിന്, വിയര്‍പ്പ് വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ആരോഗ്യമുള്ള ഹൃദയമുള്ളവര്‍ക്ക് ഈ സമ്മര്‍ദ്ദം സഹിക്കാമെങ്കിലും, ഹൃദ്രോഗികള്‍ക്ക് ഈ അവസ്ഥ ഉയര്‍ന്ന അപകടസാധ്യതയുണ്ടാക്കും. ഉയര്‍ന്ന താപനില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. വേനല്‍ക്കാലത്ത് ഡൈയൂററ്റിക്സ് പോലുള്ള ചില മരുന്നുകള്‍ കഴിക്കുന്ന രോഗികളില്‍ ക്ഷീണവും നിര്‍ജ്ജലീകരണവും അനുഭവപ്പെടാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേനല്‍ക്കാലത്ത് ഈ മരുന്നുകളുടെ അളവു ക്രമീകരിക്കുന്നത് നല്ലതാണ്. അതിതീവ്ര ചൂടില്‍ കഠിനമായ വ്യായാമമോ ശാരീരിക പ്രവര്‍ത്തനമോ ചെയ്യുന്നത് ഒഴിവാക്കാം. അതിതീവ്ര ചൂട് സമയത്ത് പുറത്തിറങ്ങുന്നത് ഹൃദ്രോഗികളില്‍ തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകും. കഠിനമായ വിയര്‍പ്പ്, ബലഹീനത, തണുത്തതും ഇറുകിയതുമായ ചര്‍മ്മം, ബോധക്ഷയം, ഛര്‍ദ്ദി എന്നിവ ഉഷ്ണ തരംഗത്തിനിടയിലുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts