HomePoliticsബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍; വയനാട് എംപിയായാല്‍ ആദ്യ പരിഗണന പേര് മാറ്റത്തിനെന്ന് സുരേന്ദ്രന്‍

ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍; വയനാട് എംപിയായാല്‍ ആദ്യ പരിഗണന പേര് മാറ്റത്തിനെന്ന് സുരേന്ദ്രന്‍

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്ബൻ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും, വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. പ്രമുഖ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം.

വയനാട് വിദേശ ശക്തികളുടെ അധിനിവേശം തടഞ്ഞുകൊണ്ട് ചരിത്രം സൃഷ്‌ടിച്ച മണ്ണാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രൻ തുടങ്ങിയത്. മുൻപ് പ്രമോദ് മഹാജൻ ജി ഇവിടേക്ക് വന്നപ്പോള്‍ ഇത് സുല്‍ത്താൻ ബാറ്ററി അല്ലെന്നും ഗണപതിവട്ടം ആണെന്നും പറഞ്ഞിരുന്നു. ഞാൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തീർച്ചയായും ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ പറഞ്ഞു.

പഴശ്ശി രാജയും അദ്ദേഹത്തിന്റെ അനുയായികളും ഇവിടെ നടത്തിയ ഗറില്ലാ യുദ്ധത്തെ കുറിച്ചും മറ്റും സുരേന്ദ്രൻ സംസാരിക്കുകയുണ്ടായി. ബ്രിട്ടീഷുകാരും ടിപ്പു സുല്‍ത്താനും വയനാടിനെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.

മോദി സർക്കാരിന്റെ സഹായത്തോടെ എനിക്കെന്തും ചെയ്യാൻ കഴിയും. ഇവിടുത്തെ സ്ഥലത്തിന്റെ പേര് ഗണപതി വട്ടം എന്ന് തന്നെയാണ്. ടിപ്പു സുല്‍ത്താൻ മലയാളികള്‍ക്ക് ആരാണെന്നും സുരേന്ദ്രൻ ചോദിച്ചു. ടിപ്പു കേരളത്തിന് എന്ത് സംഭാവനയാണ് നല്‍കിയത്. അദ്ദേഹം മലയാളികളെ ആക്രമിച്ച ആളാണ്. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിയ ആളാണ്. പഴശ്ശിരാജയും അദ്ദേഹത്തിന്റെ പടയാളികളും ടിപ്പുവിനെതിരെ പൊരുതി, വലിയ ചരിത്രമാണ് ഇവിടത്തിനുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അതേസമയം, സിപിഐ സ്ഥാനാർത്ഥി ആനി രാജയെ കുറിച്ചും സുരേന്ദ്രൻ സംസാരിച്ചു. വലിയ നാടകമാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ആനി രാജയുടെ ഭർത്താവ് ഡി രാജ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപിടിച്ചു നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. നമ്മള്‍ എന്തിനാണ് പരസ്‌പരം മത്സരിക്കുന്നതെന്ന് ആനി രാജ തന്നെ രാഹുലിനോട് ചോദിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ആനി രാജയുടെ ഭർത്താവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുവാൻ ശ്രമിക്കുന്ന ആളാണ്. പിന്നെ എങ്ങനെയാണു അദ്ദേഹത്തിന്റെ ഭാര്യ രാഹുലിനെ തോല്‍പ്പിക്കുക എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ഇവിടെ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള മത്സരം പരിഹാസ്യമാണ്. അവരുടേത് വെറും നിഴല്‍ യുദ്ധമാണ്. അതിനൊരു പ്രസക്തിയുമില്ല. യഥാർത്ഥ പോരാട്ടം എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts