പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
പോട്ട പാലസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പാലസ് ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ വെന്റിലേറ്റർ സൗകര്യമുള്ള ആംബലൻസില്‍ തൃശ്ശൂരിലേക്ക് റഫർ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.