പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍.
സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി പ്രതിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. പ്രതിക്കെതിരേ കൂടുതല്‍ കുറ്റങ്ങളും ചുമത്തി.
കൗമാരക്കാരനായ സ്കൂള്‍ വിദ്യാർഥിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് കഴിഞ്ഞ നവംബറിലാണ് യുവതി ആദ്യം അറസ്റ്റിലായത്. 14-കാരിയായ വിദ്യാർഥിനിയെന്ന വ്യാജേനയാണ് യുവതി ആണ്‍കുട്ടിയുമായി ഓണ്‍ലൈൻ വഴി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് 30-ഓളം തവണ വിദ്യാർഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ നിരവധി വിദ്യാർഥികള്‍ക്ക് സ്നാപ്പ്ചാറ്റ് വഴി അശ്ലീലവീഡിയോകള്‍
അയച്ചുനല്‍കിയതിനും പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അലിസയുടെ ലൈംഗികാതിക്രമത്തിന് ഇരയായ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അവർ പരാതിയുമായി മുന്നോട്ടുവരണമെന്ന് ടാംപ പോലീസ് അഭ്യർഥിച്ചിരുന്നു. പ്രായപൂർത്തിയായ ഒരാള്‍ കുട്ടികളെ മുതലെടുത്ത് അവരെ ചൂഷണം ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും യുവതിയുടെ അതിക്രമത്തിനിരയായവർ മുന്നോട്ടുവരണമെന്നുമായിരുന്നു പോലീസിന്റെ അഭ്യർഥന. ഇവർക്കുവേണ്ട എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇത്തരക്കാരില്‍നിന്ന് കൂടുതല്‍ ഉപദ്രവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായും പോലീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നാലുകുട്ടികള്‍ കൂടി യുവതിക്കെതിരേ പരാതി നല്‍കിയത്.
12 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് യുവതിയുടെ അതിക്രമത്തിനിരയായതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിദ്യാർഥിനിയായ 14-കാരിയെന്ന വ്യാജേനയാണ് യുവതി കൗമാരക്കാരുമായി ഓണ്‍ലൈൻ വഴി ബന്ധം സ്ഥാപിച്ചിരുന്നത്. തുടർന്ന് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്നും പോലീസ് പറഞ്ഞു.