യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കുറ്റക്കാരനാണെന്നുള്ള തെളിവുകളുമായി യുവതിയുടെ രക്ഷാകർത്താക്കള്‍ നിയമ നടപടിക്ക്.
കഴിഞ്ഞ ഫെബ്രുവരി പതിനാറിന് സ്വന്തം വീടിന്‍റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഏരൂര്‍ രണ്ടേക്കര്‍മുക്ക് അശ്വതി ഭവനില്‍ അശ്വതി (26)യുടെ മരണത്തിന് കാരണം ഭർത്താവിന്‍റെ അവിഹിത ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വതിയുടെ ഫോണ്‍ രേഖകള്‍ സഹിതം രക്ഷാകർത്താക്കള്‍ ഏരൂർ പൊലീസില്‍ പരാതി നല്‍കിയത്. ഏരൂർ മയിലാടുംകുന്ന് സ്വദേശി സനുവിനെതിരേയാണ് പരാതി.
അശ്വതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഭർത്താവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും മറ്റും ലഭിച്ചത്. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രക്ഷാകർത്താക്കള്‍ മുഖ്യന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഗള്‍ഫിലായിരുന്ന സനുവിന് മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും ഇതില്‍ നിന്നും പിന്മാറണം എന്ന് മകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും സനു തയ്യാറായില്ല എന്നും അശ്വതിയുടെ മാതാപിതാക്കളായ സുധര്‍മ്മന്‍, തുളസീഭായി എന്നിവര്‍ ആരോപിക്കുന്നു. മകള്‍ ഇല്ലാതായതോടെ മകളുടെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുത്ത് മറ്റൊരുവിവാഹം കഴിക്കുകയായിരുന്നു സനുവിന്‍റെ ലക്ഷ്യമെന്നും ഇതിന് അയാളുടെ അമ്മയും സഹോദരനും ഒത്താശ ചെയ്തിരുന്നുവെന്നും ആരോപിക്കുന്നു. ഭര്‍ത്താവുമായി വീഡിയോ േകാളില്‍ സംസാരിച്ചു നില്‍ക്കവേയാണ് അശ്വതി കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിക്കുന്നതത്രേ.
ഇത് കണ്ടിട്ടും തടയുന്നതിനോ പിന്മാറ്റുന്നതിനോ ശ്രമിക്കുകയോ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിക്കുന്നതിനോ ശ്രമിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.