പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രണ്ടിനെക്കൂടെയാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.
തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാര്‍തന്നെയാണ്. അതിനാല്‍ തന്നെ നമ്മുടെ പെണ്‍കുഞ്ഞുങ്ങളോട് അമ്മമാർ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. ഈ യാത്രയില്‍ മകളോട് ചില കാര്യങ്ങള്‍ അമ്മമാര്‍ തുറന്നു പറയുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം.
➡️ ചതിക്കുഴിയില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
ചുറ്റും പതിയിരിക്കുന്ന കെണികളെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവതികളാക്കാൻ ഏറ്റവും ഉചിതമായ വ്യക്തി അമ്മതന്നെയാണ്. ഒരു വയസ്സുള്ള കുഞ്ഞിനെവരെ ശാരീരികമായി ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്ന പുതിയ പശ്ചാത്തലത്തില്‍ കുട്ടിയുടെ ഏത് പ്രായത്തിലും അമ്മയുടെ സജീവ ശ്രദ്ധ ഉണ്ടായേ മതിയാകൂ. ഇൻറർനെറ്റ് – മൊബൈല്‍ ഫോണ്‍ കരുക്കുകളില്‍ വീഴുന്നതും ബാല്യ – കൗമാരത്തില്‍പ്പെടുന്ന കുട്ടികളാണ്. ഇൻറർനെറ്റിന്റെ സാധ്യതകളെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും അമ്മ ജാഗ്രത കാട്ടേണ്ടതുണ്ട്.
➡️ നീ സുന്ദരിയാണ് എന്ന ബോധ്യം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കണം
ഓരോ അമ്മമാരും തന്റെ മകളോട് പറയേണ്ട ആദ്യത്തെ കാര്യമാണിത്. അതേ നീ സുന്ദരി തന്നെയാണ്. സൗന്ദര്യമെന്നാല്‍ അത് ബാഹ്യമായത് മാത്രമല്ലെന്നും അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവൃത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കുക. അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം പെണ്‍കുട്ടികളും. എന്നാല്‍ പെണ്‍കുട്ടിയായി ജനിച്ചാല്‍ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം നിങ്ങളുടെയെല്ലാം സ്വന്തം പെണ്‍മക്കള്‍. പെണ്‍കുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കാൻ അവർക്ക് കഴിയണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെണ്‍കുട്ടിയായിരിക്കുന്നതില്‍ ഞാൻ അഭിമാനിക്കുന്നുവെന്ന്.
➡️ സത്യസന്ധയായിരിക്കാൻ പെണ്‍മക്കളെ പഠിപ്പിക്കണം
ജീവിതം എങ്ങനെയൊക്കെയാണെങ്കിലും തന്നോടും മറ്റുള്ളവരോടും എപ്പോഴും സത്യസന്ധയായിരിക്കാൻ ഓരോ പെണ്‍കുട്ടിയും പരിശീലിക്കേണ്ടതുണ്ട്, ഒപ്പം പ്രായോഗിക ബുദ്ധി ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കണം. പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുത്താല്‍ ജീവിതത്തിലെ അബദ്ധങ്ങളില്‍ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമുള്ള കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കാതെ സാവധാനം ആലോചിച്ച് പ്രായോഗികമായ തീരുമാനങ്ങളെടുക്കുക. വേണമെങ്കില്‍ മാത്രം മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ദൈവം നല്‍കിയ ബുദ്ധിയുപയോഗിച്ച് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കുക.
➡️ നോ പറയേണ്ടിടത്ത് പറയുക
മറ്റുള്ളവരെ വിഷമിപ്പിക്കാനുള്ള മടി മൂലം പെണ്‍കുട്ടികള്‍ പൊതുവെ പല കാര്യങ്ങളും എതിര്‍ത്ത് പറയാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണമെന്ന് പറയാം. ഈ ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാം എന്ന് കരുതരുത്. അത് ശുദ്ധമണ്ടത്തരമാണ്. നിനക്ക് ശരി എന്നു പൂർണബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുക. മോശം എന്നു നിനക്കു തോന്നുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവർ നിർബന്ധിച്ചാല്‍ അവരോട് പറ്റില്ല എന്നു പറയാൻ ശ്രദ്ധിക്കുക. ശക്തമായും എന്നാല്‍ മാന്യമായും നോ പറയാൻ ശീലിക്കുക. കാരണം ധാർഷട്യത്തോടെയുള്ള പ്രതികരണം നിനക്ക് ശത്രുക്കളെ സൃഷ്ടിക്കും.
➡️ വായനയും ആത്മവിശ്വാസവും അത്യാവശ്യം
അവര്‍ക്കിഷ്ടമുള്ള നോവലോ കഥകളോ മാത്രമല്ല, അറിവ് തരുന്നതെന്തും വായിക്കാന്‍ അവരോട് പറയാം. കാരണം വായന ആരെയും തളര്‍ത്തില്ല, വളര്‍ത്തുക മാത്രമേ ചെയ്യൂ. അതുപോലെതന്നെ നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാന്‍ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയരുത്. അവളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നതാവട്ടെ
➡️ കരുണയുള്ളവളാകാം
അതേ നമ്മുടെ ഒരു ചെറിയ നല്ല പ്രവൃത്തി ചിലപ്പോള്‍ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ജീവിതത്തില്‍ നിരവധിയവസരങ്ങളില്‍ സന്ധി ചെയ്യേണ്ടി വരാം. ചിലപ്പോള്‍ ത്യാഗം ചെയ്യേണ്ടി വരാം. പക്ഷെ അതൊക്കെ അർഹിക്കുന്നവർക്കുവേണ്ടി മാത്രം ചെയ്യുക. നിന്നിലെ പെണ്ണിനെ ബഹുമാനിക്കാത്തവർക്കുവേണ്ടി ജീവിതം പാഴാക്കാതിരിക്കുക. അസ്തിത്വത്തേക്കാള്‍ വലുതല്ല ഒന്നും എന്ന് തിരിച്ചറിയുക. മറ്റുള്ളവർക്ക് ഭാരമാകുമെന്ന തോന്നല്‍ ഉണ്ടാവാതെ മനസിനെ എന്നും സന്തോഷത്തോടെ നിലനിർത്തുക.
➡️ കരയാന്‍ അനുവദിക്കുക
കരച്ചില്‍ തടഞ്ഞു നിര്‍ത്തേണ്ട സങ്കടങ്ങളും പ്രശ്‌നങ്ങളും അവളെ കരയിച്ചേക്കാം, എന്നാല്‍ അവളെ കരയാന്‍ അനുവദിക്കുക. കാരണം അത്തരം വികാരങ്ങള്‍ പ്രകടിപ്പിച്ച് തീര്‍ക്കുക തന്നെ വേണം. അല്ലെങ്കില്‍ ഒരിക്കലും തീരാത്ത ഒരു മുറിവായി ചിലപ്പോള്‍ അത് മാറിയേക്കാം.
➡️ കാര്യങ്ങള്‍ മാറിമറിയാം
ജീവിതം ഓരോ നിമിഷവും മാറിമറിയാം. കൂട്ടുകാരില്‍ നിന്നും ചിലപ്പോള്‍ അകലാം, സാഹചര്യങ്ങള്‍ മാറാം, വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കാം, പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരാം, അതാണ് ജീവിതം എന്നവളെ പറഞ്ഞ് പഠിപ്പിക്കാം. ചെറിയകാര്യങ്ങളില്‍പ്പോലും സന്തോഷം കണ്ടെത്താനും അതുവഴി ജീവിതം ഏറ്റവും ശ്രേഷ്ഠവും അർഥപൂർണ്ണവും ആക്കുവാനും നമുക്കവരെ പടിപ്പിച്ചുകൊടുക്കാം.
➡️ നന്ദി എന്താണെന്നറിയാം
അവള്‍ക്ക് നല്ലൊരു ഉടുപ്പ് വാങ്ങാന്‍ നിങ്ങള്‍ എത്ര കഷ്ടപ്പെട്ടുവെന്ന് അവള്‍ അറിഞ്ഞിരിക്കണം. കാരണം ഏതൊരു വസ്തുവിന്റേയും മൂല്യം അവള്‍ അറിഞ്ഞ്, ലഭിക്കുന്ന ഓരോ നന്മയ്ക്കും നന്ദിയുള്ളവളായി അവള്‍ വളരട്ടെ.
➡️ പ്രണയിക്കാം, അവനവനെത്തന്നെ സ്വയം സ്നേഹിക്കുക
തന്നോടുതന്നെ സ്നേഹമില്ലാത്ത ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. അതുകൊണ്ട് സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനും സ്വന്തം കഴിവുകളെ ഉപയോഗിക്കുവാനും പരിപോഷിപ്പിക്കുവാനും അങ്ങനെ മനസിനു സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കുക. മനസിനോട് നിരന്തരം സംസാരിക്കുക. മനസില്‍ പൊസിറ്റീവ് എനർജി നിറച്ച് സ്വയം പ്രകാശിക്കുക.
➡️ ഞങ്ങളുണ്ട് എന്തിനും കൂടെ
പ്രിയപ്പെട്ട മകളേ, അവസാനമായി പറയാൻ ഒന്നേയുള്ളൂ. നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും നിനക്ക് എന്നോടോ അച്ഛനോടോ തുറന്നു പറയാം. അതൊരു മോശം കാര്യമാവാം, നല്ലകാര്യമാകാം. എന്തു പ്രശ്നമായാലും നമുക്കത് ഒരുമിച്ചു നേരിടാം. ഞങ്ങളുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ഭാഗമാണ് നീ. ജീവിതത്തില്‍ വിജയവും പരാജയവും ഉണ്ടായേക്കാം. അതിനെയൊക്കെ തന്റേടത്തോടെ നേരിട്ട് സ്വന്തം കാലില്‍ നില്‍ക്കാൻ പഠിക്കുക. ഞങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിന്റെ കൂടെ ഉണ്ടാകും.
ഇങ്ങനെ ഓരോ പെണ്‍മക്കള്‍ക്കും അമ്മമാർ നല്ല ഉപദേശം പകർന്നു നല്‍കുക. അത്തരത്തില്‍ പെണ്‍മക്കളുടെ ഒരു ബെസ്റ്റ് ഫ്രണ്ട് ആകാൻഎല്ലാ അമ്മമാർക്കും കഴിയട്ടെ. അതുവഴി ഒരു നല്ല അമ്മയാകാനും.