മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും കാണാവുകയും പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ചിത്രം കണ്ട ഹരകേല നിവാസികള്‍ കുഞ്ഞുമായി ഒരു സ്ത്രീ ഹരകേല പാലത്തിന് മുകളിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് പൊലീസിനെ അറിയിച്ചു
തുടർന്ന് നദിയില്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെ ഹരകേല പാലത്തിന് സമീപം ഇരുവരുടെയും ജഡങ്ങള്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. കുഞ്ഞുമായി ചൈത്ര നദിയില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.