ദമ്ബതിമാരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി അറസ്റ്റില്‍.
എറണാകുളം തൃക്കാക്കര ചേലൂർ സ്വദേശിനിയും തിരുവനന്തപുരം കരമനയില്‍ താമസിക്കുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ നിധി കുര്യൻ (38) ആണ് അറസ്റ്റിലായത്. പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാം എന്ന് പറഞ്ഞ് വാകത്താനം നാലുന്നക്കല്‍ സ്വദേശികളായ ദമ്ബതിമാരില്‍ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
22 ലക്ഷം രൂപ പ്രതിയായ നിധി കുര്യന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന നിധിയെ എറണാകുളത്തുനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
2019ലാണ് പണമിടപാട് നടന്നത്. മോൻസന്റെ നിർദേശപ്രകാരമാണ് നിധിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഈ കേസില്‍ മറ്റ് പ്രതികളും ഉള്ളതായി പോലീസ് പറയുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്.
നേരത്തെ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നിധിയെ ചോദ്യം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഇവർക്ക് സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുമുണ്ട്. വാകത്താനം സ്റ്റേഷൻ എസ്‌എച്ച്‌ഒ ഫൈസല്‍ എ, എസ്‌ഐ സുനില്‍ കെ എസ്, സി പി ഒമാരായ ജോഷി ജോസഫ്, ചിക്കു റ്റി രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.