HomeKeralaVideo; പിഎസ്‌സി റാങ്കുപട്ടികയില്‍ ഒന്നാമത് എത്തി; എന്നിട്ടും നീനുവിന് ജോലി ഇല്ല; നീനുവിന് പറയാനുള്ളത്ത്; വീഡിയോ...

Video; പിഎസ്‌സി റാങ്കുപട്ടികയില്‍ ഒന്നാമത് എത്തി; എന്നിട്ടും നീനുവിന് ജോലി ഇല്ല; നീനുവിന് പറയാനുള്ളത്ത്; വീഡിയോ കാണാം 

ഭാവി സുരക്ഷിതമാക്കാൻ മികച്ചൊരു സർക്കാർ ജോലി, ഏതൊരാളെയും പോലെ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി നീനുവിന്റെ സ്വപ്നവും മറ്റൊന്നായിരുന്നില്ല.

അതിനായി ഉറക്കമുളച്ചിരുന്നുള്ള പഠനങ്ങളും കഷ്ടപ്പാടുകളും ഒന്നാം റാങ്കിലൂടെ ഫലം കണ്ടെങ്കിലും സർക്കാർ ജോലിയെന്ന സ്വപ്നം ഏറെക്കുറെ അസ്തമിച്ച പോലെയാണ് നീനുവിന്റെ ഇപ്പോഴത്തെ അവസ്ഥ.

‘അച്ഛൻ കൂലിപ്പണിയെടുത്തും അമ്മ പലയിടങ്ങളില്‍ വീട്ടുജോലി ചെയ്തുമാണ് ഞങ്ങള്‍ മൂന്ന് മക്കളെ വളർത്തിയത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയപ്പോള്‍ പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കാനാകുമെന്നും മാതാപിതാക്കള്‍ക്കും മകള്‍ക്കും തണലാകാമെന്നും കരുതി. ആ പ്രതീക്ഷയെല്ലാം ഇപ്പോള്‍ അസ്തമിച്ച പോലെയാണ്’- കേരള പിഎസ്‌സിയുടെ അസിസ്റ്റൻറ് പ്രഫസർ ഇൻ കൊമേഴ്സ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി നീനു പറയുന്നു.

പിജി ക്ലാസുകളിലെ അധ്യാപനത്തിനുള്ള വെയ്റ്റേജ് ഒഴിവാക്കുകയും അധിക തസ്തികയ്ക്ക് 16 മണിക്കൂർ അധ്യാപനസമയം നിർബന്ധമാക്കുകയും ചെയ്ത 2020ലെ യുജിസി ഉത്തരവിനെത്തുടർന്ന് അനിശ്ചിതത്വത്തിലാണ് നീനു ഉള്‍പ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠിച്ച്‌ പിഎസ്‌സി ലിസ്റ്റില്‍ മികച്ച റാങ്കിലെത്തിയാല്‍ സുരക്ഷിതമായൊരു സർക്കാർ ജോലി നേടാമല്ലോയെന്ന ആത്മവിശ്വാസമായിരുന്നു 2019ല്‍ പരീക്ഷയുടെ വിജ്ഞാപനം വരുമ്ബോള്‍ നീനുവിന്റെ മനസില്‍. അന്നുമുതല്‍ ഉറക്കമിളച്ചിരുന്നു പഠിച്ചു. ഫലം വന്നപ്പോള്‍ റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനത്തുതന്നെ എത്തി. 2023 സെപ്റ്റംബർ 19ന് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതോടെ ഉടൻ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച്‌ കാത്തിരുന്നെങ്കിലും ആറുമാസമായിട്ടും ഈ ലിസ്റ്റില്‍നിന്ന് ഒരാള്‍ക്കുപോലും നിയമനം ലഭിച്ചില്ല. യുജിസി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമതീരുമാനമായിട്ടേ പുതിയ റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്തൂവെന്നാണ് കാരണം അന്വേഷിച്ചു ചെന്നപ്പോള്‍ പിഎസ്‌സി അധികൃതർ പറഞ്ഞത്.

മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടില്‍ ഗോവിന്ദന്റെ മകളായ നീനുവിന്റെ ഏറെനാളത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് യുജിസിയുടെ ഒറ്റ ഉത്തരവിന്റെ പേരില്‍ തുലാസില്‍ നില്‍ക്കുന്നത്. ‘മൂന്ന് പെണ്‍കുട്ടികളാണ് ഞങ്ങള്‍. ഡിഗ്രി അവസാനവർഷം പഠിക്കുമ്ബോള്‍ വിവാഹം കഴിഞ്ഞെങ്കിലും പഠനവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ വിവാഹമോചനത്തിലെത്തി. എനിക്ക് ഏഴു വയസുള്ള ഒരു മകളുണ്ട്. ഇപ്പോള്‍ കോഴിക്കോട് ഫറൂഖ് കോളജില്‍ കൊമേഴ്സില്‍ പിഎച്ച്‌ഡി ചെയ്യുകയാണ്. ജെആർഎഫ് നേടിയതുകൊണ്ട് കിട്ടുന്ന സ്റ്റൈപൻഡ് മാത്രമാണ് ഏക വരുമാനം.’-നീനു പറയുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രി, സിപിഎം പാർട്ടി സെക്രട്ടറി, ധനമന്ത്രി തുടങ്ങിയവരെ കണ്ടിട്ടും എല്ലാവർക്കും ഒരേ മറുപടി തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറയാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ല. പി.ജി. ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യാപനം ഒന്നരമണിക്കൂറായി കണക്കാക്കണമെന്ന വെയ്റ്റേജ് ഒഴിവാക്കി, ജോലിസമയം 16 മണിക്കൂർ കടക്കാത്ത അധ്യാപകരെ സർക്കാർ എക്‌സസ് ആയി കരുതിക്കൊണ്ട് അസിസ്റ്റൻറ് പ്രഫസർ തസ്തികയ്ക്ക് 16 മണിക്കൂർ വേണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

വിവരണാത്മക (ഡിസ്ക്രിപ്റ്റിവ്) പരീക്ഷയാണെഴുതിയത്. പരീക്ഷയും ഡബിള്‍ വാല്യുവേഷനും അഭിമുഖവും കഴിഞ്ഞ ശേഷം അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങളറിയുന്നത്. ഉത്തരവില്‍ വ്യക്തത വരുത്തി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍ സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നീനു. 2019ല്‍ വിജ്ഞാപനം വന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2020ലെ ഉത്തരവുപ്രകാരം മരവിപ്പിച്ചു നിർത്തുന്നത് ഇതൊന്നുമറിയാതെ കഠിനാധ്വാനം ചെയ്തു പഠിച്ച്‌ പട്ടികയില്‍ ഇടംനേടിയ ഉദ്യോഗാർഥികളോട് ചെയ്യുന്ന അനീതിയാണെന്ന് നീനു പറയുന്നു. നീനുവിനെപ്പോലെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് ഈ ഉത്തരവില്‍ത്തട്ടി അനിശ്ചിതത്വത്തിലായത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts