കൊല്ലം: കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്താണ് സംഭവം.
വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് (43) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
തടി കയറ്റിവന്ന ലോറി തട്ടി ഇലക്‌ട്രിക് കേബിള്‍ പൊട്ടി താഴെ വീഴുകയായിരുന്നു. ഇതിനിടെ ഭർത്താവിന്റെ വർക്ക് ഷോപ്പിനുമുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചുവീണു. കേബിള്‍ കുരുങ്ങി സ്‌കൂട്ടർ ഉയർന്ന് പൊങ്ങി സന്ധ്യയുടെ ദേഹത്തേയ്ക്ക് വീണു. സംഭവത്തിന് പിന്നാലെ നിർത്താതെ പോയ ലോറിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തി. പിന്നാലെ സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സന്ധ്യയിപ്പോള്‍. അതേസമയം, ആദ്യം ഒരിടത്ത് കേബിള്‍ പൊട്ടിയിട്ടും ലോറി നിർത്തിയില്ലെന്ന് സന്ധ്യയുടെ ഭർത്താവ് ആരോപിച്ചു. സർക്കാർ ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ല. ഭാര്യയുടെ ജീവൻ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതെന്നും ഭർത്താവ് പറഞ്ഞു.